Sunday, November 26, 2023

ഓൺലൈൻ പണമിടപാടുകളും, ക്രെഡിറ്റ് കാർഡുകളും


ഓൺലൈൻ പണമിടപാടുകളും, ക്രെഡിറ്റ് കാർഡുകളും വിപണിയിലേക്ക്‌ പണത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിന് നല്ലൊരു പങ്കാണ് വഹിക്കുന്നത്. റൂപേ ക്രെഡിറ്റ് കാർഡുകൾ UPI യുമായി ബന്ധിപ്പിച്ചതോടെ ചെറുകിട കച്ചവടക്കാരിലേക്കും ക്രെഡിറ്റ് കാർഡ് വഴി പണം കൈമാറാൻ ലളിതമായി സാധിക്കും. ഉന്നത-മദ്ധ്യവർഗ്ഗ ശ്രേണിയിലുള്ളവരിൽ നിന്നും പണം വിപണിയിൽ എത്തിക്കാൻ ക്രെഡിറ്റ് കാർഡുകൾക്ക് കഴിയും. വിപണിയിൽ ഉണർവ്വുണ്ടാകുന്നതിന്റെ നേട്ടം വ്യാപാരികൾക്കും, ചെറുകിട കച്ചവടക്കാർക്കുമാണ്. അവിടെ നിന്നും പണം സമൂഹത്തിന്റെ എല്ലാ തലത്തിലേക്കും എത്തുന്നു. 

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ വരവോടെയാണ് ക്രെഡിറ്റ് കാർഡുകളുടെ ജനപ്രീതി ഉയർന്നത്. ഉത്സവനാളുകളിൽ ഓൺലൈൻ വിൽപ്പന വളരെയധികം ഉയരാറുണ്ട്. മികച്ച ഓഫറുകൾ നൽകി, വിലക്കുറവോടെ സാധനങ്ങൾ വിൽക്കാൻ ഓൺലൈൻ വ്യാപാരികൾക്ക് സാധിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വഴി പണം സ്വീകരിച്ചുള്ള വിൽപ്പനയാണ് അടുത്തയിടെ കൂടുതൽ. ബാങ്കിങ് സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നത് ഉദാരമാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പൊതുമേഖലാ ബാങ്കുകൾ പോലും ക്രെഡിറ്റ് കാർഡുകൾ പിടിച്ചു ഏൽപ്പിക്കുന്നുണ്ട്.

പ്രാദേശിക വിപണികളിൽ ക്രെഡിറ്റ് കാർഡ് സ്വീകരിക്കാൻ വ്യാപാരികൾക്ക് വൈമുഖ്യമുണ്ട്. 1-2%  MDR (Merchant Discount Rate) ചാർജിനത്തിൽ ബാങ്കുകൾ വ്യാപാരികളിൽ നിന്നും  ഓരോ ഇടപാടിനും പിടിക്കുന്നുണ്ട്. 10000 രൂപയുടെ ഇടപാട് നടന്നാൽ രണ്ടു ശതമാനമായ 200 രൂപ ബാങ്ക് എടുക്കും. MDR ചാർജ് ഇടപാടുകാരിൽ നിന്നും ഈടാക്കരുതെന്നും നിബന്ധനയുണ്ട്. MDR ചാർജ് ഏറ്റെടുക്കാൻ വ്യാപാരികളും തയ്യാറല്ല. അവർ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല എന്ന നയമാണ് പിന്തുടരുന്നത്. കസ്റ്റമർ ക്രെഡിറ്റ് കാർഡ് നീട്ടിയാൽ POS മെഷീൻ കേടാണെന്നു പറയാറുണ്ട്. റൂപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് UPI ഇടപാട് നടത്തിയാൽ 2000 രൂപ വരെയുള്ള തുകക്ക് MDR ചാർജ് ഇല്ല. കറന്റ് അക്കൗണ്ട്  ഉപയോഗിക്കുന്ന UPI അക്കൗണ്ടുകൾക്ക് റൂപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുക സ്വീകരിക്കാം. വേണ്ടത്ര അവബോധമില്ലാത്തതിനാൽ വ്യാപാരികൾ എല്ലാവരും  ഈ സൗകര്യം ഉപയോഗിക്കാറില്ല.

കോട്ടയത്തെ ഒരു ഒരു പ്രമുഖ സ്‌കൂട്ടർ ഷോറൂമിൽ ഒരു ലക്ഷം രൂപ വിലവരുന്ന സ്‌കൂട്ടറിനെക്കുറിച്ചു ഞാൻ അന്വേഷിച്ചു. 80000 രൂപ പണമായി നൽകാം, 20000 രൂപ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ക്രെഡിറ്റ് കാർഡിന് ചാർജ് ഉള്ളതിനാൽ സ്വീകരിക്കാൻ പറ്റില്ലാന്ന് പറഞ്ഞു. 20000 രൂപയ്ക്കു 400 രൂപയോളം മാത്രമേ MDR ചാർജ് വരികയുള്ളൂ അത് ഡിസ്‌കൗണ്ട് ആയി തന്നു കൂടെ എന്ന് ഞാൻ ചോദിച്ചു. അവർ തീർത്തു പറഞ്ഞു പറ്റില്ലാന്ന് !! അവർ ഒന്ന് കൂടി പറഞ്ഞു, ഇങ്ങിനെ പത്തു പേര് വന്നാൽ, ഞങ്ങടെ കാശ് പോകില്ലെന്ന്!! നിങ്ങളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ 400 രൂപക്ക് വേണ്ടി ഒരു കച്ചവടം നഷ്ടപ്പെടുത്തില്ലാന്നു പറഞ്ഞിട്ട് ഫോൺ വെച്ചു. 
 
ചുരുക്കം പറഞ്ഞാൽ പ്രാദേശികമായി നടക്കേണ്ട കച്ചവടങ്ങൾ ഭൂരിഭാഗവും ഓൺലൈൻ ആക്കി ഉപഭോക്താക്കൾ. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, തുണി, പലവ്യഞ്ജന സാധനങ്ങൾ വരെ ഓൺലൈൻ വാങ്ങാൻ കിട്ടും. പ്രമുഖ കമ്പനികളുടെ സ്‌കൂട്ടറുകൾ, ബൈക്കുകൾ മുഴുവൻ പണവുമടച്ചു  ഓഫറുകളോടെ ഫ്ലിപ്കാർട്ട്, ആമസോൺ വഴി വാങ്ങാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിച്ചിട്ടു, പിരിവിനായി കടയിൽ വന്നേക്കരുതെന്ന ക്യാമ്പയിൻ ഒക്കെ പ്രചാരത്തിലുണ്ട്. കാലത്തിനൊത്തു മാറുകയും, ഉപഭോക്താവിന്റെ മനസ്സറിഞ്ഞു നിൽക്കുകയും ചെയ്തില്ലെങ്കിൽ പ്രാദേശിക വ്യാപാരങ്ങൾ കഷ്ടത്തിലാകും. അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരുടെ കാര്യവും ദയനീയമാകും. കേന്ദ്ര സർക്കാരും, റിസർവ്വ് ബാങ്കും വിചാരിച്ചാൽ MDR ചാർജ് കുറക്കാൻ സാധിക്കും, വ്യാപാരികൾ കാർഡ് സ്വീകരിക്കാൻ തയ്യാറാകും. 

