ഇന്ത്യൻ നയാഗ്ര എന്ന വിശേഷണം ആണ് ഹൊഗെനക്കൽ (Hogenakkal) വെള്ളച്ചാട്ടത്തിനുള്ളത്. വിശേഷണം അൽപ്പം അതിശയോക്തി കലർന്നതാണെങ്കിലും, ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിനും അതിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിനും സ്വന്തമായ ഒരു സൌന്ദര്യം ഉണ്ട്. തമിഴ്‌നാട്-കർണാടക അതിർത്തികളോട് ചേർന്നാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ വെള്ളമാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിന്റെ ജീവൻ.
എങ്ങനെ എത്തിച്ചേരാം
കേരളത്തിൽ നിന്ന് വരുന്നവർക്ക് ട്രെയിൻ മാർഗം സേലത്ത് ഇറങ്ങി ധർമപുരിയിലെത്തി ഹൊഗെനക്കൽ പോകുന്നതാണ് സൌകര്യപ്രദം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വഴി ചെന്നൈക്ക് പോകുന്ന ചെന്നൈ മെയിലിൽ (Train no. 12696) യാത്ര ചെയ്തു ഞങ്ങൾ സേലത്ത് രാവിലെ 4.55നു എത്തി. വെളുപ്പിനെ 5.20നു പുറപ്പെടുന്ന സേലം-യസ്വന്ത്പുർ പാസ്സഞ്ചർ ട്രെയിനിൽ (Train No. 56241) കയറി ധർമപുരിയിൽ ഇറങ്ങി അവിടെ നിന്നും ഹൊഗെനക്കൽ എത്താനായിരിന്നു ഞങ്ങളുടെ യാത്രാ പദ്ധതി. സേലം-യസ്വന്ത്പുർ പാസ്സഞ്ചർ ട്രെയിൻ രണ്ടു മണിക്കൂർ കൊണ്ട് ധർമപുരിയിൽ എത്തും.
സേലം റെയിൽവേ സ്റ്റെഷനിലെ പ്ലാറ്റ്ഫോമിൽ ഒന്നാന്തരം ഫിൽറ്റർ കോഫി കിട്ടുന്ന കടകൾ ഉണ്ട്. |
7 മണിയോടു കൂടി ഞങ്ങൾ ധർമപുരിയിലെത്തി. ഹൊഗെനക്കൽ പോകാനുള്ള സഞ്ചാരികൾക്ക് ഒരു ഇടത്താവളം എന്ന നിലയിൽ ഈ പട്ടണം സൌകര്യപ്രദമാണ്.
ഒട്ടും തന്നെ തിരക്കില്ലാത്ത ചെറിയ ഒരു റെയിൽ സ്റ്റെഷൻ ആണ് ധർമപുരി. |
റെയിൽ സ്റെഷനിൽ നിന്ന് ധർമപുരിയി ടൌണിലേക്ക് ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ എത്തി. ഹോട്ടലിൽ മുറിയെടുത്ത് ഞങ്ങൾ പ്രഭാത കർമങ്ങൾ നടത്തി. പ്രഭാത ഭക്ഷണം കഴിക്കാനും ഹൊഗെനക്കലിലേക്കുള്ള ബസ് പിടിക്കാനുമായി ടൌണിലേക്കിറങ്ങി.
അരമണിക്കൂർ ഇടവിട്ട് ധർമപുരി ബസ് സ്റ്റാൻഡിൽ നിന്നും ഹൊഗെനക്കലിലേക്ക് ബസുകൾ പുറപ്പെടുന്നുണ്ട്. ഇവിടെ നിന്നും 45 കിലോമീറ്റർ ദൂരമുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. |
ഹൊഗെനക്കലിലെ തിരുമ്മു കേന്ദ്രങ്ങൾ
ബസിൽ നിന്നിറങ്ങി ഹൊഗെനക്കൽ വെള്ളച്ചാട്ടതിനടുത്തെക്ക് നടക്കുമ്പോൾ പുഴമീൻ വറുത്തു വിൽക്കുന്നവരും, തിരുമ്മുകാരും നിങ്ങളെ സ്വാഗതം ചെയ്യും. കരി ഓയിൽ പോലെയുള്ള എണ്ണ നിറച്ച കുപ്പികളും കയ്യിൽ പിടിച്ചു കൊണ്ട് തിരുമ്മുകാർ ഞങ്ങളുടെ പിറകെ കൂടി. അവരെ അവഗണിച്ചു കൊണ്ട് നേരെ നടന്നു ചെന്നത് തിരുമ്മുകാരുടെ കേന്ദ്രത്തിലേക്കാണ്. അവിടുത്തെ തിരുമ്മു പുരകൾ കണ്ടാൽ ഗുസ്തി ആശാന്റെ കളരി പോലെ തോന്നും. വൃത്തി ഹീനമായ പരിസരത്തിൽ സഞ്ചാരികളെ എണ്ണ തേച്ചു തിരുമ്മൽ തകൃതിയായി നടക്കുന്നു. 200 രൂപക്ക് ചെറിയ രീതിയിൽ തിരുമ്മി തലോടി വിടും. 600 രൂപ കൊടുത്താൽ കാര്യമായി തിരുമ്മും. തിരുമ്മലും കഴിഞ്ഞു ആൾക്കാർ ഷാമ്പുവും വാങ്ങിക്കൊണ്ടു വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാൻ പോകുന്നു.
