കോവിഡ് കാലത്തെ സ്‌കൂൾ ഫീസിനെ സംബന്ധിച്ച് രക്ഷകർത്താക്കൾ ഹൈക്കോടതിയെ സമീപിച്ച വാർത്ത നമ്മൾ കണ്ടു. വരുമാനം കുറവായ കാലത്തു സഹികെട്ടിട്ടാവണം രക്ഷകർത്താക്കൾ കോടതിയെ സമീപിച്ചത്. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടാനുള്ള വകുപ്പൊന്നും CBSE എന്ന സ്ഥാപനത്തിനില്ല. സാധാരണക്കാർ വിചാരിക്കുന്നത് CBSE എന്നത് സ്‌കൂളുകളുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ശക്തമായ ഒരു സംവിധാനമാണെന്നാണ്. അഫിലിയേഷൻ നൽകുന്ന ഒരു സ്ഥാപനം എന്നതിൽക്കവിഞ്ഞു സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നും അവരുടെ പക്കലില്ല. സംസ്ഥാനത്തെ എല്ലാത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളേയും നിയന്ത്രിക്കാനുള്ള അധികാരം അതതു സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. സ്വകാര്യ സ്‌കൂളുകളും പൊതു വിദ്യാഭ്യാസ ചട്ടം പാലിച്ചു പ്രവർത്തിക്കണമെന്നാണ്. സർക്കാർ സ്‌കൂളുകൾ പ്രവർത്തിക്കുന്ന മാതൃകയിൽ സമയക്രമമടക്കമുള്ള കാര്യങ്ങൾ സ്വകാര്യ സ്‌കൂളുകൾ പാലിക്കണം. സ്വകാര്യ സ്‌കൂളുകൾ അവർക്ക് തോന്നും പോലെ എല്ലാം ചെയ്യും. പാവം രക്ഷകർത്താക്കൾ വിചാരിക്കും സ്‌കൂൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം CBSE പറഞ്ഞിട്ടായിരിക്കുമെന്ന്. രക്ഷകർത്താക്കൾ സ്‌കൂൾ അധികാരികളെ ചോദ്യം ചെയ്‌താൽ കണ്ണുരുട്ടലും, ഭീഷണിയും അടക്കം ഉണ്ടാവും. കുട്ടികൾക്ക് അവിടെ പഠിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവും. അതിനാൽ പാവം രക്ഷകർത്താക്കൾ ഒന്നും മിണ്ടാതെ എല്ലാം സഹിക്കും. പിരിവുകൾ എല്ലാം മുറക്ക് നടക്കും.
ഓരോ സംസ്ഥാനത്തും CBSE റീജിയണൽ കേന്ദ്രങ്ങൾ ഉണ്ട്. അവിടെയൊരു റീജിയണൽ ഓഫീസർ ഉണ്ടാവും. കേരളത്തിലുമുണ്ട് CBSE റീജിയണൽ ഓഫീസ്. ധൈര്യമുള്ള ഏതെങ്കിലും രക്ഷാകർത്താവ് സ്‌കൂളിനെപ്പറ്റി എന്തെങ്കിലും പരാതി CBSE യോട് പറഞ്ഞാൽ പറയും, കിട്ടുന്ന മറുപടി മിക്കവാറും ഇങ്ങനെയായിരിക്കും, “ഓരോ സംസ്ഥാനത്തെ വിദ്യാഭ്യാസ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പാണ്, അവരോട് പരാതി പറയുക”. പൊതു വിദ്യാഭ്യാസ വകുപ്പിനോട് പരാതി പറഞ്ഞാൽ, അവർക്കും ഇടപെടാൻ മടിയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും സ്വകാര്യ സ്‌കൂളുകളിന്മേലുള്ള തങ്ങളുടെ അധികാരത്തെക്കുറിച്ചു അവർക്കും ഗ്രാഹ്യമുണ്ടാവില്ല. അവർ പരാതി CBSE റീജിയണൽ ഓഫീസിലേക്ക് redirect ചെയ്‌തു കയ്യൊഴിയും. പരാതിയിൽ നടപടിയെടുക്കാൻ അധികാരമില്ലാത്ത CBSE പരാതി കയ്യിൽ വെച്ച് അന്തം വിട്ടിരിക്കും. കോടതിയെ സമീപിക്കുകയെന്നതാണ് പിന്നീടുള്ള വഴി. പൊതു വിദ്യാഭ്യാസ വകുപ്പിനേയും, CBSE, സ്‌കൂളിനേയും, കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യുമ്പോൾ എല്ലാരും ഉണരും. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടുന്നത് മിക്കവാറും അവസരങ്ങളിൽ കോടതിയാവും.
സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാരുടെ കാര്യമാണ് അതിലും കഷ്ടം. മാന്യമായ ശമ്പളം അവർക്കു കൊടുക്കുന്നുണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ നേരത്തെ കിട്ടിക്കൊണ്ടിരുന്ന ശമ്പളം മിക്ക സ്‌കൂളുകളിലും പകുതിയാക്കി. സംഘടിതരല്ലാത്ത സ്വകാര്യ സ്‌കൂൾ ജീവനക്കാരുടെ പരാതികൾ ആരും അറിയുന്നില്ല.
No comments:
Post a Comment