നൂറ്റി അൻപതു വർഷം മുൻപ് കേരളത്തിൽ ഒരു കൂട്ടം നാടാർ സ്ത്രീകൾ മാറ് മറക്കുന്നതിനു വേണ്ടി സമരം ചെയ്തു. ഈ സംഭവം കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ജീവൻ പകരുകയും, ആധുനിക കേരളത്തിനു അടിത്തറ പാകുകയും ചെയ്തു. ഗായകൻ ശ്രീ യേശുദാസ് സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശം ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാദം ആയി (എന്ന് കേരളത്തിലെ മാധ്യമങ്ങൾ അവകാശപ്പെടുന്നു). കേരളത്തിൽ ജീൻസ് ഉണ്ടാക്കിയ കോലാഹലത്തിന്റെ വെളിച്ചത്തിൽ നമ്മുടെ സ്ത്രീകൾ വിമോചിതരാണോ എന്നും, വിമോചന പോരാട്ടങ്ങൾ ശരിയായ പാതയിലൂടെ ആണോ പോകുന്നത് എന്ന് നോക്കാം.
അമേരിക്കയിലും, യുറോപ്പിലും സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ ഉദയം കൊണ്ടത് പ്രധാനമായും വിദ്യാഭ്യാസ രാഷ്ട്രിയ സാമൂഹ്യ സമത്വത്തിനു വേണ്ടി ആയിരിന്നു. ഇത്തരം മാറ്റങ്ങൾക്ക് വേണ്ടി കാര്യമായ മുറവിളികൾ കേരളത്തിലെ സ്ത്രീകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. ഉള്ളവർ പേരിനു പോലും ഇല്ല. നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സ്ത്രീകൾക്ക് വേണ്ടിയുള്ള പോഷക സംഘടനകൾ ഉണ്ടെങ്കിലും അവയൊക്കെ നിർജീവങ്ങളും, പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്തവയും ആണ്. മുഖ്യ രാഷ്ട്രിയ കക്ഷിയുടെ ചട്ടുകങ്ങളായി മാത്രം പ്രവർത്തിക്കാൻ വിധിക്കപ്പെട്ടവർ ആണ്.
കേരളത്തിലെ സ്ത്രീകളുടെ ഫാഷൻ അടുത്ത കാലത്ത് വരെ ബ്ലൌസിന്റെ കൈനീളത്തെ ആശ്രയിച്ചിരിന്നു. അഞ്ചു വർഷം കൂടുമ്പോൾ ബ്ലൌസിന്റെ കൈനീളം കൂടിയും കുറഞ്ഞും ഇരിക്കും. അതായിരിന്നു ഫാഷന്റെ മാനദണ്ഡം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ ജീൻസ് കേരള സ്ത്രീകൾക്കിടയിൽ അത്ര പ്രചാരം നേടിയിട്ടില്ല. അതിന്റെ പ്രധാന കാരണം സാരിക്കും, ചുരിദാറിനും കേരളത്തിൽ ലഭിച്ച പ്രചുര പ്രചാരം ആണ്. മറ്റൊരു കാരണം കേരള സ്ത്രീകൾ പൊതുവെ സ്ഥൂല ശരീരം ഉള്ളവർ ആണ്. സൂക്ഷ്മ ശരീരം ഉള്ള വിദ്യാർത്ഥിനികൾ ആണ് ജീൻസ് കേരളത്തിൽ ഉപയോഗിക്കുന്നത്. പ്രസവാനന്തരം ശരീര ഭാരവും, ആകൃതിയും ക്രമീകരിക്കാൻ കേരള വനിതകൾ ശ്രദ്ധിക്കാറില്ല. പ്രസവാനന്തര ശുശ്രൂഷകൾ കേരള സ്ത്രീയെ ജീൻസ് ഇട്ടു നടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിക്കുന്നു. മിക്കവാറും സ്ത്രീകൾ കൊതിക്ക് ഒരു ജീൻസ് വാങ്ങി അലമാരയിൽ സൂക്ഷിക്കുകയും, കേരളം വിട്ടു വിനോദയാത്രക്ക് പോകുന്ന അവസരങ്ങളിൽ ജീൻസ് ഇട്ടു കറുത്ത കണ്ണാടിയും വെച്ച് ഫോട്ടോ എടുത്തു കൊതി തീർക്കും. കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന വനിതകൾ ട്രെയിൻ കേരളത്തിൽ കടക്കുമ്പോൾ ജീൻസ് മാറ്റി മറ്റു ഏതെങ്കിലും വസ്ത്രം ധരിക്കും. തിരികെ പോകുമ്പോൾ ട്രെയിൻ കേരള അതിർത്തി വിടുമ്പോൾ വീണ്ടും ജീൻസ് ധരിക്കും.
സാരി ധരിക്കുന്നതിനെക്കാൾ ശരീരം മറക്കുന്ന വസ്ത്രം ആണ് ജീൻസ്. സ്ഥിരം സാരി ധരിക്കാത്ത നാരികൾ വല്ലപ്പോഴും അത് ധരിക്കുമ്പോൾ ഉള്ള പങ്കപ്പാടുകൾ നമുക്കെല്ലാം പരിചിതം ആണ്. എങ്ങനെ സാരി ധരിച്ചാലും ഏതെങ്കിലും ശരീര ഭാഗം പ്രദർശന യോഗ്യമാകും. വെളിവാകുന്ന ഭാഗങ്ങൾ മറഞ്ഞിരിക്കാൻ ധാരാളം സേഫ്ടി പിന്നുകൾ ഉപയോഗിക്കേണ്ടി വരും. ഇത്രയും സേഫ്ടി പിന്നുകൾ ശരീരത്തിൽ ഒരുമിച്ചു കുത്തി കയറിയാൽ മരണം കാത്തു ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരുടെ അവസ്ഥയിൽ ആകും. എത്രയൊക്കെ ശ്രദ്ധിച്ചു സാരി ഉടുത്താലും നടക്കുമ്പോൾ ഇടക്കിടെ കൈകടത്തി വെളിവാകുന്ന ശരീര ഭാഗത്ത് സാരി ചേർത്ത് വെക്കണം. നടക്കുമ്പോഴും, ഇരിക്കുമ്പോഴും ശ്രദ്ധ മുഴുവൻ സാരിക്ക് കൊടുക്കണം. അല്ലാത്ത പക്ഷം സാരി പിണങ്ങി അതിന്റെ പാട്ടിനു പോകും. ഹിന്ദു ദേവതകളുടെ പ്രതിമകളിലും, ചിത്രങ്ങളിലും ഒരു സ്വർണ ബെൽറ്റ് കൂടി സാരിക്ക് മുകളിൽ ഒരു ഉറപ്പിനു വേണ്ടി ധരിച്ചിരിക്കുന്നത് കാണാം. ദേവതകൾക്ക് പോലും സാരി സൗകര്യപ്രദം അല്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
ജീൻസ് തന്നെ പല രീതിയിൽ ലഭ്യം ആണ്. ജീൻസ് അരക്കു താഴേക്കുള്ള ഭാഗം മറക്കുമെങ്കിലും, skinny ജീൻസ് ശരീരത്തിന്റെ നിമ്നോന്നതങ്ങൾ വെളിവാക്കും. skinny ജീൻസ് ധരിക്കുന്നതിനെ ആവും യേശുദാസ് പരാമർശിച്ചത് എന്ന് തോന്നുന്നു. എന്തൊക്കെ ന്യായം പറഞ്ഞാലും സ്വന്തം ശരീര സൌന്ദര്യം മറ്റുള്ളവർ ശ്രദ്ധിക്കുന്നത് പുരുഷനും, സ്ത്രീക്കും അഭിമാനവും, ആനന്ദവും നല്കുന്നതാണ്. ലൈംഗിക ആകർഷണീയത പുരുഷനും സ്ത്രീക്കും തോന്നുന്നത് വ്യത്യസ്ത രീതിയിൽ ആണ്. സ്ത്രീയുടെ ഏതു അവയവ ദർശനവും പുരുഷന് ലൈംഗിക ആകർഷണീയത (visual sexual stimuli) ഉളവാക്കും. സ്ത്രീയുടെ ലൈംഗിക ആകർഷണ മാനദണ്ടങ്ങൾ പുരുഷന്റെതിൽ നിന്നും വളരെ വ്യത്യസ്തം ആണ്. കേരളീയരുടെ ലൈംഗികത അടിച്ചമർത്തപ്പെട്ടതും, കപടവും ആണ്. കേരളീയരുടെ ഒളിഞ്ഞു നോട്ടം അയൽ സംസ്ഥാങ്ങളിൽ പോലും പ്രസിദ്ധമാണ്. ഒളിഞ്ഞു നോട്ടത്തിന്റെ രീതി കണ്ടാൽ മലയാളി ആണ് എന്ന് പെട്ടെന്ന് തിരിച്ചറിയാം. ശ്രീ യേശുദാസ് ഒരു സത്യം തുറന്നു പറഞ്ഞു അത്ര തന്നെ. പ്രസ്താവന കേട്ടതും ഒരു വനിതാ രാഷ്ട്രീയ പ്രവർത്തക കലി തുള്ളിയത് എന്തിനാണെന്ന് അവർക്കും അറിയില്ല. ചിലപ്പോൾ ജീൻസ് ഇടാൻ പറ്റാത്തതിന്റെ ഖേദം കൊണ്ടാവും നേതാവ് കലി തുള്ളിയത്. വന്ദ്യ വയോധികനായ യേശുദാസിന് അങ്ങനെ തോന്നിയതിലും, വിളിച്ചു പറഞ്ഞതിലും അത്ഭുതപെടാനില്ല. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.
No comments:
Post a Comment