Sunday, May 24, 2015

രക്ഷാകര്‍തൃ നിയമ ഭേദഗതി 2015 (Guardians and Wards (Amendment) Bill)

ദേശീയ നിയമ സമിതി (National Law Commission) നിലവിലുള്ള  രക്ഷാകര്‍തൃ നിയമം (Guardians and Wards Act, 1890) ഭേദഗതി ചെയ്യാൻ ശ്രീ. അജിത് പ്രകാശ് ഷാ അധ്യക്ഷനായുള്ള കമ്മിറ്റി 2014ൽ രൂപീകരിച്ചു. മെയ്‌ 2015ൽ ഭേദഗതി ബില്ലിന്റെ കരടു രൂപം സർക്കാരിനു സമർപ്പിച്ചു.

പശ്ചാത്തലം
സംയുക്ത രക്ഷാകര്‍തൃത്വം ആണ് ഈ ഭേദഗതിയിലെ പ്രധാന പ്രത്യേകത. സംയുക്ത രക്ഷാകര്‍തൃത്വം സ്ഥാപിച്ചു കിട്ടാൻ ഇന്ത്യൻ നിയമത്തിൽ നിലവിൽ വകുപ്പുകൾ ഇല്ലായിരിന്നു.
Image courtesy: The Hindu daily
വിവാഹ മോചനം നടക്കുമ്പോൾ കുട്ടികളെ സ്വാഭാവികമായും മാതാവിന്റെ സംരക്ഷണയിൽ വിട്ടുകൊടുക്കുകയും, കുട്ടികൾക്ക് പിതാവിന്റെ സാമീപ്യം നഷ്ടമാവുകയും ചെയ്യും. പിതാവിന് കുട്ടിയെ സന്ദർശിക്കാൻ (Visitation Rights) മാത്രമാണ് കോടതി അനുവദിക്കുക. പിതാവിന്റെ വാത്സല്യവും, സ്നേഹവും അനുഭവിക്കാൻ കുട്ടികൾക്ക് അവസരം കിട്ടുന്നില്ല. കുട്ടികളെ വളർത്തുന്നതിൽ തീരുമാനം എടുക്കാനും, പങ്കാളിയാകാനും അവസരം നിഷേധിക്കുന്നു. 

 
പ്രമുഖ ക്രിക്കറ്റർ അനിൽ കുംബ്ലെയുടെ രണ്ടാമത്തെ ഭാര്യയും മുൻ ഭർത്താവും വിവാഹ മോചനത്തിന് ശേഷമുള്ള സുപ്രീം കോടതിയിലെ കേസ് (Kumar V. Jahgirdar vs Chethana Ramatheertha) ആണ് സംയുക്ത രക്ഷാകര്‍തൃത്വം ഇന്ത്യൻ നിയമത്തിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അനിൽ കുംബ്ലെയുമായി കറങ്ങി നടക്കുന്നത് കൊണ്ട് മാതാവിന് പെണ്‍കുട്ടിയെ പിതാവിനെ കാണിക്കാൻ സാധിക്കാതെ വന്നു. പിതാവ് സംയുക്ത രക്ഷാകര്‍തൃത്വം അനുവദിച്ചു കിട്ടുന്നതിനായി പരമോന്നത കോടതിയെ സമീപിക്കുകയും ചെയ്തു. ആഴ്ച അവസാനങ്ങളിലും, അവധിക്കാലത്തും പിതാവിനൊപ്പം കുട്ടിക്ക് കഴിയാൻ കോടതി അനുവദിച്ചു. കുട്ടിയുടെ എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാൻ മാതാവിനൊപ്പം തന്നെ പിതാവിനെയും അനുവദിച്ചു.

നിരവധി സർക്കാർ ഇതര സംഘടനകളുടെയും, കുട്ടികളുമായി വേർപിരിയേണ്ടി വന്ന പിതാക്കൻമാരുടെയും അഭ്യർഥനയെ മാനിച്ചാണ് സർക്കാർ സ്വമേധയാ തന്നെ ഈ ഭേദഗതിക്കു തുടക്കമിട്ടത്. മാറിയ സാമൂഹിക-കുടുംബ അന്തരീക്ഷത്തിൽ സംയുക്ത രക്ഷാകര്‍തൃത്വം അത്യന്താപേക്ഷിതം ആണെന്ന് കമ്മിറ്റി നിരീക്ഷിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ സ്ത്രീകളും തിരക്കുള്ളവരാണ്. സമയം കുറവുള്ള മാതാവിന് കുട്ടികളെ നോക്കാൻ സാധിക്കാതെ വരുന്ന അവസരത്തിൽ സംയുക്ത മേൽനോട്ടം കുട്ടികളുടെ വളർച്ചക്ക് ഗുണം ചെയ്യും. 

എന്താണ് സംയുക്ത രക്ഷാകര്‍തൃത്വം
മാതാവിനും, പിതാവിനും കുട്ടിയുടെ വളർച്ചക്കും, പരിരക്ഷക്കും ഒരേ പോലെ ഉത്തരവാദിത്വം നൽകുന്നു. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഇരുവർക്കും ഒരു പോലെ അധികാരം ഉണ്ടാവും. മാതാപിതാക്കൾ പിരിഞ്ഞതിനു ശേഷം കുട്ടിയുടെ താമസം ഏതെങ്കിലും ഒരു രക്ഷിതാവിന്റെ കൂടെ ആണെങ്കിൽ പോലും രണ്ടു പേർക്കും തീരുമാനങ്ങൾ എടുക്കുന്നതിൽ തുല്യ അധികാരം ഉണ്ടാവും. ഏതെങ്കിലും ഒരു രക്ഷിതാവിനു കൂടുതൽ പ്രാമുഖ്യം ഉണ്ടാവില്ല എന്നർത്ഥം. മാതാപിതാക്കൾ പിരിഞ്ഞ കുട്ടികളുടെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മാർഗമായാണ് നിയമ സംവിധാനങ്ങൾ സംയുക്ത രക്ഷാകര്‍തൃത്വത്തെ കാണുന്നത്. കുട്ടികളുടെ ശരിയായ മാനസിക-വൈകാരിക വളർച്ചയാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഭേദഗതിയിലെ പ്രധാന പരാമർശങ്ങൾ 
രക്ഷാകര്‍തൃ നിയമ ഭേദഗതി ബിൽ 2015 ന്റെ (Guardians and Wards (Amendment) Bill) മറ്റു പ്രസക്ത ഭാഗങ്ങൾ താഴെ പറയുന്നവ ആണ്:

മാതാപിതാക്കൾ പിരിഞ്ഞാലും കുട്ടിക്ക് രണ്ടു പേരുടെയും സംരക്ഷണം ശരിയായ വിധം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

കുട്ടികളുടെ സംരക്ഷണ ചെലവ് മാതാപിതാക്കൾ തുല്യമായി വഹിക്കണം. ഇത് 25 വയസ്സ് വരെ തുടരണം. 

കുട്ടികളുടെ ആരോഗ്യ-വിദ്യാഭ്യാസ വിവരങ്ങളും, രേഖകളും പിതാവിനും മാതാവിനും ഒരേ പോലെ അറിയാനുള്ള അവകാശം. 

അപ്പൂപ്പൻ, അമ്മൂമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ തുടങ്ങിയവരെ കാണാനുള്ള അവസരം. ബന്ധുക്കൾക്ക് കുട്ടിയെ സ്ഥിരമായി സന്ദർശിക്കുന്നതിന് കോടതിയെ സമീപിക്കാം. കുട്ടികളുടെ ക്ഷേമത്തിന് ഇതാവശ്യമാണ്. 

