മത്തായിച്ചൻ ലോട്ടറി മൊത്തക്കടയിൽ നിന്നും ടിക്കറ്റുകൾ വാങ്ങി കയ്യിലുണ്ടായിരിന്ന ചെറിയ ബാഗിൽ തിരുകി. വളരെ നാളുകൾ രോഗ ശയ്യയിൽ ആയിരുന്നു. എന്തെങ്കിലും വരുമാന മാർഗം കണ്ടെത്താതെ ജീവിതം മുന്നോട്ടു പോകില്ല. ആകെ അറിയാവുന്നത് ലോട്ടറി കച്ചവടം ആണ്. ഈ വാർധക്യത്തിലും വിശ്രമമില്ലല്ലോ എന്ന് അയാൾ സ്വയം സഹതപിച്ചു.
ചുട്ടു പൊള്ളുന്ന വെയിലിൽ കിതച്ചു കൊണ്ട് അയാൾ ബസ്‌സ്റ്റാന്റിലേക്ക് നടന്നു. പരിചയക്കാരായ ലോട്ടറി കച്ചവടക്കാർ കുശലം അന്വേഷിച്ചു കൊണ്ട് ഓടി വന്നു. എല്ലാവരോടും കുറച്ചു വാക്കുകളിൽ മറുപടി പറഞ്ഞു, എങ്ങനെയും ലോട്ടറി വിറ്റഴിക്കാനുള്ള വെമ്പൽ ആയിരിന്നു. കുറച്ചു ടിക്കറ്റുകൾ ബാഗിൽ നിന്ന് കയ്യിലെടുത്തു കൊണ്ട് നിർത്തിയിട്ടിരുന്ന തിരക്കില്ലാത്ത ഒരു ബസിലേക്ക് കയറി.
ബസ്സിൽ കൂടുതലും ചെറുപ്പക്കാർ ആണ്. ബസ്സിന്റെ മുൻ വരിയിൽ നിന്ന് കൊണ്ട് ടിക്കറ്റുകൾ മുന്നിലേക്ക് നീട്ടി പിടിച്ചു, പക്ഷെ ശബ്ദം പുറത്തു വന്നില്ല. ഏറെ നാളുകൾക്കു ശേഷം ആയതു കൊണ്ടാവണം പറഞ്ഞു തുടങ്ങാൻ ഒരു വിമ്മിഷ്ടം പോലെ. ഒരു വിധത്തിൽ പറഞ്ഞു തുടങ്ങി, പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും കുനിഞ്ഞിരുന്നു എന്തൊക്കെയോ ചെയ്യുന്നു. മത്തായിച്ചൻ യാത്രക്കാരെ ആകെയൊന്നു നോക്കി. വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, കാമുകി-കാമുകന്മാർ, ദമ്പതികൾ തുടങ്ങി എല്ലാ തരക്കാരും ഉണ്ട്. എല്ലാവരും മൊബൈൽ ഫോണിൽ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു. താൻ ബസ്സിൽ കയറിയതും ഉറക്കെ വിളിച്ചു പറഞ്ഞതൊന്നും ആര് കേട്ട മട്ടില്ല.
മത്തായിച്ചൻ സീറ്റുകൾക്കിടയിലൂടെ മുന്നോട്ടു നടന്നു. യാത്രക്കാർ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നു. ചിലരുടെ വിരലുകൾ അതിവേഗത്തിൽ ബട്ടണുകളിൽ ചലിക്കുന്നു. മറ്റു ചിലർ ഫോണിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു. കുറച്ചു പേർ വിവിധ ബഹളത്തിനിടയിലും ഹെഡ് ഫോണ്‍ ചെവിയിൽ തിരുകി പാട്ടു കേൾക്കുന്നു. മത്തായിച്ചൻ ഓരോരുത്തരുടെയും മുന്നിലേക്ക് ടിക്കറ്റുകൾ നീട്ടി. കൂടുതൽ പേരും ശ്രദ്ധിച്ചതേയില്ല, ചിലർ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ട് വീണ്ടും മൊബൈൽ ഫോണിലേക്ക് മുഖം താഴ്‌ത്തി.
മുട്ടിയിരിന്നു മൊബൈലിൽ ശ്രദ്ധിക്കുന്ന യുവമിഥുനങ്ങളുടെ അടുത്തേക്ക് മത്തായിച്ചൻ ലോട്ടറിയുമായി എത്തി. അബദ്ധത്തിൽ മൊബൈലിൽ നിന്നും ശ്രദ്ധ മാറിയതും മത്തായിച്ചൻ ലോട്ടറി ചെറുപ്പക്കാരന്റെ മുഖത്തേക്ക് നീട്ടി. മത്തായിച്ചന്റെ ദൈന്യഭാവം കണ്ടത് കൊണ്ടാവണം ചെറുപ്പക്കാരന്റെ കൈ അറിയാതെ പോക്കറ്റിലേക്ക് നീണ്ടു. അൻപതിന്റെ നോട്ട് ക്രമേണ പോക്കറ്റിൽ നിന്നും ഉയർന്നു വരുന്നത് കണ്ടു മത്തായിച്ചന്റെ കണ്ണുകൾ വികസിച്ചു. വളരെ നാളുകൾക്കു ശേഷമുള്ള ആദ്യത്തെ കച്ചവടം നടക്കാൻ പോകുന്നു. പെട്ടെന്ന്, മൊബൈൽ ഫോണിൽ എന്തോ കണ്ടു രസിച്ചിരിന്ന കാമുകി സന്തോഷം കൊണ്ട് ചെറുപ്പക്കാരന്റെ തുടയിൽ ആഞ്ഞടിച്ചു. അടികൊണ്ടു വേദനിച്ച ചെറുപ്പക്കാരൻ ഒന്ന് ഞെട്ടി, അമ്പതു രൂപ നോട്ട് വിരലുകൾക്കിടയിൽ നിന്നും തിരികെ പോക്കറ്റിലേക്കു വീണു. ഒരു ഗുസ്തിക്കാരന്റെ ലാഘവത്തോടെ കാമുകി ചെറുപ്പക്കാരന്റെ കഴുത്തിന് പുറമേ കയ്യിട്ടു മുഖം മൊബൈൽ സ്ക്രീനിലേക്ക് ബലമായി താഴ്‌ത്തി. ചെറുപ്പക്കാരന് മുഖമുയർത്താൻ അവൾ സമ്മതിച്ചില്ല.
മത്തായിച്ചന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ദൈവമേ, ആദ്യത്തെ കച്ചവടം പാഴായല്ലോ, മത്തായിച്ചൻ പിറുപിറുത്തു. എല്ലാവരെയും ശപിച്ചു കൊണ്ട് അയാൾ ആഞ്ഞു ചവിട്ടിക്കൊണ്ട് ബസ്സിന്റെ പടികൾ ഇറങ്ങി.
No comments:
Post a Comment