പിങ്കുമോൾ വെള്ളിയാഴ്ച രാവിലെ ഓഫീസിൽ എത്തിയ ഉടനെ തന്നെ കമ്പ്യൂട്ടർ തുറന്നു ഫേസ് ബുക്ക് കാമുകന് പ്രണയാശംസ കൈമാറി. കാരണം അന്ന് പ്രണയ ദിനം (Valentines Day) ആകുന്നു. മറ്റന്നാൾ ആറ്റുകാൽ പൊങ്കാല. പിങ്കുമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാരണം രണ്ടു പുണ്യ ദിനങ്ങൾ അടുത്തായി വന്നത് വളരെ വിശേഷമായി തോന്നി. പിങ്കുമോൾ ശാക്തീകരിക്കപ്പെട്ട (Empowered) വനിതയാണ്. അങ്ങനെ പറയാൻ പ്രധാന കാരണം ഇതൊക്കെയാണ്, തെറ്റില്ലാതെ ഗിയർ രഹിത സ്കൂട്ടർ ഓടിക്കും. കാർ ഓടിക്കാനുള്ള ലൈസൻസ് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയിട്ടുണ്ട്. കാർ ഓടിക്കും എന്ന് എല്ലാവരോടും വീമ്പിളക്കും എങ്കിലും, ആക്സിലേറ്റർ, ബ്രേക്ക്, ക്ലച്ചു പെടലുകൾ കണ്ടാൽ തിരിച്ചറിയാൻ കഴിവില്ല. ഭർത്താവിനെ ഉപേക്ഷിച്ചു ഇപ്പോൾ സ്വന്തം മാതാപിതാക്കളോടോത്ത് താമസിച്ചു വരുന്നു. കഴിഞ്ഞ പൊങ്കാലയുടെ അന്നാണ് പിങ്കുമോളുടെ ഫേസ് ബുക്കിലെ കള്ള കളികൾ ഭർത്താവ് അറിഞ്ഞു പ്രശ്നമായത്. ഇത്തവണത്തെ പൊങ്കാലയെങ്കിലും മാന്യമായി ഇടണമെന്ന് പിങ്കുമോൾ ദൃഡനിശ്ചയം എടുത്തു. അങ്ങനെ എല്ലാ അഴുക്കുകളും പാപഭാരം ഇറക്കാൻ വന്നടിയുന്ന ഒരു സ്ഥലമായി പൊങ്കാല മാറി. ചില പൊങ്കാല വിശേഷങ്ങൾ കേട്ടു കൊള്ളൂ.
ആരൊക്കെ ആയിരിക്കും പൊങ്കാലയിട്ടു പുണ്യം നേടാൻ വരുന്നത്? പ്രായമുള്ള അച്ഛൻ അമ്മമാരെ വഴിയിൽ വലിച്ചെറിഞ്ഞവർ. അച്ഛൻ അമ്മമാരെ കണ്ടാൽ പരസ്യമായി ചീത്ത വിളിക്കുന്ന മക്കൾ. രോഗാതുരർ ആയി വീട്ടിലുള്ളവരെ പരിചരിക്കാത്തവർ. ദാഹിച്ചു വലഞ്ഞവർക്ക് ഒരു തുള്ളി വെള്ളം കൊടുക്കാത്തവർ. ഭർത്താവിനും, കുഞ്ഞുങ്ങൾക്കും സമയത്ത് ആഹാരം കൊടുക്കാത്തവർ. ദാമ്പത്യ ബന്ധത്തെ വഞ്ചിച്ചു കൊണ്ട് പരപുരുഷ ബന്ധം വെച്ച് പുലർത്തുന്നവർ അങ്ങിനെ പോകുന്നു ആ നിര. പുരുഷന്മാരും മെച്ചം എന്ന് പറയാനാകില്ല.