വെള്ളച്ചാട്ടവും പരിസരവും മലിനമാക്കുന്നതിൽ ഇവിടുത്തെ തിരുമ്മുകാർ വലിയ പങ്കാണ് വഹിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ പരിസരത്തുള്ള തോടുകൾ മുഴുവൻ എണ്ണയും സോപ്പും കലർന്ന വെള്ളം ഒഴുക്കുന്നു. അതും പോരാഞ്ഞു, സഞ്ചാരികൾ ഉപേക്ഷിച്ച ഉടുവസ്ത്രങ്ങൾ തോടുകളിൽ കിടപ്പുണ്ട്. ആകെ മനം മടിപ്പിക്കുന്ന അന്തരീക്ഷം. മണ്ഡലക്കാലത്തെ ശബരിമലയിലെ മലീമസമായ പമ്പാ നദിക്കരയിൽ നിൽക്കുന്ന അനുഭവമാണ് ഇവിടെ നിൽക്കുമ്പോൾ ഓർത്തത്. ഒരു വെള്ളച്ചാട്ടത്തെ എങ്ങനെയൊക്കെ മലീമസമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഹൊഗെനക്കലിലെ വിനോദ സഞ്ചാര വ്യവസായം!!
വെള്ളച്ചാട്ടം
ഹൊഗെനക്കൽ വെള്ളച്ചാട്ടം മനോഹരമാണെങ്കിലും അത് ആസ്വദിക്കാനുള്ള അന്തരീക്ഷം തീരെയില്ല. തിരുമ്മുകാരുടേയും, കുളി ഭ്രാന്തന്മാരുടേയും തിരക്ക് കൊണ്ട് വിനോദ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ സാധിക്കുകയില്ല.
വെള്ളച്ചാട്ടത്തിനു കുറുകെയുള്ള ഇരുമ്പു പാലത്തിൽ കയറി നിന്നാൽ വെള്ളച്ചാട്ടവും പരിസര പ്രദേശങ്ങളും വിദൂര ദൃശ്യമായി കാണാൻ സാധിക്കും. |
മത്സ്യ കന്യകകൾ
ഹൊഗെനക്കൽ പോയി മടങ്ങി വരുന്നവർ ഇവിടുത്തെ പാകം ചെയ്തു വിൽക്കുന്ന മീനിന്റെ സ്വാദിനെക്കുറിച്ചൊക്കെ തട്ടി വിടുന്നത് കേട്ടതാണ് ഇവിടെ വരാനുള്ള പ്രധാന കാരണം. എവിടെയും പുഴ മീൻ വറുത്തു വില്ക്കുന്ന കടകൾ. സ്ത്രീകളാണ് മത്സ്യ കച്ചവടം നടത്തുന്നതും, പാകം ചെയ്യുന്നതും. മീൻ മസാല ചേർത്ത് വെച്ചിരിക്കുന്നതും, പാകം ചെയ്തു വെച്ചിരിക്കുന്നതും ഒക്കെ കണ്ടാൽ ആഹാര പ്രേമികളുടെ കണ്ണ് കുളിരും. പക്ഷെ തോടുകളിലെ മലിന ജലത്തിൽ മീനുകൾ വെട്ടി വൃത്തിയാക്കുന്നത് കണ്ടതോടെ വറുത്ത മീൻ കഴിക്കാനുള്ള കൊതി മാറ്റി വെച്ചു. ഇവിടെ നിന്ന് പാകം ചെയ്ത മീൻ കഴിക്കരുതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ!!
ഹൊഗെനക്കലിലെ കുട്ട വഞ്ചികൾ
ഹോഗനക്കളിലെ വിനോദ സഞ്ചാരം പ്രശസ്തിയാർജിക്കാനുള്ള പ്രധാന കാരണം ഇവിടുത്തെ കുട്ട വഞ്ചി (coracle) യാത്രയാണ്. സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം നൽകുന്നത് കൊട്ട വഞ്ചിയിലെ യാത്ര മാത്രമാണ്. ഞങ്ങൾ കൊട്ട വഞ്ചിയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് (750 രൂപ ടിക്കറ്റ് എടുത്താൽ നാല് പേർക്ക് യാത്ര ചെയ്യാം) എടുത്തു കൊണ്ട് കടവിലേക്ക് നടന്നു. കടവിലെത്തുന്നതിന് മുൻപായി ഞങ്ങൾക്ക് ലൈഫ് ജാക്കറ്റ് ധരിക്കാൻ കിട്ടി. കടവിൽ ധാരാളം വഞ്ചീശ്വരന്മാർ സഞ്ചാരികളെ കാത്തു കുട്ട വഞ്ചിയുമായി നിൽക്കുന്നു!!
