Sunday, November 8, 2015

കൂടോത്രം (ചെറുകഥ)

അമ്മിണിക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല. രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അമ്മയുടെ ദീർഘ സ്ഥായിയിലുള്ള കൂർക്കം വലി മാത്രം. കുറച്ചു നാളുകളായി ഭർത്താവിനു പഴയ സ്നേഹമില്ല എന്നൊരു തോന്നൽ. അന്ന് മുതൽ അമ്മയോടൊപ്പം ആണ് കിടപ്പ്. ഭർത്താവിന് സ്നേഹം തോന്നാൻ വൃതം എടുത്തു വർഷത്തിൽ ഒരു തവണ മാത്രം തുറക്കുന്ന അമ്പലത്തിൽ പോകണം എന്ന് അമ്മ ഉപദേശിച്ചു. അവിടെ പോയാൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് പറയപ്പെടുന്നു. അതനുസരിച്ച് കഠിന വൃതത്തിലാണ്. വൃതം മുടങ്ങാതിരിക്കാൻ ഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു കൂടി പോലും പോകരുത് എന്നാണ് അമ്മയുടെ നിർദേശം. വൃതം മുടങ്ങാതിരിക്കാൻ അമ്മയെപ്പോഴും തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീട്ടിലെത്തുന്ന ഭർത്താവിന്റെ ഒപ്പം സമയം ചിലവഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അമ്മയെ ധിക്കരിക്കാൻ ധൈര്യം വരുന്നില്ല. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഭർത്താവ് പല തവണ കണ്ണ് കൊണ്ടും, മുരടനക്കി ശബ്ദം ഉണ്ടാക്കിയും സൂചന തന്നു. മുകളിലത്തെ നിലയിലെ ഉറക്കറയിലേക്ക് ചെല്ലാൻ. പോകണമെന്ന് ആഗ്രഹമുണ്ട്, ഉള്ളിൽ സങ്കടം ഇരച്ചു കയറിയെങ്കിലും അമ്മയെ പേടിച്ച് അതൊക്കെ വിഴുങ്ങി. 

എന്തിനും ഏതിനും ചേട്ടന് ദേഷ്യം. താനുണ്ടാക്കിയ കറികൾക്ക് ഉപ്പു കൂടിയത്രെ. കുളിക്കാൻ തിളപ്പിച്ച വെള്ളത്തിന്‌ ചൂട് കൂടിയതിനു വഴക്ക് പറഞ്ഞു. ഈയിടെ ശ്രദ്ധക്കുറവു കൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണിതൊക്കെ. ഇതൊക്കെയാണ് സംശയം ബാലപ്പെടാനുള്ള കാരണങ്ങൾ.

വികല ചിന്തകൾ മനസ്സിനെ മദിക്കുന്നു. എന്ന് മുതലാണ്‌ ഇത്തരം ചിന്തകൾ മനസ്സിൽ കയറിക്കൂടിയത്? കൃത്യമായി പറഞ്ഞാൽ കുമാരൻ ജ്യോതിഷിയെ കൊണ്ട് പ്രശ്നം വെച്ച് നോക്കിയ അന്ന് മുതൽ. ഭർത്താവിനു ദൂരെയുള്ള ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനു ശേഷം കുമാരൻ ജ്യോതിഷിയെ കാണാൻ പോയിരിന്നു. ഉടനെ വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടുമോ എന്നറിയാനാണ് പ്രശ്നം വെക്കാൻ അമ്മയോടൊപ്പം പോയത്.

അമ്മിണിക്കുട്ടിയുടെ ഭർത്താവിനു അൽപ്പം സ്നേഹക്കുറവുണ്ടോ എന്ന് ജ്യോതിഷിക്ക് ഒരു ആശങ്ക. സ്നേഹക്കുറവില്ല എന്ന് പറയാൻ നാക്ക് വളച്ചതും,  മരുമോന് പഴയ സ്നേഹം ഇല്ല എന്ന് അമ്മ ചാടിക്കേറി പറഞ്ഞു. കുമാരൻ ജ്യോതിഷിയുടെ ആശങ്കകളെ സത്യമാക്കി തീർക്കാൻ അമ്മക്ക് പണ്ട് മുതലേ ഇഷ്ടമാണ്. "അവൾക്കു അറിഞ്ഞു കൂട, പക്ഷെ ഞാൻ അത് ശ്രദ്ധിച്ചു, അവനു സ്ഥലം മാറ്റം കിട്ടിയതിനു ശേഷം പഴയ സ്നേഹം ഇല്ല", അമ്മ എടുത്തടിച്ച പോലെ പറഞ്ഞു. ഉന്തിന്റെ കൂടെ തള്ള് എന്നപോലെ ജ്യോതിഷിയുടെ അടുത്ത പ്രഹരം വന്നു "മരുമകന് എഴിൽ ചന്ദ്രൻ, പരസ്ത്രീ ബന്ധം കാണുന്നുണ്ട്, ഒരു വിവാഹം കൂടി കഴിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്". അമ്മിണിക്കുട്ടിക്ക് ശരീരം തളരുന്ന പോലെ തോന്നി. പുതിയ ജോലിസ്ഥലത്ത് എത്തിയിട്ട് ഒരു മാസം ആയില്ല, അതിനിടയിൽ ഇത്രയും കാര്യങ്ങൾ നടന്നല്ലോ. അമ്മയുടെ മുഖത്ത് ദേഷ്യം കൊണ്ട് രക്തം ഇരച്ചു കയറുന്നതു കണ്ടു, പല്ല് മുറുമ്മുന്ന ശബ്ദവും വ്യക്തമായി കേട്ടു. ചെറിയ മുറിവിനെ വൃണമാക്കുക എന്നത് ജ്യോതിഷികളുടെ തൊഴിൽപരമായ ഒരു മിടുക്കാണ്. വിശ്വസികളുടെ ചെറിയ പ്രശ്നങ്ങളെ ആളിക്കത്തിച്ചാലേ പെട്ടിയിൽ പണം വീഴൂ. അമ്മിണിക്കുട്ടി സ്വയം ആശ്വസിച്ചു.

