Wednesday, May 21, 2014

മലയാളി ഹോട്ടൽ

കുറച്ചു ദിവസങ്ങൾ മുൻപ് ഞാൻ ഞങ്ങളുടെ "മദ്യ" തിരുവിതാംകൂറിലെ ഒരു മലയാളി ഹോട്ടലിൽ കയറി. (മലയാളി ഹോട്ടൽ = ഉടമസ്ഥൻ വേയ്റ്റർമാർ ഉൾപടെ എല്ലാവരും മലയാളികൾ ) സ്വർണക്കടയിൽ കയറിയ ചെറുപ്പക്കാരിയെ പോലെ എല്ലാ മേശയിലും ഒന്നു പരതി എങ്കിലും എല്ലാ മേശയുടെ മുകളിലും ചുറ്റുപാടും മുൻ സന്ദർശകരുടെ ഓർമ്മക്കുറിപ്പുകൾ‍ കിടക്കുന്നു. ഏതായാലും ഒരു മേശയിൽ ഞാനും ഇരുന്നു. കാഷിയറും രണ്ടു വേയ്റ്റർമാരും ശബ്ദ മലിനീകരണ നിയമങ്ങൾ അനുവദിച്ച 80 ഡെസിബെൽ കടന്നു 800 ഇനും മുകളിൽ പ്രവർത്തിപ്പിച്ചിരിക്കുന്ന ടി വി യിലേക്ക് നോക്കി എല്ലാം മറന്നു തൊണ്ടയിൽ എല്ലു പോയ കൊക്കിനെ പോലെ മുകളിലേക്ക് നോക്കി നിൽകുന്നു. മൂന്നു നാല് വേയ്റ്റർമാർ അടുക്കള ഭാഗത്ത്‌ സൊറ പറഞ്ഞു നിൽകുന്നു. ല്ലാവരുടെയും മുഖത്ത് ബുദ്ധ ഭഗവാന്റെ മുഖത്തെതിനേക്കാൾ ശാന്തത. ഇവരുടെ തൊഴിൽ സമയത്തെ പിരിമുറുക്കം ഇല്ലായ്മ ജപ്പാൻകാര് കണ്ടു പഠിക്കണം എങ്ങിനെ ഒരു വേയ്റ്ററുമായി ആശയ വിനിമയ ബന്ധം സ്ഥാപിക്കാം എന്നായി എന്റെ ആശങ്ക. അപ്പോഴാണ്‌ ടി വി ശബ്ദത്തിന്റെ ഇടയിലൂടെ ഞാൻ കേട്ട ശബ്ദ ഭാഷ.
ശൂ .. ഷൂ ....ശൂ.
ഇതേ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന പലരെയും അവിടെ കാണുവാൻ കഴിഞ്ഞു. ഇത് എനിക്ക് നല്ല പരിചയം ഉള്ള ഭാഷ. പക്ഷെ ഞങ്ങളുടെ നാട്ടിൻപുറത്ത് ഇതിന്റെ അർത്ഥം വേയ്റ്റർ...വേയ്റ്റർ എന്നല്ല. പെടുക്കൂ പെടുക്കൂ എന്നാണ്. ഇവിടെ അമ്മമാർ പിഞ്ചു കുട്ടികളെ മൂത്രം ഒഴിപ്പിക്കുവാൻ പുറപ്പെടുവിക്കുന്ന ശബ്ദം ആണ് ശൂ .. ഷൂ ....ശൂ. പിന്നെ അമാന്തിച്ചില്ല ഞാനും ഇടക്കിടെ ശൂ .. ഷൂ ....ശൂ വെച്ചു കൊണ്ട് ഇരിപ്പായി. ഒരു വേയ്റ്റർ കൊടുങ്കാറ്റു പോലെ വന്നെങ്കിലും ഞാൻ വാക്കുകൾ നെയ്തെടുക്കുന്നതിനു മുൻപ് എന്നെ കടന്നു പോയി. പോയ വഴി 180 ഡിഗ്രീ തല തിരിച്ചു ഞാൻ ഒന്നു നോക്കി അങ്ങോട്ടും ഒരു ശൂ .. ഷൂ ....ശൂ വെച്ചുകൊടുത്തു. ടിയാൻ കുറച്ചു കഴിഞ്ഞു പുറകിൽ കൂടി വന്നു എന്റെ മുൻപിൽ അടുക്കള ഭാഗത്തെ വിദൂരതയിലേക്ക് നോക്കികൊണ്ട്‌ ഗൌരവത്തോടെ ചോദിച്ചു.
"എന്തു വേണം".
കടുത്ത ചോദ്യത്തിനു മുൻപിൽ ഞാൻ ഒന്നു പരുങ്ങി. ഏഴാം ക്ലാസ്സിൽ പഠിപ്പിച്ച പൗലോസ്‌ സർ കുറ്റത്തിനു പിടിച്ചു കഴിയുമ്പോൾ ചോദിക്കുന്ന ചോദ്യം. "എന്തു വേണം". ഒന്നു മുതൽ പത്തു വരെ പറയാം. യേത് പറഞ്ഞാലും അത്രയും അടി തരും.

