Sunday, September 20, 2015

ധനുഷ് കോടിയിലേക്ക്

തമിഴ് നാട്ടിലെ പാമ്പൻ ദ്വീപിന്റെ തെക്കുകിഴക്ക്‌ മുനമ്പ്‌ ആണ് ധനുഷ് കോടി. ഇവിടെ നിന്നും ശ്രീ ലങ്കയിലേക്ക് പതിനെട്ടു കിലോമീറ്റർ ദൂരമേയുള്ളൂ. ഹിന്ദുക്കൾക്ക് ഈ പ്രദേശം പുരാണ പ്രധാനമാണ്. ശ്രീരാമൻ സീതയെ രാവണന്റെ പിടിയിൽ നിന്നും വീണ്ടെടുക്കാൻ ലങ്കയിലേക്ക് ചിറ നിർമ്മിച്ചത് ഇവിടെ നിന്നാണെന്ന് വിശ്വസിക്കുന്നു. രാവണനെ വധിച്ച ശേഷം ലങ്കയിലെ രാജാവായി അവരോധിച്ച വിഭീഷണന്റെ നിർദേശ പ്രകാരം ശ്രീരാമൻ അമ്പിന്റെ മുന കൊണ്ട് ചിറ തകർത്തു. "അമ്പിന്റെ മുന" എന്ന അർത്ഥത്തിൽ ആണ് ആണ് ഈ പ്രദേശത്തിന് ധനുഷ് കോടി എന്ന പേര് പതിഞ്ഞത്.

ധനുഷ് കോടിയുടെ ആകാശത്ത് നിന്നുള്ള ദൃശ്യം. കടപ്പാട്: വിക്കിപീഡിയ

തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴി മധുരയിൽ എത്തി, അവിടെ നിന്നും രാമേശ്വരം എത്തി ധനുഷ് കോടി കാണുക എന്നതായിരിന്നു ആയിരിന്നു ഞങ്ങളുടെ യാത്രാ പദ്ധതി. ഉച്ചക്ക് ശേഷം ചങ്ങനാശ്ശേരിയിൽ നിന്നും പരശുറാം എക്സ്പ്രസ്സിൽ കയറി രാത്രി എട്ടു മണിയോടു കൂടി നാഗർകോവിൽ എത്തി. അത്താഴം കഴിക്കാനായി റെയിൽവേ സ്റ്റേഷനിൽ നിന്നും ചാണകം മണക്കുന്ന വഴിയിലൂടെ നാഗർകോവിൽ പട്ടണത്തിലേക്ക് നടന്നു. വളരെ ചെറിയ ഒരു ചായക്കടയിൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. ബഹിരാകാശ യാത്രികർ പേടകത്തിൽ ഇരിക്കുന്ന ശൈലിയിൽ ഞങ്ങൾ ആ ചെറിയ കടക്കുള്ളിൽ ഞെരിങ്ങിയിരിന്നു കൊണ്ട് ഏതാനും ദോശകൾ അകത്താക്കി. റെയിൽവേ സ്റ്റേഷനിൽ തിരികെ എത്തി കന്യാകുമാരി-രാമേശ്വരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ കാത്തു നിൽപ്പ് തുടങ്ങി. ട്രെയിൻ സ്റ്റേഷനിൽ എത്തി, മറ്റു യാത്രക്കാർ എന്നെ ഉന്തിത്തള്ളി ജനറൽ കമ്പാർട്ട്മെന്റിനു ഉള്ളിലാക്കി!! അങ്ങനെ റിസർവേഷൻ ഇല്ലാതെ, ഉറങ്ങാതെ രാമേശ്വരം യാത്ര തുടങ്ങി.
 
