നിങ്ങൾ ജീവിതത്തിൽ എല്ലാം കൊണ്ടും തൃപ്തരാണോ എന്ന് ചോദിച്ചാൽ, അല്ല എന്ന ഉത്തരമാവും എല്ലാവരും തരിക. എല്ലാവരും ജീവിതത്തിൽ എന്തിന്റെയെങ്കിലും കുറവ് അനുഭവിക്കുന്നവർ ആണ്. തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ, രോഗ പീഡ, കുട്ടികൾ ഇല്ലാത്ത അവസ്ഥ, ഉറ്റവരെ പിരിഞ്ഞിരിക്കുക (പ്രവാസികൾ), വിരഹ ദുഃഖം, ദാമ്പത്യ പ്രശ്നങ്ങൾ എന്നിങ്ങനെ. ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷെ അവർക്കും ഉണ്ട് മറ്റു ചില പ്രശ്നങ്ങൾ. ചിലർക്ക് പ്രശ്നങ്ങൾ ഇല്ലാത്തത് ഒരു പ്രശ്നമാണ്. അവർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കും. ജീവിതത്തിൽ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിട്ടും ഇതൊന്നും പോരാ എന്ന മട്ടിൽ നടക്കുന്ന ചിലരുടെ കാര്യങ്ങൾ നോക്കാം.
"എന്നെ പെണ്ണ് കാണാൻ ജീൻസും ഇട്ട് കൂളിംഗ് ഗ്ലാസ്സും ഒക്കെ ധരിച്ചു എത്രയോ ചെറുക്കന്മാർ വന്നതാ. എന്നിട്ട് എനിക്ക് കിട്ടിയതോ ഒരു മരങ്ങോടനെ". ഒരു മലയാള സിനിമയിൽ കല്പന പറയുന്ന ചില വാചകങ്ങൾ ഏകദേശം ഇപ്രകാരമാണ്. മിക്കവാറും കുടുംബിനികൾ ഇങ്ങനെയൊക്കെ പരിതപിക്കാറുണ്ട്. പുരുഷന്മാരും മോശമല്ല. അവരും ഇങ്ങനെയൊക്കെ പറയും. ഇതൊരു സ്ഥിരം പരിപാടി ആയാൽ കുടുംബത്തിൽ സമാധാനം നഷ്ടപെടും എന്ന കാര്യത്തിൽ സംശയം ഇല്ല.
"എനിക്ക് ഷാരൂഖ് ഖാനെ പോലെ മീശ ഇല്ലാത്ത ആളെ ഭർത്താവായി കിട്ടിയാൽ മതി". എന്റെ പരിചയത്തിൽ ഉള്ള ഒരു പെണ്‍കുട്ടി വളരെ നാളുകൾക്കു മുൻപ് അവളുടെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപം പറഞ്ഞതാണ്. അവസാനം ഭർത്താവായി കിട്ടിയതോ, ഒരു കൊമ്പൻ മീശക്കാരനെ (വീരപ്പൻ സ്റ്റൈൽ)!! പക്ഷെ അവളുടെ നിർബന്ധത്തിനു വഴങ്ങി പിന്നീട് അയാൾക്ക് മീശ വടിക്കേണ്ടി വന്നു. നല്ല മീശയൊക്കെ വെച്ച് പുലി പോലെ ഇരിന്ന ആൾ അവസാനം മീശ പോയപ്പോൾ എലി പോലെ ആയി.
എനിക്ക് റെയിൽവേയിൽ ജോലി ഉള്ള ആളെ കല്യാണം കഴിക്കനായിരിന്നു ആഗ്രഹം. ഒരു വീട്ടമ്മ അവരുടെ നടക്കാതെ പോയ ഒരു ആഗ്രഹം പറഞ്ഞതാണ്. കിട്ടിയതോ ഒരു പാവം കേരള സർക്കാർ ജീവനക്കാരനെ. ഇതും ഇപ്പോഴും പറഞ്ഞു ഭർത്താവിനെ സ്വൈര്യം കൊടുക്കില്ല. പ്രീഡിഗ്രിയും ഗുസ്തിയും കഴിഞ്ഞു, മനോരമ ആഴ്ച പതിപ്പും വായിച്ചു നടന്ന അവരെ കെട്ടിയതാണോ അയാൾ ചെയ്ത ദ്രോഹം? പട്ടിണിയില്ലാതെ ജീവിക്കുന്നണ്ടല്ലോ എന്ന ചിന്ത പോലും അവർക്കില്ല.