ചപ്പാത്തി ഉണ്ടോ - ചപ്പാത്തി താമസിക്കും
പറോട്ട ഉണ്ടോ - ചൂട് ഉണ്ടാവില്ല
എന്നാൽ രണ്ടു ഉഴുന്ന് വട തരൂ. ഒരു കാപ്പിയും

രണ്ടാമത് പറഞ്ഞത് അദ്ദേഹം കേട്ടതായി ഭാവിച്ചില്ല. അതിനു മുൻപേ കടന്നു കളഞ്ഞു.
എങ്ങിനെ എങ്കിലും അവിടെ നിന്നു രക്ഷ പെട്ടാൽ മതി എന്നായി എനിക്ക് കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു സ്റ്റീൽ പാത്രത്തിൽ രണ്ടു ഉഴുന്നു വട എത്തി. മേശയിലേക്ക്‌ വെക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു,

"മേശ ക്ലീൻ ചെയ്യണം"

എന്നെ അന്യഗ്രഹ ജീവിയെ കണ്ടതു പോലെ ഒന്നു നോക്കിയിട്ട് മൂലക്ക് ഇരിക്കുന്ന അലമാരയുടെ മുകളിൽ നിന്നും അഴുക്കു പറ്റിയ ഒരു തുണി കൊണ്ട് മേശ തുടച്ചു. തുണിയിലെ കുറച്ചു അഴുക്കു മേശമേലും മേശയിലെ കുറച്ചു അഴുക്കു തുണിയിലും പറ്റി അതെ കൈ കൊണ്ട് തന്നെയാണല്ലോ വടയും എടുത്തത്‌ എന്ന് ഓർത്തപ്പോൾ ഞാൻ ഒന്ന് ഞെട്ടി പോളോ മുട്ടായി പോലെ കട്ടി ആയ വട കണ്ടു ഞാൻ ചോദിച്ചു,
"കൂടെ ഒന്നും ഇല്ലേ"
"ഇല്ല." 
വേണേൽ തിന്നിട്ടു സ്ഥലം വിട്ടോ എന്ന മട്ടിൽ. ഒരു വടയുടെ പകുതി ഒരു വിധത്തിൽ അകത്താക്കി. ബാക്കി വന്ന വട രണ്ടായി മുറിച്ചും വെച്ചു ഞാൻ ഇരുപ്പായി. വട മുറിച്ചു വെച്ചത് മറ്റൊരാളെ അതു തിന്നുന്നതിൽ നിന്നും രക്ഷിക്കാൻ വീണ്ടും വേയ്റ്റർ എത്തി "വേറെ" വാക്കുകൾ വളരെ കുറച്ചു ഉപയോഗിക്കുന്ന അദ്ദേഹം മിത ഭാഷി ആണെന്നു മനസ്സിലായി "ബില്ല്". കാപ്പി ഞാൻ ഉപേഷിച്ചു പ്രൈവറ്റ്റ ബസ്സിലെ ടിക്കറ്റ്‌ പോലെ ഒരു കീറ്റ കടലാസ്സിൽ ബില്ലു കിട്ടി ഞാൻ ബില്ലുമായി വാഷ്‌ ബേസിന്റെ അടുത്തേക്ക്‌ നീങ്ങി രാവിലെ മുതൽ ഉള്ള അവശിഷ്ടങ്ങൾ നിറഞ്ഞിരിക്കുന്നു. ഞാൻ രണ്ടു വിരുലുകൾ കഴുകി കറങ്ങുന്ന കസേരയിൽ ഇരുന്നു ടി വി കാണുന്ന കാഷിയറുടെ അടുത്തേക്ക് നീങ്ങി ബില്ലിൽ 8 രൂപ. ഞാൻ പത്തു രൂപ കൊടുത്തു "ചില്ലറ ഇല്ല". അദ്ദേഹം ടി വി യിൽ നിന്നും കണ്ണ് പറിച്ചു പുറത്തേക്ക് നോക്കി ഇരുന്നു ഇനി മുഖത്തു തുണി ഉടുക്കാത്തത് കൊണ്ടാണോ ഇവരൊന്നും മുഖത്തേക്ക് നോക്കാത്തത് എന്നു ഞാൻ അതിശയിച്ചു. ഞാൻ മൌനം മലയാളിക്ക് ഭൂഷണം എന്നു ധ്യാനിച്ച് കൊണ്ട് പതിയെ പുറത്തേക്ക് ഇറങ്ങി നടന്നു നീങ്ങി. 