ഭർത്താവിന്റെ സ്നേഹക്കുറവിനു കാരണം കൂടോത്രം ആണെന്നാണ് ജ്യോതിഷി സംശയിക്കുന്നത്. ഭർത്താവിന്റെ അടുത്ത ബന്ധുക്കൾ ആരോ കൂടോത്രം ചെയ്തത് എന്ന് പ്രശ്നത്തിൽ കാണുന്നത്രേ. അടുത്ത ബന്ധുക്കൾ ആണ് കൂടോത്രം പ്രയോഗിച്ചതെങ്കിൽ അത് ഭർത്താവിന്റെ അമ്മയും, പെങ്ങളും കൂടി തന്നെയാകും എന്ന് അമ്മ ബലമായി വിശ്വസിക്കുന്നു.

ജ്യോതിഷത്തിൽ ഭയങ്കര വിശ്വാസമാണ് വീട്ടിൽ എല്ലാവർക്കും. കക്കൂസിൽ പോകാനുള്ള  സമയം പോലും ജ്യോതിഷിയെക്കൊണ്ട് തന്റെ അച്ഛൻ കുറിച്ച് വാങ്ങിച്ചിട്ടുണ്ട്. എന്തിനും ഏതിനും കുടുംബ ജ്യോതിഷിയോട് അഭിപ്രായം ചോദിക്കും. എല്ലാം നല്ലതിനെന്നാണ് അച്ഛനും അമ്മയും പറയുന്നത്.

ഇന്ന് ദിവസം ഞായർ ആണ്. വൃതം തീരുന്നത് ചൊവ്വാഴ്ച. ചേട്ടൻ നാളെ വെളുപ്പിനുള്ള വണ്ടിക്ക് പോയാൽ വരുന്ന വെള്ളിയാഴ്ചയെ വരൂ. വൃതം തുടങ്ങിയിട്ട് ആഴ്ച രണ്ടായി. രാത്രിയിൽ കാലിനു ആകെ കടച്ചിലും, തരിപ്പും. കുറച്ചു ദിവസമായി തുടങ്ങിയിട്ട്. ഇനി ഏതായാലും ഒട്ടും കാക്കാൻ വയ്യ. തന്നെ കെട്ടിയിരിന്ന അമ്മയുടെ കൈകൾ വലിച്ചു മാറ്റിയിട്ടു അമ്മിണിക്കുട്ടി ചാടിയെഴുന്നേറ്റു മുകൾ നിലയിലേക്കുള്ള പടികൾ ഓടിക്കയറി.  കിതച്ചു കൊണ്ട് മുറി തുറന്നു അകത്തു കയറി കട്ടിലിലേക്ക് വീണു. ഒരു പ്രാവിനെ കൈക്കുള്ളിൽ ആക്കുന്ന ലാഘവത്തോടെ അമ്മിണിക്കുട്ടിയെ ഭർത്താവ് വാരി പുണർന്നു. ചേട്ടൻ തന്നെ പ്രതീക്ഷിച്ചിരിന്നു എന്ന് അമ്മിണിക്കുട്ടി ലജ്ജയോടെ ഓർത്തു കൊണ്ട് ഭർത്താവിന്റെ നെഞ്ചിലെ രോമ പുതപ്പിലേക്ക് മുഖം പൂഴ്ത്തി. "വൃതം കഴിഞ്ഞോ?" അർദ്ധ മയക്കത്തിൽ ഭർത്താവ് ചോദിച്ചു.  മറുപടി ഒന്നും പറയാതെ അമ്മിണിക്കുട്ടി ഭർത്താവിന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു.

അമ്മിണിക്കുട്ടി രാവിലെ ഉണർന്നു അടുക്കളയിലെത്തി. വൃതം മുടങ്ങിയതിന്റെ ദേഷ്യം അമ്മയുടെ മുഖത്ത് കണ്ടു. ഒരു കള്ളച്ചിരിയോടെ ചൂട് ചായ ഗ്ലാസിൽ പകർന്നു കൊണ്ട് അമ്മിണിക്കുട്ടി ഭർത്താവിന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു, "കൂടോത്രം പോലും".

2 comments: