എന്താണ് റുപേ പേയ്‌മെന്റ് നെറ്റ്‌വർക്ക്
അന്താരാഷ്ട്ര പേയ്‌മെന്റ് നെറ്റുവർക്കുകളായ മാസ്റ്റർ, വിസ എന്നിവക്ക് പകരക്കാരനായി ഭാരത സർക്കാരിനു വേണ്ടി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കിയ സേവനമാണ് റുപേ (RuPay). പണത്തിന്റെ ഇലക്ട്രോണിക് വിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് പേയ്‌മെന്റ് നെറ്റുവർക്കുകൾ. ഒരു ഉൽപ്പന്നം വാങ്ങിയ ശേഷം വില ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ച് POS മെഷീൻ വഴി നൽകുന്നത് മുതൽ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് വരെയുള്ള പ്രക്രിയകൾ കൈകാര്യം ചെയ്യുന്നത് പേയ്‌മെന്റ് നെറ്റുവർക്കാണ്. കാർഡ്, മെഷീനുകൾ, നെറ്റ്‌വർക്ക്, പണം കൈമാറുന്നതിന്റെ മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയ കാര്യങ്ങൾ ചേർന്നതാണ് പേയ്‌മെന്റ് നെറ്റുവർക്ക്. വിസ, മാസ്റ്റർ, എന്നീ അന്താരാഷ്ട്ര പേയ്‌മെന്റ് നെറ്റുവർക്ക് സേവനങ്ങളാണ് ഇന്ത്യയിൽ അടുത്ത കാലം വരെ പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഓരോ ഇടപാടിനും വ്യാപാരിയും, ഉപഭോക്താവും നൽകേണ്ട സേവന നിരക്കുകൾ ഉയർന്നതായിരിന്നു.
റൂപേ ക്രെഡിറ്റ് കാർഡുകളുടെ മെച്ചങ്ങൾ
തദ്ദേശീയമായ പേയ്‌മെന്റ് നെറ്റുവർക്ക് എന്ന ആശയമാണ് റുപേയിലൂടെ നിലവിൽ വന്നത്. 26 മാർച്ച് 2012 ലാണ് റൂപേ നിലവിൽ വന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളിൽ 60% വിപണി വിഹിതം റുപേക്കുണ്ട്. എന്ത് കൊണ്ട് റുപേ ക്രെഡിറ്റ് കാർഡുകൾ ആകർഷകമാകുന്നു എന്നത് കൂടി പരിശോധിക്കാം. റുപേ കാർഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ നടപടികൾ ഭാരത സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇടപാട് മൂല്യത്തിന്റെ 1-3% വരെ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) വ്യാപാരികളിൽ നിന്നും ബാങ്കുകൾ ഈടാക്കിയിരുന്നു. ഒരു വ്യാപാരിക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മുഖേന ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് അവരുടെ ഇഷ്യു ചെയ്യുന്ന ബാങ്ക് ഈടാക്കുന്ന ഒരു ഫീസാണ് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്. ഈ നിരക്ക് ഉള്ളതിനാൽ വ്യാപാരികൾ ക്രെഡിറ്റ് കാർഡുകൾ വഴി ഇടപാടുകൾ നടത്താൻ വിമുഖത കാണിക്കുന്നുണ്ട്. 2000 രൂപ വരെയുള്ള റുപേ കാർഡ് വഴിയുള്ള ഇടപാടുകളെ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റൂപേ ക്രെഡിറ്റ് കാർഡുകളെ യൂപിഐ ആപ്പുമായി ചേർത്ത് ഇടപാടുകൾ നടത്താൻ സാധിക്കും. QR Code സ്‌കാൻ ചെയ്തു കൊണ്ട് ക്രെഡിറ്റ് കാർഡിൽ നിന്നും പണം കൈമാറാൻ സാധിക്കും. നിലവിൽ ഭീം (BHIM) ആപ്പ് വഴി മാത്രമാണ് റൂപേ ക്രെഡിറ്റ് കാർഡുകളെ ലിങ്ക് ചെയ്യാൻ പറ്റുന്നത്. ഇത്തരം ഓരോ ഇടപാടിനും 10% ക്യാഷ്ബാക്ക് ഉപഭോക്താവിന് ലഭിക്കും. HDFC, Indian Bank, Punjab National Bank, Union Bank എന്നിവരുടെ ക്രെഡിറ്റ് കാർഡുകളാണ് ഭീം ആപ്പിൽ ചേർക്കാൻ സാധിക്കുന്നത്. ഭാവിയിൽ കൂടുതൽ ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാർഡുകൾ ചേർക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
റൂപേ ക്രെഡിറ്റ് കാർഡുകൾ എങ്ങിനെ ലഭിക്കും?
പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകൾ റൂപേ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കുകളുടെ വെബ്സൈറ്റ് വഴിയോ, നേരിട്ട് ബാങ്ക് സന്ദർശിച്ചോ റൂപേ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ നൽകാവുന്നതാണ്. സാധാരണ ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ (ആധാർ, പാൻ കാർഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, സാലറി സ്ലിപ്, ആദായനികുതി അടച്ചതിന്റെ രേഖകൾ) റൂപേ ക്രെഡിറ്റ് കാർഡിന്റെ അപേക്ഷയോടൊപ്പം നൽകണം. ആവശ്യപ്പെടുന്ന രേഖകൾ വിവിധ ബാങ്കുകൾക്കു വ്യത്യസ്തമാവാം. അപേക്ഷ പരിശോധിച്ച ശേഷം യോഗ്യമെങ്കിൽ കാർഡുകൾ അനുവദിക്കുന്നു. ചില ബാങ്കുകൾ കാർഡ് അനുവദിക്കുന്നതിൽ ഉദാര മനോഭാവം കാണിക്കാറുണ്ട്, അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ കാർക്കശ്യം കാണിക്കുന്ന ബാങ്കുകളുമുണ്ട്. അപേക്ഷ നൽകുന്ന ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ കാർഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രമുഖ റൂപേ ക്രെഡിറ്റ് കാർഡുകൾ
പ്രമുഖ റൂപേ ക്രെഡിറ്റ് കാർഡുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. വാർഷിക ഫീസിന്റെ കാര്യങ്ങൾ മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ. കാർഡിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അതത് ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്നും പരിശോധിക്കാവുന്നതാണ്.
ഭീം ആപ്പിൽ ചേർക്കാൻ പറ്റുന്ന കാർഡുകൾ ഇവയാണ്.
PNB Platinum RuPay Card: നാല് മാസത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ ഫീസ് ഈടാക്കുന്നതല്ല.
PNB Select Credit Card: 500 രൂപ ചേരുമ്പോൾ അടക്കണം. നാല് മാസത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ ഫീസ് ഈടാക്കുന്നതല്ല.
മറ്റു ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാർഡുകൾ
BOB Snapdeal RuPay card: 249 രൂപ മാത്രം വാർഷിക ഫീസുള്ള, ക്യാഷ്ബാക്ക് തരുന്ന കാർഡ് ആണ്. അപേക്ഷിച്ചാൽ വേഗം അനുവദിക്കുന്ന കാർഡാണിത്. ക്രെഡിറ്റ് കാർഡ് അപേക്ഷ വിവിധ ബാങ്കുകളിൽ നൽകി പരാജയപ്പെട്ടവർക്കു ഈ കാർഡിന് അപേക്ഷിക്കാം.
ഉപസംഹാരം
കൂടുതൽ റൂപേ ക്രെഡിറ്റ് കാർഡുകൾ UPI യുമായി ലിങ്ക് ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കാം. വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നത്. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരുന്നാലും അപേക്ഷകന് കാർഡുകൾ അനുവദിക്കണമെന്ന് നിർബന്ധമില്ല. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ കാർക്കശ്യം കാണിക്കുന്ന ബാങ്കാണ്. ബാങ്ക് ഓഫ് ബറോഡ ഉദാരമായ സമീപനമാണ് ക്രെഡിറ്റ് കാർഡ് അപേക്ഷയിൽ എടുക്കുന്നത്. ഓരോ അപേക്ഷകനും ബാങ്കുകളിൽ നിന്നും വ്യത്യസ്ത അനുഭവങ്ങളാണ് ക്രെഡിറ്റ് കാർഡിനു അപേക്ഷിക്കുമ്പോൾ ലഭിക്കുന്നത്.
റഫറൻസ്
RuPay credit card on UPI
RuPay credit card range
No charges on RuPay credit card use for transactions up to Rs 2,000