Thursday, January 23, 2014

വിരുതൻ ശങ്കു

പേര് ശങ്കു. വയസ്സ് ഇരുപത്തെട്ട്. പൊക്കം അഞ്ചര അടി. വിദ്യാഭ്യാസം: ഡിഗ്രിയും ഗുസ്തിയും. സ്ഥിര ജോലി ഇല്ല. രണ്ടു മാസത്തിൽ കൂടുതൽ ഒരിടത്തും ജോലി ചെയ്യില്ല. നന്നാവുമെന്ന് കരുതി ഗൾഫിൽ ജോലി ചെയ്യാൻ അയച്ചു. വീട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് ഗൾഫിൽ നിന്നും റബ്ബർ ഉണ്ട പോലെ പോയ വേഗത്തിൽ തിരിച്ചു വന്നു. മാനേജർ പോസ്റ്റിൽ കുറഞ്ഞ പണി ഒന്നും എടുക്കില്ല. മാനേജർ പദവി കൊടുത്താൽ ശമ്പളം ഇല്ലെങ്കിലും ജോലി ചെയ്തോളും. വരുമാനം ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് അതിശയിച്ചേക്കാം. അതിനും മാർഗമുണ്ട്, അച്ഛന്റെയോ (പെൻഷൻ) സഹോദരങ്ങളുടെയോ വരുമാനം കൊണ്ട് ജീവിക്കും. വീട്ടിലെ കാരണവർ ആണെന്ന് എല്ലാവരും അംഗീകരിച്ചു കൊടുക്കണം. കേരളത്തിൽ കണ്ടു വരുന്ന അപൂർവ ഇനം ചെറുപ്പക്കാരുടെ ഒരു പ്രതിനിധി ആണ്. 

ശങ്കുവിന്റെ ദിനകൃത്യങ്ങൾ 
പണിയൊന്നും ഇല്ലാത്ത ശങ്കുവിന്റെ വിനോദങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം. ശങ്കു ഒരു സിനിമ ഭ്രാന്തൻ ആണ്. അടി, ഇടി, വെട്ട്, കുത്ത് ഇവ തിങ്ങി നിറഞ്ഞ അന്യഭാഷാ ചിത്രങ്ങൾ മാത്രമേ കാണു. അതിലെ നായകരെ അനുകരിച്ചു മുടി വെട്ടും, ഉടുപ്പുകൾ വങ്ങും. രാവിലെ കണ്ണ് തുറന്നാൽ കണി കാണാൻ ഇഷ്ട നടന്റെ വലിയ ചിത്രം കട്ടിലിന്റെ എതിരെയുള്ള ഭിത്തിയിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. ഉറക്കം ഉണർന്നാൽ ഉടനെ ചിത്രത്തിന് മുൻപിൽ പ്രഭാത വന്ദനം നടത്തും. ഇഷ്ട നടന്റെ സിനിമയിലെ ഒന്ന് രണ്ടു പാട്ടുകൾ ഭക്തിയോടെ ഉറക്കെ പാടും, എന്നിട്ട് കർപ്പൂരം ഉഴിയും. പല്ല് തേക്കാതെ ചായ കുടിക്കാൻ വന്നിരിക്കും. പത്രത്തിൽ നോക്കി തിയേറ്ററിൽ പടം മാറിയോ എന്ന് നോക്കും. മറ്റു വാർത്തകൾ അലർജി ആയതു കൊണ്ട് നോക്കാൻ മിനക്കെടാറില്ല.

ശങ്കുവിന്റെ ലീലാ വിലാസങ്ങൾ 
ചായ കുടി കഴിഞ്ഞാൽ അന്നത്തെ പരിപാടികൾ പ്ലാൻ ചെയ്യും. അന്ന് ആരെ ഒക്കെ പറ്റിക്കാം എന്ന് ആലോചിച്ചു നോക്കും. വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട്. അതിനു മുൻപിൽ ഓന്ത് ഇരിക്കുന്ന പോലെ എത്ര നേരം വേണമെങ്കിലും അനങ്ങാതെ ഇരിക്കും. വീട്ടുകാർ വിചാരിക്കും എന്തെങ്കിലും ബുദ്ധിപരമായ പ്രവർത്തനങ്ങൾ നടത്തുകയാണോ എന്ന്. കുറച്ചു വ്യാജ  ഇമെയിൽ വിലാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഉന്നത കുലജാതരായ ആളുകളുടെ പേരുകൾ (ഉദാ: ഷിബു വർമ്മ) സ്വയം ആരോപിച്ച് പെണ്‍കുട്ടികളുമായി കിന്നാരം പറയുകയാണ് കക്ഷിയുടെ പ്രധാന പരിപാടി. താൻ ക്ഷത്രിയ കുടുംബത്തിൽ ആണ് ജനിച്ചതെന്നും, ഇന്ത്യയിലെ വിഖ്യാതമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് പഠിച്ചതെന്നും വീമ്പിളക്കും. കിന്നാരം പറഞ്ഞു പറഞ്ഞു ആശാന്റെ തനി നിറം ക്രമേണ പുറത്തു കാണിക്കും. ലൈംഗിക ചുവയുള്ള സംസാരം തുടങ്ങും. കന്നി മാസത്തിൽ നായ്ക്കൾ കാണിക്കുന്ന ചേഷ്ടകൾ തുടങ്ങും. അന്നേരം പെണ്‍കുട്ടികൾ ഓടി രക്ഷപെടും. 