ചിലർ പറയും, ഇടക്കൊക്കെ വെള്ളമടിച്ചു വന്നു കുറച്ചു അടിയും ഇടിയും ഒക്കെ തരുന്ന ഭർത്താവിനെയാണ് എനിക്കിഷ്ടം. എന്നും വൈകിട്ട് മാന്യമായി രണ്ടു കാലിൽ നേരെ ചൊവ്വേ വീട്ടിൽ വന്നു കയറുന്ന പാവം ഒരു ഭർത്താവിനെക്കുറിച്ചാണ് ഇങ്ങനെ കുത്ത് വാക്ക് പറഞ്ഞു നോവിക്കുന്നത്. മദ്യപാനികളായ ഭർത്താക്കന്മാരെ സഹിക്കുന്ന വീട്ടമ്മമാർ ഇത് കേട്ടാൽ ചൂലിന് അവരെ അടിക്കും.
സ്വാതന്ത്ര്യം നഷ്ടപെടും എന്ന് പേടിച്ച് കുടുംബമായി ജീവിക്കാൻ ഭയക്കുന്ന സ്ത്രീകളും, പുരുഷന്മാരും ഉണ്ട്. കുടുംബിനിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വയ്യാത്തത് കൊണ്ട് ഹോസ്റ്റലിൽ താമസിക്കുന്ന ഉദ്യോഗസ്ഥയായ ഒരു യുവതിയെ എനിക്കറിയാം.
സ്വാതന്ത്ര്യം നഷ്ടപെടും എന്ന് പേടിച്ച് കുടുംബമായി ജീവിക്കാൻ ഭയക്കുന്ന സ്ത്രീകളും, പുരുഷന്മാരും ഉണ്ട്. കുടുംബിനിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വയ്യാത്തത് കൊണ്ട് ഹോസ്റ്റലിൽ താമസിക്കുന്ന ഉദ്യോഗസ്ഥയായ ഒരു യുവതിയെ എനിക്കറിയാം.
സാമാന്യം നല്ല രീതിയിൽ ജീവിക്കുന്ന ചെറുപ്പക്കാരായ ദമ്പതികൾ. രണ്ടു പേർക്കും ജോലി ഉണ്ട്. ഒരുമിച്ചു സ്കൂട്ടറിൽ ജോലിക്ക് പോയി വരും. ഒരു ഒഴിവു ദിവസം, അവർ വരാന്തയിൽ വർത്തമാനം പറഞ്ഞു ഇരിക്കുമ്പോൾ മറ്റൊരു ദമ്പതികൾ സ്കൂട്ടറിൽ വീടിന്റെ മുൻപിൽ കൂടി കടന്നു പോയി. ഉടനെ ഭാര്യ ഭർത്താവിനോട് പറയുന്നു, അവർ എത്ര സന്തോഷത്തോടെ ആണ് സ്കൂട്ടറിൽ ഒരുമിച്ചു പോയത്. നമ്മൾ അങ്ങനെ പോകുന്നുണ്ടോ? ഭർത്താവു ഇടി വെട്ടു കിട്ടിയ പോലെ ആയി. താൻ അത്രയ്ക്ക് നീചനാണോ എന്ന് സ്വയം ചിന്തിച്ചു പോയി. ഭർത്താവു പറഞ്ഞു, നമ്മൾ സ്കൂട്ടറിൽ ഒരുമിച്ചു പോകുന്നത് ഒരു വീഡിയോ എടുത്തു കണ്ടു നോക്കിയാലും അവർ പോകുന്ന പോലെ തന്നെ ആയിരിക്കും. സ്വന്തം സൌഭാഗ്യങ്ങൾ എന്തെന്നറിയാതെ മറ്റുള്ളവരെ നോക്കി ജീവിക്കുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ സന്തോഷം എന്താണ് എന്ന് അനുഭവിക്കാൻ ആവില്ല. കുങ്കുമം ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ മേന്മ എന്താണെന്നു അറിയില്ല.
കുടുംബത്തിൽ ഒരാൾക്ക് രോഗം ഉണ്ടായാൽ മതി എല്ലാ സന്തോഷവും തകരാൻ. തൊഴിൽ ഇല്ലാത്തവരുടെ ദുഃഖം പറഞ്ഞറിയിക്കാൻ ആവില്ല. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളുടെ ദുഃഖം അതികഠിനം ആണ്. ഉറ്റവർ മരണപ്പെട്ടവർ, അങ്ങനെ പോകുന്നു ഈ ലോകത്തുള്ളവരുടെ വ്യഥകൾ. ഇത്തരം ദുഃഖങ്ങൾ ഒന്നും ഇല്ലാത്തവർ മറ്റുള്ളവരെ പഴി പറഞ്ഞും, സ്വയം ശപിച്ചും സമാധാനം ഇല്ലാതെ ജീവിക്കുന്നു. ഈ സാമ്പാർ അടുപ്പിലെ തീ കത്തി തീരുന്ന വരെ തിളച്ചു കൊണ്ടിരിക്കും. അത് പോലെ ചിലർ ജീവിതത്തിലെ സൌഭാഗ്യങ്ങൾ അനുഭവിക്കാൻ ആകാതെ ജീവിതാവസാനം വരെ സന്തോഷരഹിതമായി ജീവിക്കുന്നു, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ.
anubhavangal paachaalikallllllllll
ReplyDelete