ഒരു മാസമായി ഫോണും ഇന്റെർനെറ്റും വീട്ടിൽ ചത്ത അവസ്ഥ. ആദ്യം ഇന്റർനെറ്റ് ചത്തു. BSNL വെബ്‌സൈറ്റിൽ പരാതി പെട്ടു. ഒരു മാന്യൻ BSNL നിന്ന് വിളിച്ചു ചോദിച്ചു "ഇപ്പോൾ കണക്ഷൻ ഉണ്ടോ എന്ന്". ഇല്ല എന്ന് അല്ലാതെ ഉണ്ട് എന്ന് പറയാൻ പറ്റില്ലല്ലോ. ലൈൻമാനെ വിളിക്കാൻ പറഞ്ഞു നമ്പർ തന്നു. ആ ദിവസം തന്നെ പലതവണ അദ്ദേഹത്തെ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. അടുത്ത ദിവസം അദ്ദേഹത്തെ ഫോണിൽ കിട്ടി. ഇന്റർനെറ്റിന്റെ ചുമതലയുള്ള, "തേൻ" എന്നർത്ഥം വരുന്ന പേരോടു കൂടിയ ലൈൻ മാൻ ചോദിച്ചു, "ഫോണ്‍ വിളിക്കുമ്പോൾ അപശബ്ദം ഉണ്ടോ" എന്ന്. ശുദ്ധ ഗതിക്കാരനായ ഞാൻ പറഞ്ഞു ചെറിയ തോതിൽ അപശബ്ദം ഉണ്ട് എന്ന്. പെട്ടെന്ന് തന്നെ അദ്ദേഹം പറഞ്ഞു "ഇത് ഫോണിന്റെ കുറ്റമാണ്, അതിന്റെ ചുമതല വേറെ ആൾക്കാണ്" എന്ന് പറഞ്ഞു ഫോണ്‍ വെച്ചു. പിറ്റേ ദിവസം ഫോണിന്റെ ശ്വാസവും നിന്നു. പിറ്റേ ദിവസം തന്നെ ഞാൻ പുഴവാതിലുള്ള BSNL ഓഫീസിൽ നേരിട്ട് ചെന്ന് പരാതി പെട്ടു. യാതൊരു ഭാവവ്യത്യാസവും കൂടാതെ അവിടെ ഇരുന്ന ജീവനക്കാരി നമ്പർ എഴുതിയെടുത്തു. തിരികെ ഒരു വാക്ക് പോലും പറഞ്ഞില്ല. ഞാൻ മടങ്ങി.
ദിവസങ്ങൾ പലതു കഴിഞ്ഞു, ആരും തന്നെ BSNL ജീവനക്കാർ ആരും തന്നെ പ്രശ്നം പരിഹരിക്കാൻ എത്തിയില്ല. ഫോണിനും, ഇന്റെർനെറ്റിനും കുഴപ്പം വരുന്നത് ആദ്യത്തെ തവണ അല്ല. ഇതിനു മുൻപും ഉണ്ടായ തടസ്സങ്ങൾ വളരെ വൈകിയാണ് പരിഹരിക്കപെട്ടത്. രണ്ടു ദിവസം മുൻപ് എന്റെ അച്ഛൻ ഇന്റർനെറ്റ് കട്ട് ചെയ്യാൻ വട്ടപ്പള്ളിയിൽ ഉള്ള ഓഫീസിൽ എത്തി അപേക്ഷിച്ചു. അപേക്ഷ കൊടുത്തു തിരികെ വന്നു ഒരു മണിക്കൂർ കഴിഞ്ഞു. മൊബൈൽ ഫോണിൽ കൂടി ലാൻഡ് ഫോണിലേക്ക് ഒന്ന് വിളിക്കാൻ ശ്രമിച്ചു. ഫോണ്‍ കണക്ഷൻ വിശ്ച്ചേദിച്ചിരിക്കുന്നു എന്ന സന്ദേശം കിട്ടി. ചങ്ങനാശ്ശേരി