ഇന്നലെ ഞാൻ ഞങ്ങളുടെ "മദ്യ" തിരുവിതാംകൂറിലെ ഒരു തമിഴ് ഹോട്ടലിൽ കയറി. (തമിഴ് ഹോട്ടൽ = ഉടമസ്ഥൻ വേറ്റർമാർ ഉൾപടെ എല്ലാവരും തമിഴന്മാർ) വാതിൽ കടന്നപ്പോൾ ഞാൻ ഒന്നു അമാന്തിച്ചു സ്ഥലം മാറി ഏതോ ആർട്ട് ഗാലറിയിൽ വന്നു പെട്ടോ കയറി ചെല്ലുന്ന സ്ഥലത്ത് തന്നെ കേരളത്തിലെ സകല ദേവി ദേവന്മാരുടെയും പരിശുദ്ധൻമാരുടെയും ചിത്രങ്ങൾ. കൂടാതെ ശ്രീ നാരായണ ഗുരു, മന്നത്തു ആചാര്യൻ അങ്ങിനെ പലരും. അറബിയിൽ ബിസ്മില്ലാഹി ർ രഹ് മാനി ർ റഹിം എന്നും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്.

ബഹുമാനത്തോടെ പ്രദർശിപ്പിച്ചിരുന്ന പരുമല തിരുമേനിയുടെ പടം കണ്ടപ്പോൾ ഞാൻ ഓർത്തു കഴിഞ്ഞ ദിവസം പരുമല തിരുമേനിക്ക് വേണ്ടി പന്തളത്തു തല്ലു ഉണ്ടാക്കിയ കൃസ്ത്യാനികളെക്കാൾ എത്രയോ ആദരവു ഈ തമിഴൻ അദ്ദേഹത്തിനു നൽകുന്നു. ആകപ്പാടെ ഏതോ ആരാധനാലയത്തിൽ ചെന്ന പ്രതീതി. കാഷിയറുടെ മേശയിൽ സാമ്പ്രാണി പുകയുന്നു. തൊട്ടു വെക്കാൻ ചന്ദനവും. കടിക്കാൻ ജീരകവും ഞ്ചസാരയും ഉണ്ട്. അതിൻ ഒരു സ്പൂണും ഉണ്ട് ഒരു മേശ പിടിച്ച ഞാൻ ഇരിക്കുന്നതിനു മുൻപ് തന്നെ ആ മേശയുടെ മുകളിലത്തെ ഫാൻ പ്രവർത്തിക്കുവാൻ തുടങ്ങി. വേയ്റ്റർമാർ ഒക്കെ യുണിഫോം ധരിച്ചിരിക്കുന്നു. ഹാളിൻറ്റെ കോണിൽ നിന്ന് യുണിഫോം ഇല്ലാത്ത ഒരാൾ വിളിച്ചു പറഞ്ഞു "ടായ് അന്ത ടേബിൾ ഒൻപതു കൂപ്പിടടെയ്." ഹോ! ഒരു വീട്ടിൽ ഇന്നത്തെ കാലത്ത് കാർന്നോന്മാർക്കു പോലും കിട്ടാത്ത ശ്രദ്ധ. ഞാൻ ഉറച്ചു ഇരിക്കുന്നതിനു മുൻപ് തന്നെ വേയ്റ്റർ എത്തി. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട് എങ്കിലും അയാൾ അത് ഒറ്റ ശ്വാസത്തിൽ കാണാതെ പറഞ്ഞു. ഞാൻ ഓർത്തു ഒന്നുമല്ലെങ്കിൽ അത്രയും ഓർത്തിരിക്കുവാൻ ബുദ്ധിയുള്ളവൻ.
ഞാൻ പറഞ്ഞു