വെളുപ്പിന്ആറു മണിയോടെ ട്രെയിൻ രാമേശ്വരം സ്റ്റേഷനിൽ എത്തി. ട്രെയിൻ നിർത്തിയ ഉടൻ തന്നെ അതിനുള്ളിൽ നിന്നും പ്രളയ ജലം പോലെ യാത്രക്കാർ പ്ലാറ്റ്ഫോമിൽ പരക്കാൻ തുടങ്ങി. യാത്രക്കാരിൽ ഭൂരിഭാഗവും വളരെ സാധാരണക്കാരായ ആൾക്കാർ. ദ്വീപിനു വെളിയിൽ പലവിധ ആവശ്യങ്ങൾക്കായി പോയി തിരികെയെത്തിയവർ. അവർ പെട്ടികളും ഭാണ്ഡങ്ങളും ചുമന്നു കൊണ്ട് സ്റ്റേഷന് വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. കുട്ടിക്കാലത്ത് ആകാശവാണിയിൽ സംഗീതം പഠിപ്പിക്കുന്ന ഒരു പരിപാടിയിൽ സ്ഥിരം കേൾക്കുന്ന, ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട ഒരു ഗാന ശകലം പെട്ടെന്ന് ഓർമ വന്നു, "കുട്ടികളും, പെട്ടികളും, പോർട്ടർമാരും..." ഉറക്കമില്ലാത്ത യാത്ര സമ്മാനിച്ച ക്ഷീണത്തോടെ ഞങ്ങൾ സ്റ്റേഷനു വെളിയിലേക്ക് നടന്നു. എങ്ങും നല്ല വെട്ടം പരന്നിരിക്കുന്നു. ദ്വീപ് ആയതു കൊണ്ടാവാം, രാവിലെ ആറു മണിക്ക് നട്ടുച്ചയുടെ പ്രതീതി. സ്റ്റേഷനോട് ചേർന്ന് തന്നെ ഒരു ലോഡ്ജ് മുറി തരപ്പെടുത്തി. 

രാമേശ്വരം റെയിൽവേ സ്റ്റേഷൻ.
കുളികഴിഞ്ഞു ഞങ്ങൾ രാമേശ്വരം ക്ഷേത്രത്തിലേക്ക് നടന്നു. കുളികഴിഞ്ഞ ഞങ്ങൾ കണ്ടത് ക്ഷേത്രതിനുള്ളിലെ തീർത്ഥ കിണറുകളിലെ ജലത്തിൽ കുളിക്കാനായി കാത്തു നിൽക്കുന്ന ഭക്തജനങ്ങളെയാണ്. അവിടെ കാത്തുനിൽക്കുന്നവർ കുളിച്ച ശേഷം എന്തെങ്കിലും പുണ്യം മിച്ചം ഉണ്ടാവുമോ എന്ന സംശയം തോന്നി. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്ക് കയറി നിർമ്മാണ ചാതുരി ആസ്വദിക്കാൻ തീരുമാനിച്ചു.

രാമേശ്വരം ക്ഷേത്രത്തിനുള്ളിലെ തീർത്ഥ കിണറുകളിലെ ജലത്തിൽ സ്നാനം നടത്താൻ കാത്തു നിൽക്കുന്നവർ. മൊത്തം 22 കിണറുകൾ ക്ഷേത്രത്തിനുള്ളിൽ ഉണ്ട്. വിവിധ കിണറുകളിൽ കുളിച്ചാൽ പാപങ്ങൾ കഴുകിക്കളയാം എന്നും, വിവിധ പുണ്യങ്ങൾ നേടാം എന്നും ഭക്ത ജനങ്ങൾ വിശ്വസിക്കുന്നു.

പാണ്ഡ്യ രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രത്തിലെ കൊത്തു പണികൾ കമനീയമാണ്. ശിവനാണ് പ്രധാന മൂർത്തി. ക്ഷേത്രത്തിനുള്ളിലെ ആൾത്താരയുടെ ചിത്രമാണ് കാണുന്നത്. ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ.

രാമേശ്വരം ക്ഷേത്രത്തിനു സമീപത്തുള്ള ഒരു ഹോട്ടലിൽ നിന്നും ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. സസ്യ ഭക്ഷണം വിളമ്പുന്ന ധാരാളം ഹോട്ടലുകൾ ക്ഷേത്രത്തിനു ചുറ്റുമായുണ്ട്‌. പൂരി, മസാല ദോശ, ഇഡലി തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഉതിർക്കുന്ന മണം ആമോദകരമാണ്.

ധനുഷ് കോടിയിൽ നിന്ന് മുനമ്പിലേക്ക്‌ പോകുന്നതിനു വാനുകൾ ആണ് ആശ്രയം. തുരുമ്പിച്ച വാനിൽ ആടിയും, കുലുങ്ങിയുമുള്ള യാത്ര രസകരമാണ്. വിശാലമായി പരന്നു കിടക്കുന്ന ഉറച്ച മണൽ പ്രദേശം കടന്നു വേണം ധനുഷ് കോടി മുനമ്പിലെത്താൻ.

