Sunday, December 13, 2020

CBSE എന്ന പല്ലില്ലാത്ത സിംഹം

കോവിഡ് കാലത്തെ സ്‌കൂൾ ഫീസിനെ സംബന്ധിച്ച് രക്ഷകർത്താക്കൾ ഹൈക്കോടതിയെ സമീപിച്ച വാർത്ത നമ്മൾ കണ്ടു. വരുമാനം കുറവായ കാലത്തു സഹികെട്ടിട്ടാവണം രക്ഷകർത്താക്കൾ കോടതിയെ സമീപിച്ചത്. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടാനുള്ള വകുപ്പൊന്നും  CBSE എന്ന സ്ഥാപനത്തിനില്ല. സാധാരണക്കാർ വിചാരിക്കുന്നത് CBSE എന്നത് സ്‌കൂളുകളുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ശക്തമായ ഒരു സംവിധാനമാണെന്നാണ്. അഫിലിയേഷൻ നൽകുന്ന ഒരു സ്ഥാപനം എന്നതിൽക്കവിഞ്ഞു സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നും അവരുടെ പക്കലില്ല. സംസ്ഥാനത്തെ എല്ലാത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളേയും നിയന്ത്രിക്കാനുള്ള അധികാരം അതതു സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. സ്വകാര്യ സ്‌കൂളുകളും പൊതു വിദ്യാഭ്യാസ ചട്ടം പാലിച്ചു പ്രവർത്തിക്കണമെന്നാണ്. സർക്കാർ സ്‌കൂളുകൾ പ്രവർത്തിക്കുന്ന മാതൃകയിൽ സമയക്രമമടക്കമുള്ള കാര്യങ്ങൾ സ്വകാര്യ സ്‌കൂളുകൾ പാലിക്കണം. സ്വകാര്യ സ്‌കൂളുകൾ അവർക്ക് തോന്നും പോലെ എല്ലാം ചെയ്യും. പാവം രക്ഷകർത്താക്കൾ വിചാരിക്കും സ്‌കൂൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം CBSE പറഞ്ഞിട്ടായിരിക്കുമെന്ന്. രക്ഷകർത്താക്കൾ സ്‌കൂൾ അധികാരികളെ ചോദ്യം ചെയ്‌താൽ കണ്ണുരുട്ടലും, ഭീഷണിയും അടക്കം ഉണ്ടാവും. കുട്ടികൾക്ക് അവിടെ പഠിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവും. അതിനാൽ പാവം രക്ഷകർത്താക്കൾ ഒന്നും മിണ്ടാതെ എല്ലാം സഹിക്കും. പിരിവുകൾ എല്ലാം മുറക്ക് നടക്കും. 

ഓരോ സംസ്ഥാനത്തും CBSE റീജിയണൽ കേന്ദ്രങ്ങൾ ഉണ്ട്. അവിടെയൊരു റീജിയണൽ ഓഫീസർ ഉണ്ടാവും. കേരളത്തിലുമുണ്ട് CBSE റീജിയണൽ ഓഫീസ്. ധൈര്യമുള്ള ഏതെങ്കിലും രക്ഷാകർത്താവ് സ്‌കൂളിനെപ്പറ്റി എന്തെങ്കിലും പരാതി CBSE യോട് പറഞ്ഞാൽ പറയും, കിട്ടുന്ന മറുപടി മിക്കവാറും ഇങ്ങനെയായിരിക്കും, “ഓരോ സംസ്ഥാനത്തെ വിദ്യാഭ്യാസ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പാണ്, അവരോട് പരാതി പറയുക”. പൊതു വിദ്യാഭ്യാസ വകുപ്പിനോട് പരാതി പറഞ്ഞാൽ, അവർക്കും ഇടപെടാൻ മടിയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും സ്വകാര്യ സ്‌കൂളുകളിന്മേലുള്ള തങ്ങളുടെ അധികാരത്തെക്കുറിച്ചു അവർക്കും ഗ്രാഹ്യമുണ്ടാവില്ല. അവർ പരാതി CBSE റീജിയണൽ ഓഫീസിലേക്ക് redirect ചെയ്‌തു കയ്യൊഴിയും. പരാതിയിൽ നടപടിയെടുക്കാൻ അധികാരമില്ലാത്ത CBSE പരാതി കയ്യിൽ വെച്ച് അന്തം വിട്ടിരിക്കും. കോടതിയെ സമീപിക്കുകയെന്നതാണ് പിന്നീടുള്ള വഴി. പൊതു വിദ്യാഭ്യാസ വകുപ്പിനേയും, CBSE, സ്‌കൂളിനേയും, കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യുമ്പോൾ എല്ലാരും ഉണരും. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടുന്നത് മിക്കവാറും അവസരങ്ങളിൽ കോടതിയാവും.

സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാരുടെ കാര്യമാണ് അതിലും കഷ്ടം. മാന്യമായ ശമ്പളം അവർക്കു കൊടുക്കുന്നുണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ നേരത്തെ കിട്ടിക്കൊണ്ടിരുന്ന ശമ്പളം മിക്ക സ്‌കൂളുകളിലും പകുതിയാക്കി. സംഘടിതരല്ലാത്ത സ്വകാര്യ സ്‌കൂൾ ജീവനക്കാരുടെ പരാതികൾ ആരും അറിയുന്നില്ല.

Monday, March 9, 2020

കൂന്തംകുളത്തെ പക്ഷി വിസ്‌മയം

കൂന്തംകുളത്തെ തടാകമാണ് പക്ഷികളുടെ പ്രധാന താവളം.
ജലപക്ഷികളെ നിങ്ങൾക്ക് അടുത്തു കാണണോ, കൂന്തംകുളത്തേക്ക് വരൂ. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി താലൂക്കിലെ, കൂന്തംകുളം ഗ്രാമത്തിലാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. നെൽവയലുകളും, പച്ചക്കറി കൃഷിയും ഉള്ള ഒരു ഉൾനാടൻ തമിഴ് ഗ്രാമം ആണ്. ജനവാസം താരതമ്യേന കുറവാണ്. തിരുനെൽവേലിയുടെ ജലസ്രോതസ്സായ താമരഭരണി നദി സൃഷ്ടിച്ച തടാകമാണ് നീർപക്ഷികൾക്കായി ഇവിടെ ആവാസ വ്യവസ്ഥ ഒരുക്കുന്നത്. വിവിധ ഇനത്തിൽപ്പെട്ട സഞ്ചാരി പക്ഷികൾ വിവിധ ദേശങ്ങൾ താണ്ടി ഡിസംബറിൽ ഇവിടെ എത്തുന്നു. ഇവിടെയെത്തി കൂട് കൂട്ടി മുട്ട വിരിഞ്ഞ ശേഷം, കുഞ്ഞുങ്ങളുമായി ജൂലൈ മാസത്തോടു കൂടി സ്വദേശത്തേക്കു തിരികെ പോകുന്നു. സൈബീരിയ, മധ്യ ഏഷ്യ, വടക്കേ ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആണ് പക്ഷികൾ എത്തുന്നത്. കൊറ്റി ഇനത്തിൽപ്പെട്ട പക്ഷികളെ ആണ് ഇവിടെ കൂടുതലായും കാണാൻ സാധിക്കുന്നത്.

പക്ഷി സംരക്ഷണം ജനപങ്കാളിത്തത്തോടെ 
ജനപങ്കാളിത്തത്തോടെ ആണ് ഇവിടെ പക്ഷി സങ്കേതം പരിപാലിക്കുന്നത്. പക്ഷികൾക്ക് ശല്യമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ഇവിടെയുള്ളവർ ചെയ്യാറില്ല. പക്ഷികൾ ഭാഗ്യം കൊണ്ട് വന്നു തരുന്നു എന്ന വിശ്വാസക്കാരാണ് കൂന്തംകുളത്തുകാർ. ആരും അവയെ ശല്യപ്പെടുത്താറില്ല. പക്ഷികൾക്കായി ദീപാവലിക്ക് ഗ്രാമവാസികൾ പടക്കം പൊട്ടിക്കുന്നത് പോലും ഉപേക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ പോലും അവയെ ശല്യപ്പെടുത്താറില്ല എന്ന് ഒരു ദിവസംത്തെ താമസം കൊണ്ട് ഞങ്ങൾക്ക് മനസ്സിലായി. തടാകത്തിലെ ജലം ആണ് ഇവിടെ കൃഷിക്ക് ഉപയോഗിക്കുന്നത്. പക്ഷി കാഷ്ടം വീണ തടാകത്തിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നത് കൂടുതൽ വിളവ് കിട്ടും എന്ന് ഗ്രാമവാസികൾ കരുതുന്നു.

