വസ്ത്രങ്ങൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വാങ്ങുന്നത് പലപ്പോഴും ലാഭകരമാണ്. ബ്രാൻഡഡും, അല്ലാത്തവയുമായ വസ്‌ത്രങ്ങൾ ഓഫറുകൾ ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും വിലക്കുറവിൽ കിട്ടാറുണ്ട്. കൃത്യമായ അളവിൽ ഉള്ള വസ്‌ത്രങ്ങൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും എങ്ങനെ കിട്ടും എന്ന ആശയക്കുഴപ്പം എല്ലാവർക്കും ഉണ്ട്. വിവിധ കമ്പനികൾ നിർമ്മിക്കുന്ന വസ്ത്രങ്ങൾക്ക് ഒരേ അളവായിരിക്കില്ല. ഓൺലൈൻ സൈറ്റുകളിൽ കാണിച്ചിരിക്കുന്ന വസ്‌ത്രങ്ങൾ നിങ്ങൾക്ക് ചേരുന്ന അളവ് എങ്ങനെ നോക്കി വാങ്ങാം എന്നത് നമുക്ക് നോക്കാം. ആദ്യമായി തയ്യൽക്കാർ തുണി അളക്കാൻ ഉപയോഗിക്കുന്ന ഒരു ടേപ്പ് വാങ്ങുക. തയ്യൽ സാധനങ്ങൾ വാങ്ങുന്ന കടകളിൽ തുണി അളക്കുന്ന ടേപ്പ് വാങ്ങാൻ കിട്ടും.
Cloth measurement tape |
ഓൺലൈൻ ഷോപ്പുകൾ സന്ദർശിച്ചു നിങ്ങൾക്കിഷ്ടപ്പെട്ട വസ്‌ത്രം കണ്ടെത്തുക. ഫ്ലിപ്കാർട്ട് (Flipkart.com), മിന്ത്ര (Myntra.com), തുടങ്ങിയ സൈറ്റുകൾ തുണിത്തരങ്ങൾ വിൽക്കുന്നവയാണ്. ഉദാഹരണമായി നിങ്ങൾ ഒരു ഷർട്ട് വാങ്ങണമെന്നു കരുതുക. ഷർട്ട് കണ്ടെത്തിയ ശേഷം അതിനോടൊപ്പം ഉള്ള സൈസ് ചാർട്ട് തുറക്കുക. നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന കൃത്യമായ അളവിലുള്ള ഒരു ഷർട്ടു എടുത്തു വിവിധ അളവുകൾ താഴെ പറയുന്ന ചിത്രത്തിൽ കാണുന്ന രീതിയിൽ അളന്നു കുറിച്ച് വെക്കുക.
നിങ്ങളുടെ നിലവിലുള്ള ഷർട്ടിന്റെ അളവ് ഒരു മാനദണ്ഡമായി ഉപയോഗിക്കാം. ഷോൾഡർ, നെഞ്ച്, ഷർട്ടിന്റെ നീളം എന്നിവയാണ് പ്രധാനം. ഇപ്പോൾ ഉപയോഗിക്കുന്ന ഷർട്ടിന്റെ വിവിധ അളവ് കുറിച്ച ശേഷം വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന സൈസ് ചാർട്ട് നോക്കുക.
Size chart |
നിങ്ങളുടെ നിലവിലുള്ള ഷർട്ടിന്റെ അളവും, സൈസ് ചാർട്ടിൽ കാണിച്ചിരിക്കുന്ന അളവും തമ്മിൽ ചേർച്ചയുള്ള സൈസ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇങ്ങനെ അളവ് എടുത്തു വാങ്ങുന്ന വസ്‌ത്രങ്ങൾ കൃത്യമായി നിങ്ങൾക്ക് ചേരും.