ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (Basic Savings Bank Deposit Account) പ്രധാനമന്ത്രി ജൻ ധൻ യോജന എന്ന പദ്ധതിയുടെ ഭാഗമാണ്. മറ്റു സേവിങ്സ് അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുക മിച്ചം സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. ജനങ്ങളെ ബാങ്കിങ് സേവനങ്ങളുമായി കൂടുതൽ പരിചയം ഉണ്ടാക്കുക എന്നതായിരുന്നു 2014 ൽ തുടങ്ങിയ പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയുടെ പ്രധാന ലക്ഷ്യം. അക്കൗണ്ട് ഉടമക്ക് റൂപേ ഡെബിറ്റ് കാർഡ്, ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ചെറിയ തുകകൾ സൂക്ഷിക്കാനും, യൂപിഐ ആപ്പുകളിൽ ചേർക്കാനും സീറോ ബാലൻസ് അക്കൗണ്ട് അനുയോജ്യമാണ്.
സ്വകാര്യ, പൊതുമേഖല ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭ്യമാക്കണം എന്നതായിരുന്നു നിബന്ധന. ഇത് പ്രകാരം സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭ്യമാണെന്ന കാര്യം എല്ലാ ബാങ്കുകളുടേയും വെബ്സൈറ്റിൽ ഉണ്ട്. അക്കൗണ്ട് എടുക്കാൻ ബാങ്കിൽ ചെന്ന് കഴിഞ്ഞാൽ ഉഴപ്പൻ സമീപനമാണ് ജീവനക്കാർ സ്വീകരിക്കുന്നത്. ഈ ബ്രാഞ്ചിൽ സീറോ ബാലൻസ് അക്കൗണ്ട് ഇല്ല, സീറോ ബാലൻസ് അക്കൗണ്ട് കൊള്ളില്ല, മറ്റു സേവിങ്സ് അക്കൗണ്ട് എടുത്തു കൂടെ എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങൾ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകും. ചുരുക്കം പറഞ്ഞാൽ സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ ചെല്ലുന്നവരെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണുള്ളത്. ജീവനക്കാരോട് തർക്കിക്കാനും, ചോദ്യം ചെയ്യാനും സമയമില്ലാത്തതിനാൽ ആരും സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ പിന്നീട് ശ്രമിക്കാറില്ല. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഒഴികെ എല്ലാ സേവിങ്സ് അക്കൗണ്ടുകളും ഓൺലൈൻ ആയി തുറക്കാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്.
കൊട്ടക് മഹിന്ദ്ര ബാങ്ക് ഓൺലൈൻ ആയി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയ അപൂർവ്വം ബാങ്കുകളിൽ ഒന്നാണ്. Kotak811 എന്ന ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തു അക്കൗണ്ട് തുറക്കാം. വെബ്സൈറ്റിൽ നിന്നും സീറോ ബാലൻസ് അക്കൗണ്ട് തുറക്കാവുന്നതാണ്. വീഡിയോ കെവൈസി ഉണ്ടാവും. ഡെബിറ്റ് കാർഡ് ആവശ്യമെങ്കിൽ 299 രൂപ അടച്ചാൽ ലഭ്യമാണ്. ബേസിക് അക്കൗണ്ട് കിട്ടിക്കഴിഞ്ഞാൽ Kotak811 ആപ്പ് കളയാവുന്നതാണ്. ബാങ്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊണ്ട്, ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാവുന്നതാണ്.
No comments:
Post a Comment