Sunday, February 2, 2014

ലഗ്നത്തിൽ വിഗ്നം

"നമ്മുടെ കുട്ടന് ലഗ്നത്തിൽ വിഗ്നം" ഇങ്ങനെ ഒരു സംഭാഷണ ശകലം കേട്ട് കൊണ്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. മൂത്രത്തിൽ കല്ല്‌ എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എങ്ങാനും വല്ല അസുഖത്തെ കുറിച്ചാണോ സംസാരിക്കുന്നത്. കിടന്നു കൊണ്ട് ചെവി വട്ടം പിടിച്ചു. എവിടെ നിന്നാണ് അശരീരി വന്നത് എന്ന്. എന്റെ അമ്മയും അയൽക്കാരി സുഹൃത്തും കൂടി സംസാരിക്കുകയാണ് എന്ന് മനസിലായി. എന്റെ അയൽവാസിയും, സൽസ്വഭാവിയും, സുമുഖനും, സുന്ദരനും  ആയ സിബീഷിനു  (കുട്ടൻ എന്ന് വിളിപ്പേര്) കല്യാണം ആലോചനകൾ നടക്കുന്നു. അതിന്റെ വിശേഷങ്ങൾ അവർ പങ്കിടുകയാണ്. ഏതായാലും ഒന്ന് കേട്ട് കളയാം എന്ന് കരുതി. ടൂത്ത് ബ്രുഷും, പേസ്റ്റും എടുത്തു. അവർ ശ്രദ്ധിക്കണ്ട  എന്ന് കരുതി മാറി നിന്ന് പല്ല് ബ്രഷ് ചെയ്യാൻ തുടങ്ങി. സംഭാഷണം പുരോഗമിച്ചു, എന്റെ പല്ല് തേപ്പും നീണ്ടു. എത്ര നേരം അങ്ങനെ തുടർന്നു എന്നറിയില്ല. ഏകദേശം 30 മിനിറ്റ് എടുത്തു എന്ന് കരുതുന്നു. വാ കഴുകി കണ്ണാടിയിൽ നോക്കിയപ്പോൾ, പല്ലിനു ചുറ്റും ഒരു പ്രകാശ ധോരണി കണ്ടു. ടൂത്ത് പേസ്റ്റ് പരസ്യത്തിലെ പോലെ. ഇതിനു മുൻപ് ഇത്രയും നേരമെടുത്തു പല്ല് തേച്ചിട്ടില്ല എന്ന പരമമായ സത്യം ഞാൻ തിരിച്ചറിഞ്ഞു!! ആ സംഭാഷണത്തിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയാതെ വയ്യ. 

ഇപ്പോഴത്തെ കാലത്ത് ജ്യോതിഷവും അനുബന്ധ വിശ്വാസങ്ങളും കേരളീയ സമൂഹത്തിൽ അധികരിച്ച് വരികയാണ്‌, പ്രത്യേകിച്ചും ഹിന്ദുക്കളുടെ ഇടയിൽ. എത്ര നശിപ്പിച്ചാലും ആർത്തിയോടെ കിളിക്കുന്ന, ഒരുപയോഗവും ഇല്ലാത്ത കള പോലെ. ഇതിന്റെയൊക്കെ ശാസ്ത്രീയതയെക്കുറിച്ച് വിശ്വസിക്കുന്നവനും, ചെയ്യുന്നവനും (ജ്യിതിഷി) അറിയില്ല. വിശ്വാസിയോട് ചോദിച്ചാൽ പറയും, അതൊന്നും ചോദ്യം ചെയ്യാൻ പാടില്ല എന്ന്. ജ്യോതിഷിയോട് ചോദിച്ചാൽ ഉരുണ്ടു കളിക്കും. ചില ജ്യോതിഷികൾ പറയും, ഋഷീശ്വരന്മാർ ഉണ്ടാക്കിയ ശാസ്ത്രമാണ് ചോദ്യം ചെയ്യാൻ പാടില്ല. ചിലര് കുറച്ചു കൂടി പരത്തി പറയും, കോടി കണക്കിന് വരഷങ്ങൾക്ക് മുൻപ് പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപേ എഴുതി ഉണ്ടാക്കിയതാണ്. ചിലർ ആർക്കും മനസിലാകാത്ത (അവർക്കും മനസിലാകില്ല) രീതിയിൽ വിചിത്രമായ ചില ശ്ലോകങ്ങൾ ചൊല്ലി കേൾപ്പിക്കും. എന്നിട്ട് തടി തപ്പും. ഞാൻ പാരമ്പര്യമായി ജ്യോതിഷം കൈകാര്യം ചെയ്യുന്ന ഒരാളോട് ശാസ്ത്രീയമായ ചില സംശയങ്ങൾ ചോദിച്ചു. ഒന്നും മിണ്ടാതെ ഒരു തടിച്ച ബുക്ക്‌ എന്റെ മുന്നിൽ എടുത്തു വെച്ചു. എന്നിട്ട് പറഞ്ഞു, ഈ ബുക്കിൽ ഉള്ളത് മഹാ സത്യങ്ങളാണ്. അത് കൊണ്ടല്ലേ ഇതെല്ലാം അച്ചടിച്ചു വെച്ചിരിക്കുന്നത്. അത് കൊണ്ട് ജ്യോതിഷം വളരെ ശാസ്ത്രീയമാണ്. ഞാൻ വാ പൊളിച്ചു പോയി. അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്ന് ഉത്തരം കിട്ടി!!. പല ടിവി ചാനലിലും ജ്യോതിഷത്തെ കുറിച്ച് ധാരാളം ചർച്ചകൾ കണ്ടിട്ടുണ്ട്. അതിൽ ജ്യോതിഷത്തെ അനുകൂലിച്ചു സംസാരിച്ചവർ കാടും പടപ്പും തല്ലി സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ ഉരുണ്ടു കളിക്കും. ജ്യോതിഷത്തിൽ വിശ്വാസം ഇല്ലാത്തവന് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ജ്യോതിഷി പറയും, എന്റെ പ്രവചനം ഫലിച്ചല്ലോ, ജ്യോതിഷം ഒരിക്കലും തെറ്റില്ല എന്ന്. പ്രവചനത്തിന് എതിരായി ആണ് കാര്യങ്ങൾ നടന്നാൽ പറയും നിന്റെ വിധിയാണെന്ന്. ഇതാണ് ജ്യോതിഷത്തിന്റെ വിശ്വാസ വശം. വിശ്വാസിയെ പിഴിഞ്ഞ് ജോതിഷി ഓഡി (Audi) കാറ് വാങ്ങി അതിൽ പാഞ്ഞു നടക്കുന്നു. വിശ്വാസി കാലണക്ക് ഗതിയില്ലാതെ സ്വന്തം കാലിൽ ഓടി നടക്കുന്നു. ഇതാണ് ജ്യോതിഷത്തിന്റെ സാമ്പത്തിക ശാസ്ത്രം. 

No comments:

Post a Comment