Tuesday, October 17, 2023

തെയ്യം കലണ്ടർ


ബ്രാഹ്മണവൽക്കരിക്കപ്പെട്ടു പോകാത്ത ദ്രാവിഡ അനുഷ്ടാനമാണ് തെയ്യം. ഉത്തരമലബാറിൽ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തിന്റെ വരവോടുകൂടിയാണ് . മലബാറിൽ തെയ്യം സീസൺ തുടങ്ങാറായി. തെയ്യം കലണ്ടർ കേരള വിനോദ സഞ്ചാര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. തെയ്യം നടക്കുന്ന കൂടുതൽ കാവുകളിലെ വിവരങ്ങൾ കലണ്ടറിൽ ചേർക്കുമെന്ന് കരുതുന്നു. തെയ്യക്കാലം ഇവിടെ ആരംഭിക്കുന്നു.

തെയ്യം കലണ്ടർ ലിങ്ക്, https://www.keralatourism.org/theyyamcalendar/index.php?page=0#searchshow

മിതമായ നിരക്കിൽ പി ഡബ്യുഡി റസ്റ്റ് ഹൌസുകളിൽ താമസിക്കാം


കേരളത്തിനുള്ളിൽ ഏതു ജില്ലയിലും കുടുംബ സമേതമോ, അല്ലാതെയോ യാത്ര ചെയ്യുമ്പോൾ മിതമായ നിരക്കിൽ താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതുമരാമത്തു വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും പി ഡബ്യുഡി റസ്റ്റ് ഹൌസുകളുണ്ട്. റസ്റ്റ് ഹൌസുകൾ എല്ലാം തന്നെ നവീകരിച്ചതും, മികച്ച സൗകര്യങ്ങൾ ഉള്ളവയുമാണ്. ഓൺലൈൻ ബുക്കിംഗ് നടത്തി താമസ സൗകര്യം നേരത്തെ ഉറപ്പു വരുത്തണം. താമസിക്കാൻ സാധിച്ചില്ലെങ്കിൽ ക്യാൻസൽ ചെയ്യാവുന്നതാണ്.  ഈ സൗകര്യം ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ കുടുംബവുമൊത്തു  കേരളത്തിലെ വിവിധ ഭാഗങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങൾ സന്ദർശിക്കാവുന്നതാണ്.

റൂമുകൾ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ ലിങ്ക്,

https://resthouse.pwd.kerala.gov.in/checking/check_rate_stay

Tuesday, January 31, 2023

കോട്ടക് ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ട്

ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (Basic Savings Bank Deposit Account) പ്രധാനമന്ത്രി ജൻ ധൻ യോജന എന്ന പദ്ധതിയുടെ ഭാഗമാണ്. മറ്റു സേവിങ്സ് അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുക മിച്ചം സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. ജനങ്ങളെ ബാങ്കിങ് സേവനങ്ങളുമായി കൂടുതൽ പരിചയം ഉണ്ടാക്കുക എന്നതായിരുന്നു 2014 ൽ തുടങ്ങിയ പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയുടെ പ്രധാന ലക്‌ഷ്യം. അക്കൗണ്ട് ഉടമക്ക് റൂപേ ഡെബിറ്റ് കാർഡ്, ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ചെറിയ തുകകൾ സൂക്ഷിക്കാനും, യൂപിഐ ആപ്പുകളിൽ ചേർക്കാനും സീറോ ബാലൻസ് അക്കൗണ്ട് അനുയോജ്യമാണ്. 

സ്വകാര്യ, പൊതുമേഖല ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭ്യമാക്കണം എന്നതായിരുന്നു നിബന്ധന. ഇത് പ്രകാരം സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭ്യമാണെന്ന കാര്യം എല്ലാ ബാങ്കുകളുടേയും വെബ്‌സൈറ്റിൽ ഉണ്ട്. അക്കൗണ്ട് എടുക്കാൻ ബാങ്കിൽ ചെന്ന് കഴിഞ്ഞാൽ ഉഴപ്പൻ സമീപനമാണ് ജീവനക്കാർ സ്വീകരിക്കുന്നത്. ഈ ബ്രാഞ്ചിൽ സീറോ ബാലൻസ് അക്കൗണ്ട് ഇല്ല, സീറോ ബാലൻസ് അക്കൗണ്ട് കൊള്ളില്ല, മറ്റു സേവിങ്സ് അക്കൗണ്ട് എടുത്തു കൂടെ എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങൾ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകും. ചുരുക്കം പറഞ്ഞാൽ സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ ചെല്ലുന്നവരെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണുള്ളത്. ജീവനക്കാരോട് തർക്കിക്കാനും, ചോദ്യം ചെയ്യാനും സമയമില്ലാത്തതിനാൽ ആരും സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ പിന്നീട് ശ്രമിക്കാറില്ല. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഒഴികെ എല്ലാ സേവിങ്സ് അക്കൗണ്ടുകളും ഓൺലൈൻ ആയി തുറക്കാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. 

കൊട്ടക് മഹിന്ദ്ര ബാങ്ക് ഓൺലൈൻ ആയി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയ അപൂർവ്വം ബാങ്കുകളിൽ ഒന്നാണ്. Kotak811 എന്ന ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തു അക്കൗണ്ട് തുറക്കാം. വെബ്‌സൈറ്റിൽ നിന്നും സീറോ ബാലൻസ് അക്കൗണ്ട് തുറക്കാവുന്നതാണ്. വീഡിയോ കെവൈസി ഉണ്ടാവും. ഡെബിറ്റ് കാർഡ് ആവശ്യമെങ്കിൽ 299 രൂപ അടച്ചാൽ ലഭ്യമാണ്. ബേസിക് അക്കൗണ്ട് കിട്ടിക്കഴിഞ്ഞാൽ Kotak811 ആപ്പ്  കളയാവുന്നതാണ്. ബാങ്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊണ്ട്, ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാവുന്നതാണ്. 

Sunday, January 22, 2023

എന്ത് കൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണം

Image courtesy: cardinfo.in

സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. സാങ്കേതികവിദ്യ ഒഴിവാക്കി ജീവിക്കുകയെന്നത് ഇന്ന് തീരെ സാധ്യമല്ല. ഭൂരിഭാഗം പേരുടേയും വരുമാനത്തിൽ കുത്തനെ വർദ്ധന ഉണ്ടാകുന്നില്ല. അതേ സമയം ദൈനംദിന ചിലവുകൾ അടിക്കടി വർദ്ധിക്കുകയും ചെയ്യുന്നു. ദിവസ/മാസ വരുമാനക്കാരെ സംബന്ധിച്ചു പണം വരുന്നതും, ചിലവാകുന്നതും ദ്രുതഗതിയിലാണ്. ശമ്പള ദിനങ്ങൾ കഴിഞ്ഞാൽ വിവിധ ആവശ്യങ്ങൾക്ക് ബന്ധുക്കളോടും, സുഹൃത്തക്കളോടും പണം കടം വാങ്ങേണ്ടി വരുന്നത് വിഷമകരമാണ്. അവരും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടാവും. ഒഴിവാക്കാനാവാത്ത ദൈനംദിന ചിലവുകളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാമ്പത്തിക ഉപാധികൾ കണ്ടെത്തേണ്ടത് സുഗമമായ ജീവിതത്തിനു ആവശ്യമാണ്.

ബില്ലുകൾ, നിത്യോപയോഗ സാധനങ്ങൾ, മറ്റു അത്യാവശ്യ വസ്തുക്കൾ എല്ലാം തന്നെ ഡിജിറ്റൽ പണമിടപാടിലൂടെ നടത്താൻ കഴിയും. ഇലക്ട്രോണിക് വിനിമയം കൂടി വരുന്ന ഇക്കാലത്തു പണം ഫലപ്രദമായി കൈകാര്യം ചെയ്യാൻ നിരവധി ഉപാധികളുണ്ട്. യൂപിഐ, ഡെബിറ്റ് കാർഡ് എന്നീ പ്രീപെയ്ഡ് സാദ്ധ്യതകൾ വ്യാപകമായി ഉപയോഗിച്ച് വരുന്നു. അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ മാത്രമേ പ്രീപെയ്ഡ് രീതിയിലുള്ള സങ്കേതങ്ങൾ ഉപയോഗിക്കാനാവൂ. പാചകവാതകം, വൈദ്യുതി, വെള്ളം, ഇൻഷുറൻസ്, തുടങ്ങിയ അടവുകൾ മുടങ്ങിയാൽ ജീവിതം സ്തംഭിക്കുന്ന അവസ്ഥയിൽ എത്തിച്ചേരും. ഇത്തരം അവസരങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടിനെ സമർത്ഥമായി നേരിടാൻ ക്രെഡിറ്റ് കാർഡ് മതിയാവും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ധനവിനിമയം നടത്തുമ്പോൾ ധാരാളം ഇളവുകളും, സൗജന്യങ്ങളും ലഭിക്കും.

എന്താണ് ക്രെഡിറ്റ് കാർഡ്?

പണം കടമായി കിട്ടാനുള്ള ഒരു സാമ്പത്തിക ഉപാധിയാണ് ക്രെഡിറ്റ് കാർഡ്. മാസ വരുമാനത്തിന്റെ രണ്ടോ, മൂന്നോ ഇരട്ടിയായിരിക്കും ക്രെഡിറ്റ് കാർഡ് വഴി കടം കിട്ടുന്ന പണത്തിന്റെ പരിധി. സാധാരണ ബാങ്ക് ലോണിൽ നിന്നും വ്യത്യസ്തമാണ് ക്രെഡിറ്റ് കാർഡ്. ലോണിനു അപേക്ഷിക്കുമ്പോൾ ഓരോ തവണയും അപേക്ഷയും, ഈടും നൽകണം. ക്രെഡിറ്റ് കാർഡ് ലഭിക്കാൻ ഒറ്റ തവണ മാത്രം അപേക്ഷയും, വരുമാനം തെളിയിക്കുന്ന രേഖകളും നൽകിയാൽ മതിയാവും, തുടർച്ചയായി പണം കടം കിട്ടും. ഡെബിറ്റ് കാർഡിന് സമാനമായ പ്ലാസ്റ്റിക് കാർഡും ബാങ്കിൽ നിന്നും ലഭിക്കും. POS മെഷീനുകളിൽ സ്വൈപ്പ് ചെയ്യാം, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ കാർഡ് വിവരങ്ങൾ നൽകി ഇടപാടുകൾ നടത്താം.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏതൊക്കെ ഇടപാടുകൾ നടത്താം?

ബില്ലുകൾ അടക്കൽ (വൈദ്യുതി, ഇന്റർനെറ്റ്, വെള്ളം, ഇൻഷുറൻസ്, വീട്ടുവാടക എന്നിവ).
വിനോദ ഉപാധികൾ (സിനിമ ടിക്കറ്റ്, ഒടിടി വരിസംഖ്യ).
ഓൺലൈനും, അല്ലാത്തതുമായ ഷോപ്പിംഗ്.
ട്രെയിൻ, ബസ്, വിമാന ടിക്കറ്റുകളുടെ ബുക്കിംഗ്.
മൊബൈൽ റീചാർജിങ്.
പാചകവാതക ബുക്കിംഗ്.
ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നതിന്.
വാലറ്റുകളിലേക്കു പണം ഇടുന്നതിനും ഉപയോഗിക്കാം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്?

ക്രെഡിറ്റ് കാർഡ് ലഭിക്കുമ്പോൾ തന്നെ വിവിധ തുകയുടെ (ഉദാ. 500, 1000) ഷോപ്പിംഗ് ഗിഫ്റ്റ് വൗച്ചറുകൾ ഉപഭോക്താവിന് നൽകാറുണ്ട്.
ഓരോ ഇടപാട് നടത്തുമ്പോഴും നടത്തുമ്പോൾ കിട്ടുന്ന ഇളവുകൾ. ഉദാഹരണമായി, വിവിധതരം ബില്ലുകൾ അടയ്ക്കുമ്പോൾ 1 മുതൽ 5 ശതമാനം വരെ ഇളവ് നൽകാറുണ്ട്. ഇളവുകൾ റിവാർഡ് പോയിന്റുകളായോ, ക്യാഷ് ബാക്കായോ തരും. റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം, അല്ലാത്ത പക്ഷം ബില്ലിൽ തന്നെ ആ തുക കുറച്ചു തരും.

കാർഡ് ഉപയോഗിക്കുന്നത് കൊണ്ട് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടാൻ ഇടയാകുന്നു. മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോണുകൾ, മറ്റു ക്രെഡിറ്റ് കാർഡുകൾ ലഭിക്കാനുള്ള സാധ്യത കൂടുന്നു.

എയർപോർട്ട്/റെയിൽവേ ലോഞ്ച് സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം. വിമാനത്താവളത്തിനുള്ളിലെ പണം കൊടുത്തു ഉപയോഗിക്കാനുള്ള വിശ്രമ സങ്കേതമാണ് ലോഞ്ച്. അവിടെ ഭക്ഷണശാല, കഫറ്റീരിയ, വിശ്രമിക്കാനുള്ള ഇടം, കമ്പ്യൂട്ടർ സൗകര്യം എന്നിവയുണ്ടാകും. വർഷത്തിൽ എത്ര തവണ സൗജന്യമായി ലോഞ്ച് ഉപയോഗിക്കാമെന്നത് കാർഡിന്റെ ഇനം അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

ക്രെഡിറ്റ് കാർഡ് എങ്ങിനെ കിട്ടും?

ബാങ്കിങ് സ്ഥാപനങ്ങളാണ് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത്. ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു ഓൺലൈൻ ആയോ, ബ്രാഞ്ച് സന്ദർശിച്ചു നേരിട്ടും അപേക്ഷ കൊടുക്കാവുന്നതാണ്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചാൽ ബാങ്കിൽ നിന്നും നേരിട്ട് വെരിഫിക്കേഷൻ നടത്താൻ ജീവനക്കാർ വന്നേക്കാം. ബ്രാഞ്ച് വഴി അപേക്ഷ സമർപ്പിച്ചാൽ വെരിഫിക്കേഷൻ നടത്തിയ ശേഷമാവും ജീവനക്കാർ അപേക്ഷ അപ്‌ലോഡ് ചെയ്യുന്നത്.

ക്രെഡിറ്റ് കാർഡ് കിട്ടാൻ എന്തൊക്കെ രേഖകൾ സമർപ്പിക്കണം?

അപേക്ഷകന്റെ മേൽവിലാസം തെളിയിക്കാൻ ഉതകുന്ന രേഖകൾ; ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് മതിയാവും.

വരുമാനം തെളിയിക്കാൻ ശമ്പള സ്ലിപ്, വരുമാന നികുതി അടച്ചതിന്റെ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് ഇവയിൽ ഏതു വേണമെങ്കിലും ബാങ്ക് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മിക്കവാറും വരുമാനനികുതി അടച്ചതിന്റെ രേഖകൾ ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. അതില്ലാത്തവർ വിഷമിക്കേണ്ട കാര്യമില്ല, ചില ബാങ്കുകൾ ബാങ്ക് സ്റ്റേറ്റ്മെന്റ് മാത്രമേ വരുമാനം തെളിയിക്കാൻ ആവശ്യപ്പെടാറുള്ളൂ. അത്തരം കാർഡുകൾ കണ്ടുപിടിച്ചു അപേക്ഷിക്കുക, ഉദാ. ബാങ്ക് ഓഫ് ബറോഡ സ്നാപ്പ് ഡീൽ (BOB Snapdeal) ക്രെഡിറ്റ് കാർഡ്. വലിയ പ്രചാരമില്ലാത്ത ക്രെഡിറ്റ് കാർഡുകളുടെ വിതരണം കൂട്ടാൻ അധികം രേഖകൾ ചോദിച്ചു ഉപഭോക്താക്കളെ വിഷമിപ്പിക്കാറില്ല. ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടാൽ അതിന്റെ ഈടിൽ ക്രെഡിറ്റ് കാർഡ് അനുവദിക്കുന്ന ബാങ്കുകൾ ഉണ്ട്, ഉദാ. One Card, IDFC card.

ഓൺലൈൻ അപേക്ഷയാണെങ്കിൽ വീഡിയോ KYC ഉണ്ടാവും. യഥാർത്ഥ ആധാർ/പാൻകാർഡ് കാമറ വഴി കാണിച്ചു കൊടുക്കണം. പാൻകാർഡ് നമ്പർ ഉപയോഗിച്ച് കൊണ്ട് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ കൂടി പരിശോധിച്ച ശേഷമാവും കാർഡ് അനുവദിക്കുന്നതിൽ തീരുമാനമെടുക്കുന്നത്. CIBIL ആണ് ബാങ്കുകൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് സ്കോർ. അപേക്ഷ നൽകുന്നതിന് മുൻപ് CBIL വെബ്സൈറ്റ് സന്ദർശിച്ചു സ്കോർ അറിയാവുന്നതാണ്. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ക്രെഡിറ്റ് കാർഡ് അപേക്ഷയിൽ ബാങ്ക് അന്തിമ തീരുമാനമെടുക്കുന്നത്. ക്രെഡിറ്റ് സ്കോർ കൂടുതൽ ഉള്ളത് കൊണ്ട് ക്രെഡിറ്റ് കാർഡ് കിട്ടണമെന്നില്ല.

ക്രെഡിറ്റ് സ്കോർ എങ്ങിനെ കിട്ടും?

ബാങ്കിങ് ഇടപാടുകൾ തീരെയില്ലാത്തവർക്ക് ക്രെഡിറ്റ് സ്കോർ ഉണ്ടാവില്ല. വിവിധ തരം ലോണുകൾ (വാഹന, ഗൃഹ, സ്വർണ്ണ പണയ വായ്പ്പകൾ), ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ പേ ലേറ്റർ (Pay Later), ഇഎംഐ വായ്‌പകൾ എടുക്കുകയും കൃത്യമായി അടക്കുകയും ചെയ്യുന്നവർക്ക് ക്രെഡിറ്റ് സ്കോർ ഉണ്ടാവും.

ക്രെഡിറ്റ് സ്കോർ തീരെയില്ലാത്തവർക്കു കുറച്ചു നാൾ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്. മുകളിൽ പറഞ്ഞ ഏതെങ്കിലും വായ്‌പകൾ എടുത്തു ക്രമേണ മികച്ച ക്രെഡിറ്റ് സ്കോർ വളർത്തിയെടുക്കാം. ക്രെഡിറ്റ് സ്കോർ വളർത്തിയെടുക്കും വരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തവർ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു കൊണ്ട് അനുവദിക്കുന്ന കാർഡിന് അപേക്ഷിക്കുക. ഏതാനും മാസത്തെ ക്രെഡിറ്റ് കാർഡ് ബിൽ അടച്ചു കഴിയുമ്പോൾ ക്രെഡിറ്റ് സ്കോർ മികച്ച നിലയിൽ എത്തിയിട്ടുണ്ടാവും. മികച്ച ക്രെഡിറ്റ് സ്കോർ ആയ ശേഷം മറ്റു ക്രെഡിറ്റ് കാർഡുകൾക്കു അപേക്ഷിക്കാം.

ക്രെഡിറ്റ് കാർഡുകൾക്കു ഫീസ് ഉണ്ടോ?

ജോയിനിംഗ് ഫീസ്, വാർഷിക വരിസംഖ്യ എന്നിങ്ങനെ രണ്ടു തരം ചാർജുകളാണ് ഉപഭോക്താവിൽ നിന്ന് കാർഡുകൾ പൊതുവേ ഈടാക്കുന്നത്. മുകളിൽ പറഞ്ഞ രണ്ടു തരം ഫീസുകൾ ഈടാക്കാത്ത കാർഡുകളും ഉണ്ട്, അത്തരം കാർഡുകൾ Life Time Free (LTF) കാർഡുകൾ എന്നാണറിയപ്പെടുന്നത്. ഒരു നിശ്ചിത തുക ഒരു വർഷം കാർഡ് ഉപയോഗിച്ച് ചിലവാക്കുകയാണെങ്കിൽ വാർഷിക വരിസംഖ്യ ഒഴിവാക്കിക്കൊടുക്കുന്ന നയമാണ് മിക്ക കാർഡുകളും പിന്തുടരുന്നത്. വാർഷിക വരിസംഖ്യ ഈടാക്കുന്ന കാർഡുകൾ ഓരോ ഇടപാടിനും കൂടുതൽ കിഴിവുകൾ നൽകി മികച്ച ആനുകൂല്യങ്ങൾ നൽകി വരുന്നതായാണ് കാണുന്നത്. കമ്പനി പറയുന്ന അത്രയും തുകയുടെ വാർഷിക ഉപഭോഗമുണ്ടെങ്കിൽ വാർഷിക വരിസംഖ്യ ഈടാക്കുന്ന കാർഡുകൾ എടുക്കുന്നതിൽ മടി കാണിക്കേണ്ടതില്ല. തുടക്കക്കാരെ ആകർഷിക്കുന്നതിനാണ് കാർഡുകൾ LTF ആക്കുന്നത്, അത്തരം കാർഡുകൾക്കു ആനുകൂല്യങ്ങൾ കുറവായിരിക്കും.

ക്രെഡിറ്റ് കാർഡുകൾ എത്ര തരമുണ്ട്?

ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ വേണം ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കേണ്ടത്.

ലൈഫ് സ്റ്റൈൽ കാർഡുകൾ: നിത്യോപയോഗത്തിനുള്ള കാർഡുകളാണ്, ഷോപ്പിംഗ്, വിനോദപാധികൾ, യാത്ര എന്നീ കാര്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

റിവാർഡ് കാർഡുകൾ: വിവിധ തരത്തിലുള്ള റിവാർഡുകൾ, ക്യാഷ്ബാക്ക് എന്നീ രൂപത്തിൽ പ്രതിഫലം നൽകുന്ന കാർഡുകളാണ്.
ഷോപ്പിംഗ് കാർഡുകൾ: ഓൺലൈൻ, ഓഫ്‌ലൈൻ ഷോപ്പിംഗിനു കൂടുതൽ യോജിച്ച കാർഡുകൾ. ക്യാഷ്ബാക്കും, ഓഫറുകളുമാണ് ഷോപ്പിംഗ് കാർഡുകളുടെ പ്രത്യേകത.

ട്രാവൽ കാർഡുകൾ: യാത്ര ടിക്കറ്റിൽ ഇളവുകൾ, ലോഞ്ച് സൗകര്യം എന്നിവ കൂടുതൽ നൽകുന്ന കാർഡുകൾ. കോ-ബ്രാൻഡ് കാർഡുകൾ: വിവിധ കമ്പനികളുമായി സഹകരിച്ചിറക്കുന്ന കാർഡുകൾ. ഷോപ്പിംഗ് സൈറ്റുകൾ, സേവനങ്ങൾ നൽകുന്ന കമ്പനികളുമായി ചേർന്ന് ഇത്തരം കാർഡുകൾ അവതരിപ്പിക്കാറുണ്ട്. അത്തരം സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ഇളവുകൾ ലഭിക്കുന്നു. ഉദാ. ഫ്ലിപ്കാർട്ട്-ആക്സിസ് ബാങ്ക് കാർഡ്, ആമസോൺ-ഐസിഐസിഐ കാർഡ്.

ഇന്ധന കാർഡുകൾ: പെട്രോളിയം കമ്പനികളുമായി ചേർന്ന് ബാങ്കുകൾ ചേർന്നിറക്കുന്ന കാർഡുകൾ. ഇന്ധനം (പെട്രോൾ, ഡീസൽ) വാങ്ങുമ്പോൾ ഇളവുകൾ ലഭിക്കും.

ഒന്നിലധികം കാർഡുകൾ എടുക്കുന്നത് അനുവദനീയമാണോ?

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് അനുവദനീയമാണ്. കാർഡുകൾ ഓരോ ആവശ്യങ്ങളെ മുൻനിർത്തി പുറത്തിറക്കുന്നവയാണ്. ഓരോ ആവശ്യങ്ങൾക്കും ഉതകുന്ന വെവ്വേറെ കാർഡുകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. സ്വന്തമായി വാഹനമുള്ളവർക്ക് ഇന്ധന കാർഡ് കൂടി ഉണ്ടായിരിക്കുന്നത് സാമ്പത്തിക ലാഭം നേടിക്കൊടുക്കും. ആക്സിസ് എയ്‌സ്‌ (Axis Ace) കാർഡ് ബില്ലുകൾ ഗൂഗിൾ പേ വഴി അടക്കുമ്പോൾ 5% ഇളവ് നൽകുന്നുണ്ട്. ആമസോൺ വഴി ഷോപ്പിംഗ് കൂടുതൽ നടത്തുന്നവർ ആമസോൺ ഐസിഐസിഐ കാർഡ് ഉപയോഗിക്കുന്നത് കൂടുതൽ പണം ലഭിക്കാൻ സഹായിക്കും. ഓരോ ആവശ്യത്തിനും ഉതകുന്ന കാർഡുകൾ ഉപയോഗിക്കുന്നത് മികച്ച തീരുമാനമായിരിക്കും.

മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണ്?

മികച്ച കാർഡ് എന്നൊന്നില്ല. ഉപഭോക്താവിന്റെ ആവശ്യത്തിന് ഉതകുന്ന കാർഡ് തിരഞ്ഞെടുക്കുകയാണ് എളുപ്പ മാർഗം. വിവിധ ആവശ്യത്തിനുതകുന്ന കാർഡുകളെ ഇവിടെ പരിചയപ്പെടുത്താം. ലൈഫ് സ്റ്റൈൽ കാർഡുകൾ: Amazon ICICI, Flipkart Axis Bank, Axis Bank Ace Credit Card, Snapdeal Bank of Baroda Credit Card. ക്യാഷ് ബാക്ക് കാർഡുകൾ: SBI Cashback, HDFC Millennia Credit Card.
യാത്ര കാർഡുകൾ: IRCTC SBI Cards, IRCTC BoB Rupay Credit Card, HDFC Regalia Credit Card, ലൈഫ് ടൈം ഫ്രീ കാർഡുകൾ: Amazon ICICI card, HSBC Visa Platinum Credit Card, BoB Premier Credit Card, AU Bank LIT Credit Card, Bank of Baroda Easy Rupay Platinum Card, ICICI Bank Coral Rupay Credit Card, PNB Platinum RuPay Card, ICICI Platinum Chip Credit Card, IndusInd Bank Platinum Aura Edge. ഇന്ധന കാർഡുകൾ: BPCL SBI Card Octane, Indian Oil Citi Platinum Credit Card, IndianOil Axis Bank Credit Card, BPCL SBI Card, HPCL Bank of Baroda ENERGIE Credit Card.

എത്ര ദിവസത്തേക്കാണ് ക്രെഡിറ്റ് കാർഡ് പണം കടം നൽകുന്നത്?

ഒരു മാസത്തെ ഇടപാടുകൾ ആണ് ബിൽ ചെയ്യുന്നത്, ഉദാ. ജനുവരി 1-30 വരെ. ജനുവരി 1 മുതൽ 30 തീയതി വരെ ഒരു ബില്ലിംഗ് സൈക്കിൾ ആണ്. മുപ്പതാം തീയതി ബിൽ തയ്യാറാക്കുന്നു. ബിൽ തയ്യാറായാൽ തുക അടക്കാൻ 20 ദിവസം കൂടി നൽകുന്നു, ഫെബ്രുവരി 20 വരെ. ചുരുക്കം പറഞ്ഞാൽ 50 ദിവസത്തേക്ക് പലിശയില്ലാതെ പണം കടം നൽകുകയാണ് ബാങ്ക് ചെയ്യുന്നത്.

ക്രെഡിറ്റ് കാർഡ് ബിൽ തുക എങ്ങിനെയാണ് അടക്കേണ്ടത്?

ക്രെഡിറ്റ് കാർഡിന്റെ വെബ്‌സൈറ്റിൽ തന്നെ അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ബാങ്ക് നൽകുന്ന ക്രെഡിറ്റ് കാർഡ് ആപ്പ് വഴി നേരിട്ട് ബിൽ തുകയടക്കാം. തേർഡ് പാർട്ടി ആപ്പുകളായ, ക്രെഡ് (CRED), പേടിഎം, ആമസോൺ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ വഴിയും ക്രെഡിറ്റ് കാർഡ് ബിൽ അടക്കാവുന്നതാണ്. തേർഡ് പാർട്ടി ആപ്പുകൾ വഴി ബിൽ അടക്കുമ്പോൾ ക്യാഷ് ബാക്ക് അടക്കമുള്ള ഓഫറുകൾ ലഭിക്കാറുണ്ട്. ഓരോ പേമെന്റ് ആപ്പുകളും ഉപയോഗിക്കുന്ന പേമെന്റ് പ്ലാറ്റുഫോം വ്യത്യാസമുണ്ട്, പണമടച്ചാൽ ബാങ്കിന് ലഭിക്കുന്നത് ഏതാനും ദിവസങ്ങൾക്കു ശേഷമായിരിക്കും (ഉദാ. ഗൂഗിൾ പേ). നാലു ദിവസത്തിന് മുൻപ് എങ്കിലും ബിൽ തുകയടക്കാൻ ശ്രമിക്കുക. ഇന്റർനെറ്റ് ബാങ്കിങ്, യൂപിഐ, ഡെബിറ്റ് കാർഡ്, വാലറ്റുകൾ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ബിൽ തുക അടക്കാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് ക്രെഡിറ്റ് കാർഡ് ബിൽ അടക്കാൻ പറ്റുമോ?

യൂട്ടിലിറ്റി ബില്ലുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാമെങ്കിലും, ക്രെഡിറ്റ് കാർഡ് ബിൽ തുകയടക്കാൻ പറ്റില്ല. അത് പോലെ തന്നെ കെഎസ്എഫ്ഇ ചിട്ടി മാസവരി അടക്കാനും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധിക്കില്ല.

ബിൽ തുക അടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

ബിൽ തുകയടച്ചില്ലെങ്കിൽ പിഴത്തുക ചുമത്തും, പലിശ നൽകേണ്ടി വരും, ക്രെഡിറ്റ് ലിമിറ്റ് കുറയും, ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളെ ബാങ്ക്ഈ വിവിവരം അറിയിക്കുകയും, ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കുകയും ചെയ്യും. അവസാന ശ്രമം എന്ന നിലയിൽ ബാങ്ക് നിയമ നടപടിയിലേക്കു നീങ്ങും. മോശം ക്രെഡിറ്റ് സ്കോർ കാരണം ലോണുകൾ തരാൻ ബാങ്കുകൾ വിസമ്മതിക്കും.

അവസാന തീയതിക്ക് മുൻപേ ബിൽ തുകയടിച്ചില്ലെങ്കിൽ ഉയർന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്, 40% മുതൽ 55% വരെ വാർഷിക പലിശ ഈടാക്കാറുണ്ട്. പേഴ്‌സണൽ ലോണുകൾക്കു പരമാവധി വാർഷിക പലിശ 13% വരെയാണെന്നു ഓർക്കുക. താമസിച്ചു ബിൽ അടച്ചാൽ പിഴ തുക ഈടാക്കുന്നുണ്ട്. ഓരോ ക്രെഡിറ്റ് കാർഡ് ഇനത്തിനും വിവിധ പലിശ നിരക്കാണ് ഈടാക്കുന്നത്. പലിശ നിരക്ക് എത്രയെന്നു ബാങ്ക് വെബ്‌സൈറ്റിൽ നിന്നും അറിയാൻ സാധിക്കും.

ക്രെഡിറ്റ് കാർഡ് ബിൽ അടക്കാൻ കയ്യിൽ പണമില്ല, എന്ത് ചെയ്യും?

ക്രെഡിറ്റ് കാർഡ് ബിൽ അടച്ചില്ലെങ്കിൽ ഉള്ള പ്രത്യാഘാതങ്ങൾ പറഞ്ഞു കഴിഞ്ഞു. ക്രെഡിറ്റ് കാർഡ് കൊണ്ട് തന്നെ പണം കണ്ടെത്താൻ ചില പരിഹാര മാർഗ്ഗങ്ങൾ ഉണ്ട്. തേർഡ് പാർട്ടി ആപ്പുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വീട്ടുവാടക അടക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. അതുപയോഗിച്ചു കൊണ്ട് മറ്റൊരാളിന്റെ അക്കൗണ്ടിലേക്കു പണം കൈമാറാം. കൈമാറുന്ന തുകക്ക് 1% കമ്മീഷൻ നൽകേണ്ടി വരും. മോബി ക്വിക് (Mobikwik)എന്ന ആപ്പ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നേരിട്ട് ബിൽ തുക അടക്കാൻ സമ്മതിക്കും. ചെറിയൊരു കമ്മീഷൻ ഈടാക്കുമെന്ന് മാത്രം. പേടിഎം ആപ്പ് ക്രെഡിറ്റ് കാർഡിൽ നിന്നും വാലറ്റിലേക്കു പണം കൈമാറാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ബിൽ തുക വാലറ്റിൽ നിന്നും അടക്കാൻ കഴിയും. ഭൂരിഭാഗം ആൾക്കാരും ക്രെഡിറ്റ് കാർഡ് എടുക്കാൻ മടിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൂടുതൽ സാധനങ്ങൾ വാങ്ങുകയും, ബിൽ തുക അടക്കാൻ സാധിക്കാതെ വരുമോ എന്ന ഭയമാണ് മിക്കവരേയും പിന്നാക്കം വലിക്കുന്നത്.

ഉപസംഹാരം

ഡിജിറ്റൽ സംവിധാനങ്ങൾ ജീവിതശൈലിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ സമയലാഭത്തിനുപരി, സാമ്പത്തിക ലാഭവും നൽകുന്നു. ഇലക്ട്രോണിക് ഇടപാടുകൾക്കും, സേവനങ്ങൾ ഉപയോഗിക്കുന്നതിനും ക്രെഡിറ്റ് കാർഡ് മികച്ച സൗകര്യങ്ങളാണ് നൽകുന്നത്. മത്സരാധിഷ്ഠിതമായ വിപണി ഉപഭോക്താവിന് ധാരാളം നേട്ടങ്ങൾ നൽകുന്നുണ്ട്. നേട്ടങ്ങളെ കൃത്യസമയത്തു ഉപയോഗപ്പെടുത്തുന്നതിന് മികച്ച പണവിനിമയ ഉപാധിയാണ് ക്രെഡിറ്റ് കാർഡ്.

Wednesday, January 18, 2023

റുപേ ക്രെഡിറ്റ് കാർഡിന്റെ മെച്ചങ്ങൾ


എന്താണ് റുപേ പേയ്‌മെന്റ് നെറ്റ്‌വർക്ക് 

അന്താരാഷ്ട്ര പേയ്‌മെന്റ് നെറ്റുവർക്കുകളായ മാസ്റ്റർ, വിസ എന്നിവക്ക് പകരക്കാരനായി ഭാരത സർക്കാരിനു വേണ്ടി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കിയ സേവനമാണ് റുപേ (RuPay). പണത്തിന്റെ ഇലക്ട്രോണിക് വിനിമയം സാധ്യമാക്കുന്ന സംവിധാനമാണ്  പേയ്‌മെന്റ് നെറ്റുവർക്കുകൾ. ഒരു ഉൽപ്പന്നം വാങ്ങിയ ശേഷം വില ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ച് POS മെഷീൻ വഴി നൽകുന്നത് മുതൽ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് വരെയുള്ള പ്രക്രിയകൾ കൈകാര്യം ചെയ്യുന്നത് പേയ്‌മെന്റ് നെറ്റുവർക്കാണ്. കാർഡ്, മെഷീനുകൾ, നെറ്റ്‌വർക്ക്, പണം കൈമാറുന്നതിന്റെ മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയ കാര്യങ്ങൾ ചേർന്നതാണ് പേയ്‌മെന്റ് നെറ്റുവർക്ക്. വിസ, മാസ്റ്റർ, എന്നീ അന്താരാഷ്ട്ര പേയ്‌മെന്റ് നെറ്റുവർക്ക് സേവനങ്ങളാണ് ഇന്ത്യയിൽ അടുത്ത കാലം വരെ പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഓരോ ഇടപാടിനും വ്യാപാരിയും, ഉപഭോക്താവും നൽകേണ്ട സേവന നിരക്കുകൾ ഉയർന്നതായിരിന്നു. 

റൂപേ ക്രെഡിറ്റ് കാർഡുകളുടെ മെച്ചങ്ങൾ

തദ്ദേശീയമായ പേയ്‌മെന്റ് നെറ്റുവർക്ക് എന്ന ആശയമാണ്  റുപേയിലൂടെ നിലവിൽ വന്നത്. 26 മാർച്ച് 2012 ലാണ് റൂപേ നിലവിൽ വന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളിൽ 60% വിപണി വിഹിതം റുപേക്കുണ്ട്. എന്ത് കൊണ്ട് റുപേ ക്രെഡിറ്റ് കാർഡുകൾ ആകർഷകമാകുന്നു എന്നത് കൂടി പരിശോധിക്കാം. റുപേ കാർഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ നടപടികൾ ഭാരത സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇടപാട് മൂല്യത്തിന്റെ 1-3% വരെ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) വ്യാപാരികളിൽ നിന്നും ബാങ്കുകൾ ഈടാക്കിയിരുന്നു. ഒരു വ്യാപാരിക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മുഖേന ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് അവരുടെ ഇഷ്യു ചെയ്യുന്ന ബാങ്ക് ഈടാക്കുന്ന ഒരു ഫീസാണ് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്. ഈ നിരക്ക് ഉള്ളതിനാൽ വ്യാപാരികൾ ക്രെഡിറ്റ് കാർഡുകൾ വഴി ഇടപാടുകൾ നടത്താൻ വിമുഖത കാണിക്കുന്നുണ്ട്. 2000 രൂപ വരെയുള്ള റുപേ കാർഡ് വഴിയുള്ള ഇടപാടുകളെ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

റൂപേ ക്രെഡിറ്റ് കാർഡുകളെ യൂപിഐ ആപ്പുമായി ചേർത്ത് ഇടപാടുകൾ നടത്താൻ സാധിക്കും. QR Code സ്‌കാൻ ചെയ്തു കൊണ്ട് ക്രെഡിറ്റ് കാർഡിൽ നിന്നും പണം കൈമാറാൻ സാധിക്കും. നിലവിൽ ഭീം (BHIM)  ആപ്പ് വഴി മാത്രമാണ് റൂപേ ക്രെഡിറ്റ് കാർഡുകളെ ലിങ്ക് ചെയ്യാൻ പറ്റുന്നത്.  ഇത്തരം ഓരോ ഇടപാടിനും 10% ക്യാഷ്ബാക്ക് ഉപഭോക്താവിന് ലഭിക്കും. HDFC, Indian Bank, Punjab National Bank, Union Bank എന്നിവരുടെ ക്രെഡിറ്റ് കാർഡുകളാണ് ഭീം ആപ്പിൽ ചേർക്കാൻ സാധിക്കുന്നത്. ഭാവിയിൽ കൂടുതൽ ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാർഡുകൾ ചേർക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. 

റൂപേ ക്രെഡിറ്റ് കാർഡുകൾ എങ്ങിനെ ലഭിക്കും?

പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകൾ റൂപേ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കുകളുടെ വെബ്സൈറ്റ് വഴിയോ, നേരിട്ട് ബാങ്ക് സന്ദർശിച്ചോ റൂപേ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ നൽകാവുന്നതാണ്. സാധാരണ ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ (ആധാർ, പാൻ കാർഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, സാലറി സ്ലിപ്, ആദായനികുതി അടച്ചതിന്റെ രേഖകൾ) റൂപേ ക്രെഡിറ്റ് കാർഡിന്റെ അപേക്ഷയോടൊപ്പം നൽകണം. ആവശ്യപ്പെടുന്ന രേഖകൾ വിവിധ ബാങ്കുകൾക്കു വ്യത്യസ്തമാവാം.  അപേക്ഷ പരിശോധിച്ച ശേഷം യോഗ്യമെങ്കിൽ കാർഡുകൾ അനുവദിക്കുന്നു. ചില ബാങ്കുകൾ കാർഡ് അനുവദിക്കുന്നതിൽ ഉദാര മനോഭാവം കാണിക്കാറുണ്ട്, അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ കാർക്കശ്യം കാണിക്കുന്ന ബാങ്കുകളുമുണ്ട്. അപേക്ഷ നൽകുന്ന ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ കാർഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രമുഖ റൂപേ ക്രെഡിറ്റ് കാർഡുകൾ

പ്രമുഖ റൂപേ ക്രെഡിറ്റ് കാർഡുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. വാർഷിക ഫീസിന്റെ കാര്യങ്ങൾ മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ. കാർഡിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അതത് ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്നും പരിശോധിക്കാവുന്നതാണ്.

ഭീം ആപ്പിൽ ചേർക്കാൻ പറ്റുന്ന കാർഡുകൾ ഇവയാണ്.

PNB Platinum RuPay Card: നാല് മാസത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ ഫീസ് ഈടാക്കുന്നതല്ല.
PNB Select Credit Card: 500 രൂപ ചേരുമ്പോൾ അടക്കണം. നാല് മാസത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ ഫീസ് ഈടാക്കുന്നതല്ല. 
Union Platinum RuPay Card: 299 രൂപ വാർഷിക ഫീസ് ഉണ്ട്.
Union Select RuPay Card: 499 രൂപ വാർഷിക ഫീസ് ഉണ്ട്. 
Indian Bank RuPay Cards: മൂന്ന് റൂപേ ക്രെഡിറ്റ് കാർഡുകൾ ഇന്ത്യൻ ബാങ്കിനുണ്ട്.  
HDFC Bharat Credit Card: വാർഷിക ഫീസ് 500 രൂപയാണ്. 
IndianOil HDFC Bank Credit Card: ഇന്ധനം വാങ്ങുമ്പോൾ ഇളവ് ലഭിക്കുന്ന കാർഡ്.

മറ്റു ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാർഡുകൾ

ICICI Coral RuPay Credit Card: മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഐസിഐസിഐ ബാങ്കിന്റെ റൂപേ കാർഡാണിത്.
Federal Bank Rupay Signet Credit Card: മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഫെഡറൽ ബാങ്ക്. 
BOB Snapdeal RuPay card: 249 രൂപ മാത്രം വാർഷിക ഫീസുള്ള, ക്യാഷ്ബാക്ക് തരുന്ന കാർഡ് ആണ്. അപേക്ഷിച്ചാൽ വേഗം അനുവദിക്കുന്ന കാർഡാണിത്. ക്രെഡിറ്റ് കാർഡ് അപേക്ഷ വിവിധ ബാങ്കുകളിൽ നൽകി പരാജയപ്പെട്ടവർക്കു ഈ കാർഡിന് അപേക്ഷിക്കാം. 
Bank of Baroda Easy, Bank of Baroda Premier എന്നിവ വാർഷിക ഫീസ് ഇല്ലാത്ത തുടക്കക്കാർക്ക് പറ്റിയ റൂപേ ക്രെഡിറ്റ് കാർഡുകളാണ്.    
IRCTC SBI RuPay Credit Card: IRCTC വഴി റെയിൽവേ ടിക്കറ്റ് എടുക്കുമ്പോൾ ഇളവുകൾ ലഭിക്കുന്ന കാർഡ്.

ഉപസംഹാരം

കൂടുതൽ റൂപേ ക്രെഡിറ്റ് കാർഡുകൾ UPI യുമായി ലിങ്ക് ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കാം. വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നത്. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരുന്നാലും അപേക്ഷകന് കാർഡുകൾ അനുവദിക്കണമെന്ന് നിർബന്ധമില്ല. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ കാർക്കശ്യം കാണിക്കുന്ന ബാങ്കാണ്. ബാങ്ക് ഓഫ് ബറോഡ ഉദാരമായ സമീപനമാണ് ക്രെഡിറ്റ് കാർഡ് അപേക്ഷയിൽ എടുക്കുന്നത്. ഓരോ അപേക്ഷകനും ബാങ്കുകളിൽ നിന്നും വ്യത്യസ്ത അനുഭവങ്ങളാണ് ക്രെഡിറ്റ് കാർഡിനു അപേക്ഷിക്കുമ്പോൾ ലഭിക്കുന്നത്.  

റഫറൻസ്