കൂന്തംകുളത്തേക്കു പോകാം
കൂന്തംകുളത്തെ ജംഗ്ഷൻ.
തിരുനെൽവേലി   പട്ടണത്തിൽ നിന്നും 38 ദൂരമുണ്ട് കൂന്തംകുളത്തേക്ക്. തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവർക്ക് നാഗർകോവിൽ നിന്നും ട്രെയിൻ മാർഗം തിരുനെൽവേലിയിൽ ഇറങ്ങിയ ശേഷം ബസിൽ ഇവിടെയെത്താം. നല്ല റോഡ് ഇവിടേക്ക് ഉണ്ടെങ്കിലും ബസുകൾ കുറവാണ്. കാറിൽ എത്തുന്നവർക്ക് സമയ ലാഭം ഉണ്ട്. വളരെ ഉൾപ്രദേശത്തുള്ള ഒരു ഗ്രാമം ആയതിനാൽ കടകളോ, മറ്റു സംവിധാനങ്ങളോ ഒന്നുമില്ല. ജംഗ്ഷനിൽ ഒരു ചായക്കട ഉണ്ടെങ്കിലും, പ്രഭാത ഭക്ഷണം മാത്രമേ കിട്ടു. വൈകിട്ട് ചായയും, കടിയും കിട്ടും. ഭക്ഷണം കഴിക്കാൻ കിലോമീറ്ററുകൾ താണ്ടി വളരെ ദൂരം പോകണം. സ്വന്തം വാഹനത്തിൽ അല്ലാതെ ബസിൽ വരുന്നവർ ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണം കരുതി വേണം ഇവിടെ വരാൻ. അല്ലാത്ത പക്ഷം പട്ടിണി കിടന്നു കിളികളെ കാണേണ്ടി വരും. 

കൂന്തംകുളത്തെ കാഴ്‌ചകൾ
കൃഷിക്കായി നിലമൊരുക്കുന്ന കർഷകൻ.
ജനുവരി മുതൽ ജൂലൈ വരെയുള്ള സമയമാണ് ഇവിടെ പക്ഷികളെ അടുത്തു കാണാൻ പറ്റിയ കാലം.  ഞങ്ങൾ ഇവിടം സന്ദർശിച്ചത് ഫെബ്രുവരി അവസാന വാരമാണ്. കൂന്തംകുളത്തു ബസ് ഇറങ്ങി 'പറവൈ ശരണാലയം' എവിടെയെന്നു ഗ്രാമവാസികളോട് ചോദിക്കുക. നടപ്പാതയുടെ ഇരുവശത്തെ മരങ്ങളിലൊക്കെ പക്ഷിക്കൂടുകളും, അതിൽ ഇരിക്കുന്ന പക്ഷികളെയും കാണാം. ചില മരങ്ങളിൽ പക്ഷികൾ കൂട് നിർമ്മിക്കുന്ന തിരക്കിലാണ്. വേപ്പ് മരം, തമിഴ് നാട്ടിൽ വ്യാപകമായി കാണുന്ന സീമ കരുവേലം (Prosopis juliflora) എന്ന പൊക്കം കുറഞ്ഞ മരം എന്നിവയിൽ മാത്രമേ പക്ഷികൾ കൂടുകൾ കൂട്ടുന്നുള്ളു. കൈയ്യെത്തും ദൂരത്താണ് പക്ഷികൾ കൂട് കൂട്ടുന്നത്. നമ്മൾ അടുത്തുകൂടി നടന്നു പോകുന്നതൊന്നും പക്ഷികൾ ശ്രദ്ധിക്കുകയേയില്ല. ഈ ഗ്രാമത്തിലെ ജനങ്ങൾ പക്ഷികളോട് വളരെ സൗഹാർദ്ദപരമായാണ് പെരുമാറുന്നത്. വീടുകളോട് ചേർന്ന മരങ്ങളിലും മറ്റും ഭയമേതുമില്ലാതെ പക്ഷികൾ കൂട് കൂട്ടി കൊണ്ടിരിക്കുന്ന കാഴ്‌ച മനോഹരമാണ്. കൊറ്റി ഇനത്തിൽപ്പെട്ട Painted Stork എന്ന പക്ഷിയാണ്‌ എണ്ണത്തിൽ കൂടുതലും, കൂട് കൂട്ടൽ നടത്തിക്കൊണ്ടിരിന്നതും. നീണ്ട കൊക്കുകളും, കാലുകളും, ചിറകുകളും ഉള്ള ഭീമാകാരനായ വർണ്ണ കൊറ്റിയാണ് ഇവർ. വെള്ള നിറത്തോടൊപ്പം, പിങ്ക് നിറം കാണാം. ചിറകുകളുടെ അരികിൽ തിളങ്ങുന്ന കറുപ്പ് നിറം ഉണ്ട്. തിരക്കുള്ള വിമാനത്താവളത്തിൽ വിമാനങ്ങൾ തുടരെ ഉയരുകയും, താഴുകയും ചെയ്യുന്നത് പോലെ, കൊറ്റികൾ കൂട്ടിൽ നിന്നും വന്നും, പോയും ഇരിക്കുന്നു. കൂട് കൂട്ടാനുള്ള സാമഗ്രികൾ ശേഖരിക്കുന്ന തിരക്കിലാണവർ. 