ഒരു രക്ഷിതാവ് മറ്റു രക്ഷിതാവിനു കുട്ടിയെ കാണാൻ അസൌകര്യം ഉണ്ടാക്കും വിധം സ്ഥലം മാറാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 30 ദിവസത്തിന് മുൻപ് തന്നെ നോട്ടീസ് കൊടുക്കേണ്ടതാണ്. ദുരുദ്ദേശ പരമായി ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ രക്ഷിതാവിനു കോടതിയെ സമീപിക്കാവുന്നതാണ്. ഈ സ്ഥലം മാറ്റം കുട്ടിയുടെ ക്ഷേമത്തിന് വിരുദ്ധമാണെങ്കിൽ കോടതിക്ക് ഇടപെടാവുന്നതാണ്. കുട്ടിക്ക് രക്ഷിതാവിനെ കാണുന്നതിനു ഭംഗം വരുത്താൻ പാടില്ല. 

മാതാപിതാക്കൾ കുട്ടിയെ സംബന്ധിച്ച് പരസ്പരം അറിഞ്ഞിരിക്കേണ്ട/ അറിയിച്ചിരിക്കേണ്ട കാര്യങ്ങൾ: സ്കൂൾ, ക്ലാസ്സ്‌, പഠന വിഷയങ്ങൾ, വിനോദ യാത്രകൾ, കുട്ടിയെ ദൂര സ്ഥലത്ത് അവധിക്കു കൊണ്ട് പോകുന്നുവെങ്കിൽ ആ വിവരം. ഇത്തരം കാര്യങ്ങൾ കൃത്യമായി കുട്ടിയെ സംരക്ഷിക്കുന്നയാൾ മറ്റു രക്ഷിതാവിനെ അറിയിക്കേണ്ടതാണ്. 

രക്ഷിതാവ് കുട്ടിയുടെ ക്ഷേമത്തിന് വിരുദ്ധമായി പെരുമാറുന്ന പക്ഷം കോടതിക്ക് ഇടപെടാവുന്നതാണ്. രക്ഷാകര്‍തൃത്വം പുനർനിർണ്ണയിക്കുകയും ചെയ്യാം.

ഉപസംഹാരം
മാതാപിതാക്കളുടെ സൌകര്യത്തിനുപരി കുട്ടികളുടെ ക്ഷേമം ആണ് ഈ ഭേദഗതിയുടെ പരമമായ ലക്‌ഷ്യം. പിരിഞ്ഞ മാതാപിതാക്കളുടെ പിടിവാശിയും , വിദ്വേഷവും കുട്ടികളെ ബാധിക്കാൻ പാടില്ല എന്ന് ഈ ഭേദഗതി വിവക്ഷിക്കുന്നു. 

റഫറൻസ്


Ajit Prakash Shah. (2015). Reforms in Guardianship and (No. 257) (p. 85). New Delhi: National Law Commission, India. Retrieved from http://lawcommissionofindia.nic.in/reports/ReportNo.257 Custody Laws.pdf

Gangadhar S Patil. (2014, October 30). Law commission to suggest amendment to Guardians and Wards Act. Economic Times. New Delhi. Retrieved from http://articles.economictimes.indiatimes.com/2014-10-30/news/55595418_1_shared-parenting-child-custody-joint-custody

J. Venkatesan. (2009, July 28). Court asks Kumble’s wife to negotiate with former husband on daughter’s custody. The Hindu. Retrieved from http://www.thehindu.com/todays-paper/tp-national/court-asks-kumbles-wife-to-negotiate-with-former-husband-on-daughters-custody/article240476.ece

ND TV. (2015, May 23). Law Panel For Joint Custody of Child in Divorce Cases. Retrieved May 24, 2015, from http://www.ndtv.com/india-news/law-panel-for-joint-custody-of-child-in-divorce-cases-765376

Supreme Court of India. Kumar V. Jahgirdar vs Chethana Ramatheertha on 29 January, 2004 (Supreme Court of India). Retrieved from http://indiankanoon.org/doc/1388050/
 

No comments:

Post a Comment