കൊട്ട വഞ്ചികൾ കരയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. |
കുട്ട വഞ്ചിയുടെ ചട്ടക്കൂട് മുള കൊണ്ട് നിർമിച്ചിരിക്കുന്നു. അതിനെ പൊതിഞ്ഞു പ്ലാസ്റ്റിക് ഷീറ്റുകൾ ഉണ്ട്. ചോർച്ച തടയാൻ പ്ലാസ്റ്റിക് പുറം ഭാഗത്ത് ടാർ തേച്ചിരിക്കുന്നു. |
സഞ്ചാരികളെ കുട്ട വഞ്ചിയിൽ കയറ്റി ചെറിയ ഒരു കൈവഴിയിലൂടെ തുഴഞ്ഞു മറുകരയെത്തുന്നു. |
കുട്ട വഞ്ചി തോളിലേറ്റി കുറച്ചു നടന്ന ശേഷം വെള്ളച്ചാട്ടത്തിന്റെ കൈവഴിയിൽ എത്തിക്കുന്നു. അവിടെ നിന്ന് സഞ്ചാരികളെ വീണ്ടും വഞ്ചിയിൽ കയറ്റി സവാരി തുടരുന്നു. |
ചുഴി മലരികൾക്കിടയിലൂടെയുള്ള വഞ്ചി യാത്ര രസകരമാണ്. |
ഏകദേശം രണ്ടു മണിക്കൂറുകൾ കൊണ്ട് വെള്ളച്ചാട്ടത്തിന്റെ കൈവഴികളിലൂടെ വഞ്ചിയിൽ പോകാം. വെയിൽ കൊള്ളാതിരിക്കാൻ തൊപ്പി കരുതുന്നത് നല്ലത്. തുഴക്കാർ കുട്ട വഞ്ചി ജലപാതങ്ങളുടെ അരികിൽ എത്തിച്ചു കൊടുക്കും. പോകുന്ന വഴിയിൽ പാറക്കെട്ടുകൾക്കിടയിൽ ഇരുന്നു ചൂണ്ടയിടുന്ന ആൾക്കാരെ കാണാം. വഞ്ചി തുഴഞ്ഞു പോകുമ്പോൾ കാണുന്ന മറുകര കർണാടക സംസ്ഥാനം ആണ്. ആഴ്ച അവസാനങ്ങളിലും പൊതു അവധി ദിനങ്ങളിലും ഇവിടെ തിരക്ക് അനുഭവപ്പെടുമെന്ന് ഞങ്ങളുടെ തുഴച്ചിൽക്കാരൻ കുമാർ പറഞ്ഞു.
കുട്ട വഞ്ചി യാത്ര മാത്രമാണ് ഹൊഗെനക്കലിന്റെ പ്രധാന ആകർഷണത. പാറയിടുക്കുകൾക്കിടയിലൂടെയുള്ള വഞ്ചി യാത്ര സഞ്ചാരികൾക്ക് ഇഷ്ടപ്പെടും. കുടുംബാംഗങ്ങളുമായി വരാൻ പറ്റുന്ന നല്ല ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്.
കുട്ട വഞ്ചി യാത്ര മാത്രമാണ് ഹൊഗെനക്കലിന്റെ പ്രധാന ആകർഷണത. പാറയിടുക്കുകൾക്കിടയിലൂടെയുള്ള വഞ്ചി യാത്ര സഞ്ചാരികൾക്ക് ഇഷ്ടപ്പെടും. കുടുംബാംഗങ്ങളുമായി വരാൻ പറ്റുന്ന നല്ല ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്.
വളരെ നന്നായിട്ടുണ്ട്,ഞാനൊരു 10 വര്ഷം മുൻപേ പോയപ്പോൾ വെള്ളചാട്ടത്തിന് കുറച്ചു് കൂടി ഭംഗിയുണ്ടാരുന്നു എന്ന് തോന്നുന്നു☺
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായി സത്യസന്ധതയോടെ പറഞ്ഞു ..നല്ല യാത്രാവിവരണം ...ചിത്രങ്ങൾ എല്ലാം ഭംഗിയായി...ആകെ ഒരു യാത്ര ചെയ്ത അനുഭവം..യാത്ര മാഗസിൻപോലെ ഗംഭീരം ...excellent work
DeleteInnanu vayikkan pattiyathu..Valare nalla photos....kurachu koodi vivaranam akamayirunnu......Really good place....You are getting very good experiences and moments like this related to profession. Really lucky,....carry on.
ReplyDeleteSimple and interesting
ReplyDelete