കൂന്തംകുളത്തെ നാട്ടുവഴി.
ഏതാനും മിനുട്ടുകൾ നടന്നാൽ പക്ഷി സങ്കേത ഓഫീസിൽ എത്താം. ഒരു പാർക്കിനുള്ളിൽ ആണ് ഓഫീസ്. പാർക്കിനുള്ളിലൂടെ നടന്നാൽ വലിയ ഒരു തടാകം കാണാം. തടാകത്തിന്റെ നടുവിൽ ചെറിയ ദ്വീപുകൾ പോലെ മൺകൂനകളും, അതിൽ പൊക്കം കുറഞ്ഞ മരങ്ങളും, അതിൽ നിറയെ പക്ഷികളെയും കാണാം. തടാക കരയിൽ ബെഞ്ചുകൾ ഉണ്ട്. അവിടെയിരുന്നു പക്ഷികൾ ജലകേളികൾ നടത്തുന്നത് കാണാം. തടാക മധ്യത്തിലെ ദ്വീപുകളിലെ മരങ്ങളിൽ നിറയെ കൊറ്റികളുടെ കൂടുകളാണ്. താറാവ് പോലെയുള്ള ജലപക്ഷികൾ തടാകത്തിൽ നീന്തിക്കളിക്കുന്നതും, ജലമധ്യത്തിലെ ദ്വീപുകളിൽ വിശ്രമിക്കുന്നതും കാണാം. ഉയരത്തിൽ നിന്ന് കൊണ്ട് പക്ഷികളെ നിരീക്ഷിക്കാൻ വാച്ച് ടവറുകൾ ഉണ്ട്. പക്ഷികളെ അടുത്തു കാണാൻ ബൈനാക്കുലർ ഉണ്ടെങ്കിലേ സാധിക്കൂ. ബൈനോക്കുലർ മറക്കാതെ കൊണ്ട് വരിക. വെളുപ്പിനേയും, വൈകിട്ടും ആണ് പക്ഷികളുടെ സാന്നിധ്യം കൂടുതലുള്ള സമയം. അതിനാൽ ഇവിടെ തങ്ങി കാഴ്‌ചകൾ മുഴുവനായി ആസ്വദിക്കുന്നതാണ് നല്ലത്‌. ഇവിടെ വനംവകുപ്പിന്റെ വക അതിഥി മന്ദിരവും, ഡോർമിറ്ററിയും ഉണ്ട്. അതിഥി മന്ദിരത്തിൽ റൂമുകളുടെ എണ്ണം കുറവാണ്. ഒരു ദിവസം താങ്ങുന്നതിനു 600 രൂപ വാടക കൊടുത്താൽ മതി. മുറിയെടുക്കാൻ പാർക്കിനുള്ളിലെ ഓഫീസിൽ ചോദിച്ചാൽ മതി.

പക്ഷി നിരീക്ഷണം തടാകക്കരയിൽ മാത്രം ഒതുക്കാതെ ജംഗ്ഷനിൽ നിന്നും മറ്റു വഴികളിലൂടെ നടക്കുക. പോകുന്ന വഴിക്കെല്ലാം പക്ഷികളുടെ കൂടുകൾ കാണാം. വീടുകളോട് ചേർന്ന മരങ്ങളിൽ വരെ അവ കൂട് കെട്ടിയിരിക്കുന്നു. കൊച്ചു കുട്ടികൾ പക്ഷികളെ കണ്ടില്ല എന്ന മട്ടിൽ ഓടിക്കളിക്കുന്നതു കണ്ടു.

കൂന്തംകുളത്തെ ബാൽ പാണ്ട്യൻ
ഇടത്തെ അറ്റത്തു നിൽക്കുന്നത് ബാൽ പാണ്ട്യൻ.
കുന്ദംകുളത്തെ പക്ഷി സങ്കേതത്തിൽ വരുന്നവർ ബാൽ പാണ്ട്യനെ കാണാതെ പോകരുത്. ഈ പക്ഷി സങ്കേതത്തിന്റെ രക്ഷാധികാരിയാണ് ബാൽ പാണ്ട്യൻ എന്ന കുറിയ മനുഷ്യൻ. ഇവിടുത്തെ പക്ഷികളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും, പക്ഷികളുടെ ഇനങ്ങളെക്കുറിച്ചും എല്ലാം ബാൽ പാണ്ട്യൻ നന്നായി പഠിച്ച ആളാണ്. പക്ഷി സങ്കേതത്തെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്. കൂന്തംകുളത്തെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത് 1994ൽ ആണ്. ഒരു ബൈനോക്കുലറുമായി ബാൽ പാണ്ട്യൻ രാവിലെ എത്തും. ആദ്ദേഹത്തോട് സംസാരിച്ചാൽ അവിടെ വരുന്ന പക്ഷികളെക്കുറിച്ചു വിശദമായി പറഞ്ഞു തരും. കൂട്ടിൽ നിന്ന് താഴെ വീഴുന്ന കിളിക്കുഞ്ഞുങ്ങളെ പാറക്കമുറ്റുന്ന വരെ ബാൽ പാണ്ട്യന്റെ നേതൃത്വത്തിൽ ഇവിടെ സംരക്ഷിക്കും. കൂന്തംകുളം പക്ഷി സങ്കേതം എന്നാൽ ബാൽ പാണ്ട്യൻ എന്നയാളെ എല്ലാവരും സ്മരിക്കും.

പക്ഷികളെ ഇത്രയധികം അടുത്തു കാണാൻ പറ്റുന്ന ഒരു സ്ഥലം ഇന്ത്യയിൽ വേറെ ഉണ്ടാവില്ല. ഒരു ദിവസത്തെ താമസം കൊണ്ട് മനസ്സ് കുളിരും. കുടുംബമായി വന്നു പക്ഷികളെ താമസിക്കാനും, പക്ഷികളെ കാണാനും പറ്റിയ സ്ഥലമാണ് കൂന്തംകുളം.

Image and video courtesy: Abin KI

Sunday, February 2, 2020

അതിരമ്പുഴ ജോയൽ ഹോട്ടലിലെ ദോശയും ബീഫ് കറിയും

കോട്ടയം ഏറ്റുമാനൂരിന് അടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് അതിരമ്പുഴ. മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് അതിരമ്പുഴയിലാണ്. കോട്ടയത്ത് നിന്നും യൂണിവേഴ്‌സിറ്റി വഴി ഏറ്റുമാനൂർ പോകുന്ന ബസുകളെല്ലാം അതിരമ്പുഴ കടന്നാണ് പോകുന്നത്. അതിരമ്പുഴ ജംഗ്ഷൻ  മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചന്തയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. വളരെ പഴക്കമുള്ളതും, പ്രതാപത്തോടെ കച്ചവടം നടന്നിരുന്ന ഒരു ചന്തയാണിത്. പച്ചക്കറികൾ, മീൻ, ഇറച്ചി, പലവ്യഞ്ജനങ്ങൾ, മലഞ്ചരക്ക്, കാർഷിക സാമഗ്രികളുടെ മൊത്ത വിൽപ്പനയും, ചില്ലറ വിൽപ്പനയും നടത്തുന്ന കടകളാണ് അതിരമ്പുഴ ചന്തയുടെ പ്രത്യേകത. പഴയ ശൈലിയിലുള്ള കെട്ടിടങ്ങളും, കടകളും ഇപ്പോഴും ഇവിടെയുണ്ട്. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചത് കാരണം കച്ചവടം മറ്റിടങ്ങളിലേക്ക് മാറിയതു കൊണ്ടു പഴയ പ്രതാപമില്ല.


കേരളത്തിലെ എല്ലാ ചന്തകളിലും ഏതാനും നാടൻ ചായക്കടകൾ ഉണ്ടാവും. തൊഴിലാളികളുടെയും, സാധാരണക്കാരുടെയും വിശപ്പ് ശമിപ്പിക്കാൻ മിതമായ വിലക്ക് ഭക്ഷണം വിളമ്പുന്ന കടകളാവും അത്. അത്തരത്തിൽ ഒരു നാടൻ ചായക്കടയാണ് ജോയൽ റെസ്റ്റോറന്റ്. അതിരമ്പുഴ ജംഗ്‌ഷനിൽ തന്നെ റോഡരികിൽ ആണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴ ജംഗ്‌ഷനിൽ എത്തിയാലുടൻ തന്നെ ബസ്റ്റോപ്പിന്നു അടുത്തുള്ള കാപ്പിപ്പൊടി ഉണ്ടാക്കുന്ന മില്ലിൽ നിന്ന് ഉയരുന്ന വാസന നിങ്ങളിൽ ഉന്മേഷം നിറക്കും. ആ വാസനയും മനസ്സിൽ നിറച്ചു കൊണ്ട് ജോയൽ റെസ്റ്റോറന്റിലേക്കു നടക്കുക. ചെറിയ ഒരു കടയാണ് ഇത്. പൊറോട്ട, ദോശ, അപ്പം, ബീഫ് ഫ്രൈ-കറി, മുട്ടക്കറി, ചെറുകടികൾ തുടങ്ങിയവ ഇവിടെ ലഭിക്കും. ഉച്ച സമയത്തു് കഞ്ഞിയും ലഭിക്കും.


