വീട് എന്നത് മലയാളിക്ക് ആവശ്യത്തിനുപരിയായി അന്തസ്സ് സൂക്ഷിക്കേണ്ട ഒന്നായി മാറിക്കഴിഞ്ഞു. ഗൾഫ് പണത്തിന്റെ ഒഴുക്ക് മൂലം കീശ വീർത്ത മലയാളികൾ വീട് നിർമ്മാണത്തിൽ ആഡംബരത്തിനു പ്രാധാന്യം കൊടുക്കാൻ തുടങ്ങി. ഓല, ഓട് മേഞ്ഞ വീടുകൾക്ക് പകരം കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ സ്ഥാനം പിടിക്കാൻ തുടങ്ങി. ചാണകം മെഴുകിയ/ റെഡ് ഓക്സയിഡ് തറകൾ മൊസൈക്ക്, മാർബിൾ തറകൾക്കു വഴി മാറി കൊടുത്തു. ഉള്ളവനും, ഇല്ലാത്തവനുമെല്ലാം ഒരേ ഗൃഹനിർമ്മാണ ശൈലി പിന്തുടർന്നപ്പോൾ നിർമ്മാണ ചിലവ് കുതിച്ചുയർന്നു. ഭവന നിർമ്മാണം മലയാളി മധ്യവർഗത്തിനും, പാവപ്പെട്ടവനും പേടി സ്വപ്‍നം ആയി മാറി. വീട് നിർമ്മാണത്തിന് വരുത്തി വെച്ച സാമ്പത്തിക ബാധ്യത ആയുസ്സിന്റെ ഭൂരിഭാഗവും പേടി സ്വപ്നമായി പിന്തുടരും. മനോഹരമായ വീട്ടിൽ മനഃസമാധാനമില്ലാത്തവരായി ജീവിച്ചു ആയുസ്സു തീർക്കും.
കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങൾ മലയാളിയുടെ ഭവന നിർമ്മാണ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ പോരുന്നവയാണ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മനോഹര ഭവനങ്ങൾ പ്രളയം തകർത്തു കളഞ്ഞു. ഭവന നിർമ്മാണത്തിന് മുടക്കിയ ഉയർന്ന തുക വെള്ളം കൊണ്ട് പോയി. ഇനിയെങ്കിലും നമ്മൾ ഭവന നിർമ്മാണ രീതികളിൽ മാറ്റം വരുത്താൻ തയ്യാറാവണം. താഴെ പറയുന്ന കാര്യങ്ങൾ ഭവന നിർമ്മാണ രീതികളിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കും;
- ആഡംബരത്തിനും, പൊങ്ങച്ചത്തിനും അല്ല, പകരം ജീവിക്കാൻ ഒരു ഇടം എന്ന സങ്കൽപ്പത്തിൽ ഊന്നിയാകണം ഭവന നിർമ്മാണം.
- പ്രകൃതി ചൂഷണം പരമാവധി കുറഞ്ഞ ഭവന നിർമ്മാണ സാമഗ്രികൾ പ്രചാരത്തിൽ വരുത്തണം.
- ചിലവ് കുറഞ്ഞ ഭവന നിർമ്മാണ രീതികൾക്ക് സർക്കാർ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.
- ചിലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ പലിശക്ക് ബാങ്ക് ലോൺ സാധ്യമാക്കണം.
ഫോട്ടോ കടപ്പാട്: മലയാള മനോരമ
No comments:
Post a Comment