"രണ്ടു വട ഒരു കാപ്പി"

അയാൾ പോകുന്നതിനു മുൻപു തന്നെ ഒരു ചെറുപ്പക്കാരൻ പയ്യൻ വന്നു വൃത്തിയായി കിടന്ന മേശ ഒന്നൂടെ വൃത്തിയാക്കി. റബ്ബറ് കൊണ്ടുള്ള ഒരു ചെറിയ സാധനം വൃത്തിയാക്കുവാൻ ഉത്തമം. റബ്ബർ പ്രയോഗത്തിന് ശേഷം ഒരു തുണി കൊണ്ട് തുടക്കുകയും ചെയ്തു. എഴുന്നേൽക്കുമ്പോൾ വസ്ത്രങ്ങളിൽ അഴുക്കു ആവാതെ ഇരിക്കുവാൻ അവൻ ബുദ്ധിയായി മേശയുടെ ഇറമ്പുകളും തുടച്ചു. അപ്പോഴേക്കും വേയ്റ്റർ എത്തി ചൂടുള്ള വടയും ഒപ്പം സാമ്പാറും ചമ്മന്തിയും കാപ്പിയും. ഒരു വട തീരുന്നതിനു മുൻപ് തന്നെ വേയ്റ്റർ വീണ്ടും എത്തി ഞാൻ പറഞ്ഞു "ബില്ല്" നിമിഷങ്ങൾക്കകം ബില്ലും എത്തി വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വാഷ്‌ ബേസിനിൽ കൈ കഴുകി ഞാൻ കാഷിയറുടെ അടുത്തേക്ക്‌ ചെന്നു ബില്ലിൽ 8 രൂപ. നൂറു രൂപ കൊടുത്തപ്പോൾ ഒരു ചില്ലറ പ്രശ്നം ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. കൃത്യമായ ബാക്കിയും സ്നേഹത്തോടെ ഒരു നോട്ടവും. അർത്ഥം ഞാൻ മനസ്സിലാക്കി "വീണ്ടും വരണം".

ഇറങ്ങുന്നതിനു മുൻപ് അര സ്പൂണ്‍ ജീരകവും കാഷിയറുടെ മേശയിൽ നിന്നും എടുത്തു ഞാൻ അകത്താക്കി വേണ്ടിയിട്ടൊന്നും അല്ല, ഒരു നല്ല സ്ഥാപനത്തിന്റെ അൽപം ഐശ്വര്യം എനിക്കും കിട്ടട്ടെ എന്നു കരുതി.

(മുകളിലത്തെ വിവരണം നൂറു ശതമാനം സത്യമായ കാര്യങ്ങൾ. യഥാർത്ഥ അനുഭവം CNP - Jacob John. ഇത് "ചങ്ങനാശ്ശേരി ജങ്ക്ഷൻ" എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ്‌ ആണ്.)

No comments:

Post a Comment