ഇവിടുത്തെ ബീഫ് കറിയും, ഫ്രൈയും ആണ് പ്രധാന ആകർഷണം. അത് കഴിക്കണമെങ്കിൽ ഉച്ചക്ക് ശേഷം 3 മണിയോടു കൂടി എത്തുക. പൊറോട്ടയോ, ദോശയോ ബീഫിനൊപ്പം കഴിക്കാം. ഇവിടുത്തെ ദോശയും പൊറോട്ടയും മികച്ചതാണ്. നിങ്ങൾ ദോശയും, പൊറോട്ടയും ബീഫിനൊപ്പം കഴിച്ചു നോക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ ദോശയാണ് ബീഫിനൊപ്പം കഴിക്കാൻ തിരഞ്ഞെടുക്കാറ്. കട്ടിയുള്ള, മാർദ്ദവമുള്ള വലുപ്പമുള്ള ദോശയാണ് ഇവിടെ തരുന്നത്. ഒന്നിലധികം പേരുണ്ടെങ്കിൽ ദോശയോടൊപ്പം ബീഫ് കറിയും, ഫ്രൈയ്യും ഓർഡർ ചെയ്യുക. ദോശയും, ബീഫും മേശമേൽ വൈകാതെ എത്തും. സാമ്പാറും, തേങ്ങാ ചമ്മന്തിയും ബക്കറ്റിൽ സമീപത്തുണ്ടാവും. വിളമ്പി തരുന്നയാൾ ചായ വേണമോ എന്ന് ആദ്യമേ ചോദിക്കും. ഇപ്പോൾ വേണ്ട എന്ന് പറയുക. ദോശ ചെറിയ കഷ്ണങ്ങളിലായി മുറിച്ചു ബീഫ് ചാറിൽ മുക്കി കഴിക്കുക. മുക്കി കഴിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ബീഫ് കറിയുടെ പ്ലേറ്റ് ദോശക്കു മുകളിലേക്ക് കമഴ്‌ത്തുക. സമയമെടുത്തു ആസ്വദിച്ചു കഴിക്കുക. അധികം എരിവില്ലാത്ത ബീഫ് കറിയാണ് ഇവിടെ തരുന്നത്. ഇടക്ക് ബീഫ് ഫ്രൈയിൽ നിന്നും  ഓരോ കഷ്ണങ്ങളെടുത്തു ചവക്കുക. കഴിക്കുന്നത് മധ്യസ്ഥായിൽ എത്തുമ്പോൾ കടുപ്പമുള്ള ചൂട് ചായ ഓർഡർ ചെയ്യുക. ബീഫ് കഴിച്ചു മദോന്മത്തമായ നാവിലേക്ക് കടുപ്പമുള്ള ചൂട് ചായ പകർന്ന് കൊടുക്കുക. ആഹ്, വാഹ്, എന്താ അനുഭവം. ഇതാണ് ജോയൽ റെസ്റ്റോറന്റിലെ ബീഫ് കറിയുടെയും, ഫ്രൈയുടെയും ഗുണം. ഇനി ഒട്ടും താമസിക്കണ്ട, അതിരമ്പുഴക്ക് വണ്ടി വിട്ടോളു.

Monday, January 20, 2020

ഞാൻ ലൈബ്രറിയൻ ആയിരിന്നെങ്കിൽ....

ലൈബ്രറികളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ വിശിഷ്ടാഥിതിയായി വരുന്നവർ പ്രസംഗത്തിനിടെ പറയുന്ന സ്ഥിരം വാചകമാണ്. "ഞാൻ ഈ പണി കിട്ടിയില്ലാരുന്നെങ്കിൽ ഒരു ലൈബ്രേറിയൻ ആകുമായിരിന്നു. എന്നിട്ട് രാവിലെ മുതൽ വൈകുന്നേരം വരെ ചുമ്മാ ഇരുന്നു പുസ്‌തകങ്ങൾ വായിച്ചു കൂട്ടിയേനെ".