ധനുഷ് കോടിയിൽ നിന്ന് രാമ സേതുവിന്റെ ദൃശ്യം കാണാം. കടൽ കടന്ന് ലങ്കയിൽ എത്തി സീതയെ രാവണനിൽ നിന്നും മോചിപ്പിക്കാൻ രാമൻ നിർമിച്ചതാണ് ഈ ചിറ എന്ന് ഐതീഹ്യം ഉണ്ട്. മറുകരയിൽ ശ്രീലങ്കയിലെ തലൈ മാന്നാർ പ്രദേശത്തിന്റെ ഭൂപ്രകൃതി അവ്യക്തമായി കാണാം.
ധനുഷ് കോടി മുനമ്പിലും, മണ്ഡപം തീരത്തും പ്രദേശവാസികൾ മീൻ വറുത്തു വിൽക്കുന്നുണ്ട്. ന്യായമായ വില മാത്രമേ ഇവർ വിനോദ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നുള്ളു.

1964-ലെ ചുഴലിക്കാറ്റു വീശിയതിന്റെ ശേഷിപ്പുകൾ. മണ്ഡപം ദീപിലെ തകർന്ന റെയിൽവേ സ്റ്റേഷൻ, പള്ളി എന്നിവ കാണാം. പവിഴപ്പുറ്റുകൾ പാകിയാണ് പള്ളിയുടെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഈ കല്ലുകൾ (Floating stones) വെള്ളത്തിൽ പൊങ്ങിക്കിടക്കും എന്നാണ് സമീപവാസികൾ പറഞ്ഞത്.
മണ്ഡപം തീരത്തെ ദൃശ്യങ്ങൾ. ചുഴലിക്കാറ്റിൽ തകർന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ ഉണ്ട്. വളരെ മനോഹരമായ തീരം ആണ് ഇവിടുള്ളത്‌. കടൽ ജലം പച്ച നിറത്തിലാണ് കാണപ്പെടുന്നത്.
മുൻ പ്രസിഡണ്ട്‌, ഡോ. A.P.J അബ്ദുൾ കലാമിന്റെ കുടുംബ വസതി രാമേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഒരു മ്യൂസിയം ഇവിടെ ഒരുക്കിയിട്ടുണ്ട്.
രാമേശ്വരത്ത് നിന്നും മധുരക്ക് തിരികെ വരുന്ന വഴിയാണ് പാമ്പൻ പാലത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റിയത്. 1914-ൽ നിർമ്മിച്ച പാമ്പൻ പാലം ഇന്ത്യയിലെ തന്നെ ആദ്യത്തെ കടൽപ്പാലം ആണ്. റെയിൽ-റോഡ്‌ പാലങ്ങൾ പ്രത്യേകമായുണ്ട്. 2 കിലോമീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
മീനാക്ഷി ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം. കടപ്പാട്: വിക്കിപീഡിയ
മീനാക്ഷി ക്ഷേത്രത്തിനുള്ളിലെ ആയിരം കൽ മണ്ഡപത്തിൽ.
മധുര മീനാക്ഷി ക്ഷേത്ര ദർശനത്തോടെ ഞങ്ങൾ യാത്ര അവസാനിപ്പിച്ചു. പാർവതി ദേവിആണ് പ്രധാന മൂർത്തി. പാർവതി ദേവി ആണ് മീനാക്ഷി എന്ന് ഇവിടെ അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ കൂറ്റൻ കൽ തൂണുകളും, ആൾ താരകളിലെ വർണ ശബളമായ ചുമർ ചിത്രങ്ങളും വിസ്മയിപ്പിക്കും.


കുറിപ്പ്: എറണാകുളത്തു നിന്നും രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. മധ്യ കേരളത്തിൽ നിന്നുള്ളവർക്ക് നേരിട്ട് രാമേശ്വരം പോകാൻ ഈ ട്രെയിൻ ഉപയോഗപ്പെടുത്താം.

2 comments:

  1. വളരെ നന്നായിരിക്കുന്നു..., അടുത്ത യാത്രക്കായി കാത്തിരിക്കാം .

    ReplyDelete