പൊങ്കാല ഇടാൻ വരുന്നവർ ചില കാര്യ സാധ്യത്തിനായിരിക്കും വരുക. അമ്പലം നന്നാകാൻ ആരെങ്കിലും നോയമ്പ് നോൽകുമോ? കാര്യം ഒന്നും സാധിക്കാനില്ലെങ്കിൽ ഇത്ര കഷ്ടപെട്ട് പൊങ്കാല ഇടാനെ കൊണ്ട് വരുന്നതെന്തിനു? ചുമ്മാ വീട്ടിൽ ഇരുന്നു സീരിയൽ കണ്ടു കൂടെ അപ്പി.. അവരുടെ ആഗ്രഹങ്ങൾ ചിലപ്പോൾ അറിയാതെ പുറത്തു വരും. ചുറ്റുവട്ടത്തുള്ള ആരെങ്കിലും കേട്ടെങ്കിൽ ആകെ ചമ്മലാകും. മകനോ/ഭർത്താവിനോ ഒരു വിസ ഉടനെ അനുവദിപ്പിക്കണേ. ശല്യക്കാരായ അമ്മായിഅമ്മയുടെ/നാത്തൂന്റെ/മരുമകളുടെ തല പൊട്ടി തെറിച്ചു പോകണേ.. ചിലർ ഇങ്ങനെ പ്രാർത്ഥിക്കുന്നു. എന്താ ഇങ്ങനെയും പ്രാർത്ഥിച്ചു കൂടെ? പിങ്കു മോളും വിട്ടു കൊടുത്തില്ല, എന്റെ ചുറ്റി കളികൾ കണ്ടു പിടിച്ച ഭർത്താവിനു നല്ല ശിക്ഷ കൊടുക്കണേ. അവളും പ്രാർത്ഥിച്ചു. അയാളുടെ കൈയോ, കാലോ ഒടിച്ചാലും തരക്കേടില്ല!!
വീട്ടിൽ ഭർത്താവുമായി ദിവസവും ശണ്ട കൂടുന്ന ഒരു യുവതി, നല്ല ദാമ്പത്യ ജീവിതം ഉണ്ടാകാൻ വേണ്ടി മിക്കവാറും ഏറണാകുളം ജില്ലയിലുള്ള ഒരു ക്ഷേത്രത്തിൽ സ്ഥിരം സന്ദർശനം നടത്തുന്നു. ആ ക്ഷേത്രത്തിലെ ഭഗവാൻ ദാമ്പത്യ കാര്യങ്ങളിൽ മാത്രം അനുഗ്രഹം നല്കി വരുന്ന ആളാണ്. ഈ യുവതി അല്ലാത്ത ദിവസങ്ങളിൽ ദാമ്പത്യ സുഖം ഉണ്ടാകാൻ ആഴ്ചയിൽ ഏഴ് ദിവസവും വ്രതത്തിലായിരിക്കും. വ്രതം മുടങ്ങാതിരിക്കാൻ രാത്രിയിൽഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു പോലും വരാറില്ല!!
ആചാരങ്ങൾ എന്ന പേരിൽ കാട്ടി കൂട്ടുന്ന പൊള്ളത്തരങ്ങൾ മാത്രമാണ് പൊങ്കാലയെ ഇന്നും ജനപ്രിയമാക്കുന്നത്. "വെടി വഴിപാട്" എന്ന മലയാള ചിത്രം വളരെ നർമ്മ പരമായി ഇക്കാര്യങ്ങൾ എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പാപങ്ങൾ എല്ലാം തിരുവനന്തപുരത്തെ വഴിയിൽ വലിച്ചെറിഞ്ഞു, പുതിയ പാപങ്ങൾ ചെയ്തു കൂട്ടാനുള്ള ആർത്തിയോടെ ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്നു. നഗരസഭാ ജീവനക്കാർ അന്ന് തന്നെ വഴിയിൽ ഉപേക്ഷിച്ച പാപങ്ങൾ എല്ലാം തൂത്ത് കൂട്ടി ഓടയിലാക്കുന്നു. അമ്മേ, മഹാ മായേ.
Ponkalakku poyirunno.
ReplyDeleteപൊങ്കാല ഇടാനോ, ചുമ്മാതെ ആ പരിസരത്ത് ബാഡ്ജ് കുത്തി സ്ത്രീകളുടെ ഇടയിൽ നിന്ന് ഷൈൻ ചെയ്യാനോ ഇത് വരെ പോയിട്ടില്ല.
Delete