ഇത്തരം വാചകങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി, റിസർച്ച് ലൈബ്രറികളിൽ ലൈബ്രേറിയന്മാർക്ക് പിടിപ്പതു പണിയുണ്ട്. മിക്ക ലൈബ്രറികളിലും ആവശ്യത്തിന് സ്റ്റാഫ് ഉണ്ടാവില്ല. അതിനാൽ തിരക്കോട് തിരക്കായിരിക്കും. ലൈബ്രറിയിലെ എല്ലാ പണികളും തനിയെ ചെയ്യേണ്ടി വരും. Multitasking ചെയ്യാൻ താൽപര്യവും, കഴിവും ഉള്ളവർക്ക് പറ്റിയ പണിയാണ് ലൈബ്രറിയൻ ആകുക എന്നത്. സാഹിത്യ അഭിരുചി (optional), വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരന്ന അറിവ്, കമ്പ്യൂട്ടർ ജ്ഞാനം (നന്നായിട്ടു വേണം), ഗവേഷണം, അധ്യാപനം, അഡ്മിനിസ്‌ട്രേഷൻ, ക്ലറിക്കൽ വർക്ക്, മാർക്കറ്റിംഗ് (അതില്ലെങ്കിൽ ആരും ലൈബ്രറിയിൽ വരില്ല), technical writing, event management എന്നീ ഗുണങ്ങൾ ഉണ്ടെങ്കിൽ നല്ല ഒരു ലൈബ്രേറിയൻ എന്ന പേര് കേൾപ്പിക്കാം. അല്ലാത്ത പക്ഷം ചീത്തപ്പേര് ആവും ഫലം. ഇതിനൊക്കെ പുറമെ ലൈബ്രറി ഭിത്തിയിൽ ആണി അടിക്കാൻ ഏണി വെച്ച് കേറേണ്ടി വരും, ഫ്യൂസ് പോയാൽ തനിയെ കെട്ടേണ്ടി വരും. അത്തരം പണിക്കും തയ്യാറായിരിക്കണം, ആരും സഹായത്തിനുണ്ടാവില്ല. അധ്യാപകർ പഠിപ്പിച്ചാലും, ഇല്ലെങ്കിലും സമൂഹം ഒരേ ബഹുമാനം കൊടുക്കും. ലൈബ്രേറിയൻ നന്നായി പ്രവർത്തിച്ചാലും മറ്റുള്ളവർ അംഗീകാരമോ, പ്രശംസയോ, ബഹുമാനമോ തരണമെന്നില്ല. ലൈബ്രറിയിൽ വരുന്നവർ ചേട്ടാ, ചേച്ചി എന്നൊക്കെ വിളിച്ചെന്നിരിക്കും!! അതൊക്കെ കേട്ട് വിഷമിക്കരുത് (മറ്റു ഓഫീസുകളിലെ പീയൂണിനെ പോലും പൊതുജനങ്ങൾ സാറേ എന്ന് വിളിക്കും). എത്ര ജോലി ചെയ്‌താലും ലൈബ്രറിയിലെ ജോലി quantify ചെയ്‌തു കാണിക്കാൻ പറ്റാത്തതു ഒരു പോരായ്മയാണ്. അത് കൊണ്ട് തന്നെ ലൈബ്രേറിയൻ ഒന്നും ചെയ്യുന്നില്ല എന്ന ധാരണ മേലധികാരികൾക്ക് ഉണ്ട്.

ലൈബ്രറിയിലെ ദൈനംദിന ജോലിക്ക് പുറമെ ലൈബ്രേറിയന്റെ തലക്കു മീതെ തൂങ്ങിക്കിടക്കുന്ന ഡെമോക്ളീസിന്റെ വാളുകളാണ്, PhD പൂർത്തിയാക്കുക, UGC NET കിട്ടിയില്ലെങ്കിൽ അതിന് ശ്രമിക്കുക, സർവീസ് വിഷയങ്ങൾ തീർക്കുക, ട്രെയിനിങ്-കോൺഫറൻസ് പങ്കെടുക്കുക, ജേർണൽ-കോൺഫറൻസ് പേപ്പറുകൾ എഴുതുക തുടങ്ങി സ്വന്തം പ്രൊമോഷൻ വേണ്ടിയുള്ള പണികൾ ഒരു വശത്തു കൂടി ചെയ്യണം. എല്ലാ ലൈബ്രേറിയന്മാരും മുകളിൽ പറഞ്ഞ ഗുണഗണങ്ങൾ ഉണ്ട് എന്ന് അർത്ഥമില്ല. എല്ലാ തൊഴിൽ മേഖലയിലെയും പോലെ സമർഥ്യം ഉള്ളവരും, ഇല്ലാത്തവരും ഒക്കെ ഉണ്ട്. പൊതുവെ മിക്ക ലൈബ്രേറിയന്മാരും പുതിയ അറിവ് സമ്പാദിക്കുന്നതിൽ മിടുക്കന്മാരാണ്. ട്രെയിനിങ്, കോൺഫറൻസ്, ലൈബ്രേറിയന്മാരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പുതിയ അറിവുകൾ ആർജ്ജിച്ചു കൊണ്ടിരിക്കും.

രാവിലെ ലൈബ്രറിയിൽ എത്തി കസേരയിൽ ഇരുന്നു പുസ്‌തകം വായിച്ചാൽ മതി എന്ന ലൈബ്രേറിയന്റെ ജോലിയെക്കുറിച്ചുള്ള മുൻവിധി മാറ്റുക പ്രസംഗ കേസരികളെ. പുസ്‌തകം വായിക്കാൻ ലൈബ്രേറിയൻ ആകേണ്ട കാര്യമില്ല. ഒരു Amazon Kindle E-reader വാങ്ങിയാൽ ലോകത്ത് എവിടെയും ഇറങ്ങിയ പുസ്തകങ്ങൾ മനസമാധാനത്തോടെ വായിക്കാം. ഇപ്പറിഞ്ഞതിനർത്ഥം, ലൈബ്രേറിയന്മാർ തീരെ പുസ്‌തക പുഴുക്കൾ അല്ല എന്നല്ല, ലൈബ്രേറിയന്മാരുടെ കൂട്ടത്തിലും ധാരാളം സാഹിത്യകാരന്മാരും, സാഹിത്യ അഭിരുചി ഉള്ളവരും, കലാകാരന്മാരും ഒക്കെ ഉണ്ട്.