BSNL ഫോണ്‍ കൂടി കട്ട് ചെയ്തു!! എന്തൊരു സേവന സന്നദ്ധത. എന്തൊരു വേഗത. ഇന്ന് രാവിലെ ഞാൻ കാര്യം അന്വേഷിച്ചപ്പോൾ അവിടുത്തെ ജീവനക്കാരി പറഞ്ഞു കണക്ഷൻ പുനസ്ഥാപിക്കാൻ ഒരു അപേക്ഷ തരാൻ പറഞ്ഞു. ഞാൻ ഒരെണ്ണം എഴുതി കൊടുത്തു. അപ്പോൾ പറയുന്നു ഡിപ്പോസിറ്റ് കെട്ടി വെക്കാൻ. ഞാൻ ചോദിച്ചു എന്താ ഉദ്ദേശം എന്ന്. അവർ പറഞ്ഞു നിങ്ങൾ പുതിയ കണക്ഷൻ എടുക്കുന്ന എല്ലാ നടപടികളും പാലിക്കണം എന്ന്. ഇന്റർനെറ്റ് കണക്ഷൻ വേണ്ട എന്ന് പറഞ്ഞു കൊണ്ട് വ്യക്തമായ അപേക്ഷ തന്നിട്ടുണ്ട്. ഫോണ്‍ കട്ട് ചെയ്യാൻ പറഞ്ഞിരിന്നില്ല എന്ന്. എങ്കിൽ നാളെ വരൂ, ഞാൻ അപേക്ഷ ഒന്ന് കൂടി നോക്കട്ടെ എന്ന് ജീവനക്കാരി പറഞ്ഞു. അവർക്ക് അപേക്ഷ കിട്ടി ടെലിഫോണ്‍ കട്ട് ചെയ്യുനതിനു മുൻപ് ഉപഭോക്താവിന്റെ മൊബൈലിൽ ഒന്ന് വിളിച്ചു കാരണം എങ്കിലും ചോദിച്ചിട്ട് കട്ട് ചെയ്തു കൂടെ?
കണ്ണിൽ ചോരയില്ലാത്ത BSNL, നിങ്ങൾ എന്നാണു നന്നാവുക? ഉപഭോക്താവിനോട് എങ്ങനെ പെരുമാറണം എന്ന് തീരെ അറിയില്ല. ഞാൻ പുതിയ ഒരു കണക്ഷൻ എടുക്കാൻ ഏഷ്യാനെറ്റിന്റെ ഓഫീസിൽ ഒരു ദിവസം രാവിലെ ചെന്നു പറഞ്ഞു. ഉച്ചക്ക് മുൻപേ അവർ വന്നു സ്ഥലം നോക്കി. വൈകുന്നേരം അവർ വീട്ടിലേക്കു കേബിൾ വലിച്ചു. തിങ്കളാഴ്ച മോഡം കൊണ്ട് വന്നു വച്ചു. ഇന്റർനെറ്റ് റെഡി. നാളെ രാവിലെയും എനിക്ക് വട്ടപ്പള്ളിയിലെ ഓഫീസിൽ പോകണം. ഞങ്ങളുടെ വീട്ടിലെ ഫോണ്‍ കണക്ഷൻ വീണ്ടെടുക്കാൻ. ഏതാനും ദിവസം മുൻപ് നല്കിയ ഒരു അപേക്ഷ തപ്പിയെടുക്കാൻ ഇത്ര ബുദ്ധിമുട്ടോ. നാളെയും വൈകിയേ ഓഫീസിൽ എനിക്ക് എത്താൻ സാധിക്കുകയുള്ളൂ. ഇവിടെ BSNL മുതലാളിയും, ഉപഭോക്താവ് തൊഴിലാളിയും ആണ്. എന്നെങ്കിലും സോഷ്യലിസം വരുന്ന ലക്ഷണമില്ല!!
ഹ ഹ ഹ .
ReplyDeleteഎന്റെ അനുഭവം ദാ
http://sudhiarackal100.blogspot.com/