അശ്ലീല ചിത്രങ്ങളും, വീഡിയോയും ശേഖരിക്കലാണ് വേറൊരു നേരമ്പോക്ക്. അത്തരം സാഹിത്യത്തിന്റെ നല്ലൊരു ഹോം ലൈബ്രറി അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ഗൾഫിൽ കൂടെ ജോലി ചെയ്തിരിന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ ചിത്രങ്ങളും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിട്ടുണ്ട്. മിക്കവാറും ആ ചിത്രങ്ങളിൽ ഉറ്റു നോക്കിക്കൊണ്ട്‌ പകൽക്കിനാവ് കാണും. ഗൾഫിൽ നിന്നും വന്നതിനു ശേഷം സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങി കുറച്ചു പേർക്കെങ്കിലും ഒരു വരുമാന മാർഗം ഉണ്ടാക്കി കൊടുക്കാം എന്നതായി അടുത്ത ചിന്ത. വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ജോലികൾ കണ്ടു പിടിച്ചു കൊടുക്കുന്ന ഒരു വെബ്‌സൈറ്റിൽ അദ്ദേഹം ഒരു പരസ്യം കൊടുത്തു. പേർസണൽ അസ്സിസ്റ്റന്റിനെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിചയം ഇവ ഒന്നും വേണ്ട. ഒരേ ഒരു നിബന്ധന അപേക്ഷിക്കുന്നവർ സ്ത്രീകൾ ആയിരിക്കണം. സമീപ ജില്ലകളിൽ നിന്നുള്ള ചില സ്ത്രീകൾ ജോലിക്ക് അപേക്ഷിച്ചു. അദ്ദേഹം വെബ്‌സൈറ്റിൽ തന്നെ ഓണ്‍ലൈൻ ഇന്റർവ്യൂ തുടങ്ങി. എല്ലാവരോടും Skype അക്കൗണ്ട്‌ ഉണ്ടോ എന്ന് തിരക്കി. ഉണ്ടെന്നു എല്ലാവരും സമ്മതിച്ചു. വിശദമായ ഇന്റർവ്യൂ Skype ൽ വീഡിയോ ചാറ്റിങ് മുഖേന നടത്തുമത്രെ. പത്തു മിനിറ്റ് നഗ്നരായി നിൽക്കുന്നവർക്ക് ജോലി ഉടൻ നൽകും. ഓണ്‍ലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക്  വണ്ടിക്കൂലിയും, മെനക്കെട് കൂലിയും അദ്ദേഹം വാഗ്ദാനം ചെയ്തു. എല്ലാവരും ജോലി വേണ്ടായേ എന്ന് പറഞ്ഞു ഓടി രക്ഷപെട്ടു. ഈ കേരളം ഗതി പിടിക്കില്ല എന്ന് ശങ്കു മുതലാളി ശപിച്ചു.

ഉപസംഹാരം
ശങ്കുവിനെ കല്യാണം കഴിപ്പിക്കാൻ വീട്ടുകാർക്ക് ആഗ്രഹം ഉണ്ട്. ആരെങ്കിലും പെണ്ണ് കൊടുക്കണ്ടേ. ശങ്കു ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ എജന്റു ആയും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. "ഇമ്മാനുവൽ"സിനിമ ഇറങ്ങിയതിനു ശേഷം സ്വകാര്യ ഇൻഷുറൻസ് എടുക്കുന്ന പരിപാടി എല്ലാവരും നിർത്തിയ കാര്യം ശങ്കു അറിഞ്ഞില്ല എന്ന് തോന്നുന്നു. ആരും ഇൻഷുറൻസ് എടുക്കാത്തത് കൊണ്ട് സ്വന്തം വീട്ടുകാരെക്കൊണ്ട്  തന്നെ പോളിസികൾ അദ്ദേഹം വാങ്ങിപ്പിക്കുന്നു. ശങ്കുവിന്റെ  ജീവിത യാത്ര അങ്ങനെ തുടരുന്നു. 

അനുബന്ധം: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തി വിവരണം തന്റെതാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണെന്ന് അറിയിച്ചു കൊള്ളുന്നു.

Image courtesy: http://theimagestop.com            

3 comments:

  1. ഇവനെയൊക്കെ കുന്തത്തിൽ കയറ്റണം (ചിത്രവധം) വിമലെ.

    ReplyDelete
  2. Sanku aalu kollalo,randu pottikkan thonnunnu:-)

    ReplyDelete