പിൻവിളി: ഇത് വായിക്കുന്നവർ കാലാവധി കഴിഞ്ഞും കൈവശം സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ എത്രയും വേഗം ലൈബ്രറിയിൽ തിരികെ എൽപ്പിക്കുക. തിരുവനന്തപുരത്തുള്ള ഒരു പ്രസംഗ തൊഴിലാളി പല ലൈബ്രറികളിൽ നിന്നും എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കാതെ വീട്ടിൽ തന്നെ ഒരു ഹോം ലൈബ്രറി ഉണ്ടാക്കി എന്ന് കേട്ടിട്ടുണ്ട്.

Wednesday, January 1, 2020

ആറങ്ങോട്ടുകരയിലെ കളിമൺ വ്യവസായം

തൃശൂർ ജില്ലയുടെ അതിർത്തിയിലുള്ള ചെറിയ ഒരു ഗ്രാമമാണ് ആറങ്ങോട്ടുകര. പാലക്കാട് ജില്ലയോട് അതിരു പങ്കിടുന്ന ഒരു ഗ്രാമം ആണ്. കളിമൺ ഉൽപ്പന്ന നിർമ്മാണത്തിന് പേര് കേട്ട ഒരു പ്രദേശമാണിത്. കിണർ റിങ്ങുകൾ, പാചകത്തിന് ഉപയോഗിക്കുന്ന മൺപാത്രങ്ങൾ, ചെടിച്ചട്ടികൾ, പ്രതിമകൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങിയവയാണ് ഇവിടെ നിർമ്മിക്കുന്നത്. കിണറുകൾക്കു സാധാരണയായി കോൺക്രീറ്റ് റിങ്ങുകൾ ആണ് സാധാരണ ഉപയോഗിക്കാറ്. പക്ഷെ കളിമൺ റിങ്ങുകൾ പ്രകൃതിദത്ത വസ്‌തുവായ മണ്ണ് കൊണ്ട് നിർമിച്ചതാകയാൽ ആരോഗ്യത്തിനു നല്ലതാണ്, ജലത്തിന് നല്ല കുളിർമ്മയും കിട്ടും.

കളിമണ്ണ് കൊണ്ട് നിർമ്മിച്ച കിണർ റിങ്ങുകൾ.
നല്ല കളിമണ്ണ് ലഭിക്കാത്തതു വ്യവസായത്തെ ബാധിക്കുന്നുണ്ട് എന്ന് തൊഴിലാളികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിൽ കളിമണ്ണിന്റെ ലഭ്യത കുറഞ്ഞത് കൊണ്ട് ദൂര സ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നത് ചെലവ് കൂട്ടുന്നു.

കളിമണ്ണ് ചവിട്ടിക്കുഴച്ചു പരുവമാക്കുന്നു 
പാത്ര നിർമ്മാണത്തിനുള്ള കളിമണ്ണ് കുഴച്ചു വെച്ചിരിക്കുന്നു.


പാത്രങ്ങൾ ഉണങ്ങാൻ വെച്ചിരിക്കുന്നു.
പത്രങ്ങൾ ചൂളയിൽ വേകാൻ അടുക്കി വെച്ചിരിക്കുന്നു 
കളിമൺ വ്യവസായം പ്രതിസന്ധികളെ നേരിടുകയാണെന്ന് തൊഴിലാളികൾ സൂചിപ്പിച്ചു. നോട്ട് നിരോധനത്തിന് ശേഷം കച്ചവടം കുത്തനെ ഇടിഞ്ഞു. മുപ്പതിനായിരം രൂപയുടെ കച്ചവടം ദിവസേന നടന്നിരുന്ന സ്ഥാനത്തു ഇന്ന് തൊഴിലാളികൾക്ക് നൽകാനുള്ള ദിവസക്കൂലിക്കുള്ളതു പോലും കിട്ടുന്നില്ല. കുലത്തൊഴിൽ ആയതു കൊണ്ട് നിർമ്മാണം തീർത്തും നിർത്തി വെക്കുന്നില്ല എന്ന് അവർ പറഞ്ഞു.

കുറിപ്പ്: ആതിര മൺപാത്ര നിർമ്മാണ സ്ഥാപനം നടത്തുന്ന ശ്രീ. പൊന്നു ആണ് ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. കിണർ റിങ്ങുകൾ, പുകയില്ലാത്ത അടുപ്പുകൾ, കൂജ, ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ തുടങ്ങിയവ ഇദ്ദേഹം നിർമ്മിക്കുന്നുണ്ട്. Ponnu ഫോൺ നമ്പർ 9539642746, 9947984580