Sunday, September 4, 2016

പറമ്പിക്കുളം വന്യജീവി സങ്കേതം (യാത്രാ വിവരണം)

പറമ്പിക്കുളം വന്യജീവി സങ്കേതം കേരളത്തിൽ ആണെങ്കിലും, തമിഴ്‌നാട്ടിൽ പ്രവേശിച്ചിട്ട് വേണം അവിടെയെത്താൻ. അമൃത എക്സ്പ്രസ്സ് ട്രെയിൻ രാവിലെ 6.30നു പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ തന്നെ പ്രഭാത കർമ്മങ്ങൾ ധൃതിയിൽ ചെയ്‌ത ശേഷം പൊള്ളാച്ചിക്കുള്ള ട്രെയിനിലേക്ക് ഓടിക്കയറി. ടോയ്‌ലറ്റിനു മുന്നിലെ ക്യൂ ആണ് സമയ നഷ്ടം ഉണ്ടാക്കിയത്. ഒന്നാമത്തെ പ്ലാറ്റഫോമിൽ ഉണ്ടായിരുന്നത് മൂന്നു കക്കൂസ് മാത്രം. ക്യൂവിൽ നിന്ന് എല്ലാവരെയും പോലെ ഞങ്ങളും ഭക്തി നിർഭരരായി ദേവാലയ വാതിൽ തുറക്കുന്നതും കാത്തു നിന്നു!! അകത്തു കയറിയവർക്കു എത്രയും സുഗമമായ മലശോധന ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു. ചില വിദ്വാന്മാർ കക്കൂസിൽ കയറി കുളിയും പാസ്സാക്കി, അത് മൂലം സമയനഷ്ടം പിന്നെയും ഉണ്ടായി.

രാജ്യറാണി ട്രെയിൻ തന്നെയാണ് പൊള്ളാച്ചിയിലേക്ക് പോകുന്നത്. മീറ്റർ ഗേജ് ആയിരുന്ന പാലക്കാട് - പൊള്ളാച്ചി റെയിൽ പാത 2015ൽ ആണ് ബ്രോഡ്ഗേജിലേക്കു മാറിയത്. രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 9.45 നു പൊള്ളാച്ചിയിൽ എത്തും. പ്രഭാത ഭക്ഷണം വാങ്ങിക്കൊണ്ടു ട്രെയിനിൽ കയറി. ട്രെയിൻ പുറപ്പെട്ടു അധികം താമസിയാതെ തന്നെ മനംകുളിർക്കുന്ന കാഴ്ചകൾ വന്നു തുടങ്ങി. പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ കൂടിയാണ് ട്രെയിൻ കടന്നു പോകുന്നത്. പശ്ചിമഘട്ട മലനിരകൾ വരവായി. മഴമൂലം ഉണ്ടായ നീർച്ചാലുകൾ വെള്ളി മാല പോലെ മലനിരകളിൽ തിളങ്ങുന്നു. പച്ചപ്പട്ടു വിരിച്ച പാടങ്ങൾ. തെങ്ങിന്തോപ്പുകൾ. അവക്കിടയിൽ പ്രഭാത സവാരി നടത്തുന്ന മയിലുകൾ.

പ്രകൃതീശ്വരിയുടെ ആരാധകൻ ആകാൻ ഇതിൽ കൂടുതൽ എന്ത് വേണം. വേനൽക്കാലത്തു ഇതിലും വ്യത്യസ്തമായ അനുഭവം ആയിരിക്കണം.പാലക്കാട്ടെ ചൂട് പ്രസിദ്ധമാണല്ലോ.

മനോഹരമായ മുതലമട സ്റ്റേഷൻ ഒരുപാട് സിനിമകളിൽ ഇടം പിടിച്ചിട്ടുണ്ട്.

സഹയാത്രികരോടൊപ്പം.

ടിക്കറ്റ് കൗണ്ടറിനു സമീപമുള്ള സുവനീർ ഷോപ്പ്.

സുവനീർ ഷോപ്പിനു അടുത്തു കണ്ട ചെന്നായയുടെ പ്രതിമ. ആദ്യം കാണുമ്പോൾ ശരിക്കുള്ള ചെന്നായ ആണോ എന്ന് വിചാരിച്ചു പോകും.
ആദിവാസികളെ കൂടി ഉൾപ്പെടുത്തിയുള്ള വിനോദസഞ്ചാര പദ്ധതിയാണ് പറമ്പിക്കുളത്തേത്. ഇതിൽ നിന്നും സമാഹരിക്കുന്ന ധനം അവരുടെ തന്നെ ക്ഷേമത്തിനായി വിനിയോഗിക്കുന്നു. ഏറെ അനുഭവസമ്പത്തുള്ള പ്രദേശ വാസികളുടെ അകമ്പടി സഞ്ചാരികൾക്കു വിജ്ഞാന ഭരിതവുമാണ്.

സഞ്ചാരികളെ കാനന ഭംഗി കാണിക്കാൻ കൊണ്ട് പോകുന്ന വാഹനം.
പറമ്പിക്കുളത്തിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്നതു 2009ൽ ആണ്. പറമ്പിക്കുളം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തുണക്കടവ് എന്നിങ്ങനെ മൂന്നു ഡാമുകൾ ഈ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്നു. 
ഡാമുകളുടെ പരിസരം അതിൻമനോഹരമാണ്. സഞ്ചാരികളെ ഏറെ സമയം ഇവിടെ നിൽക്കാൻ അനുവദിക്കുന്നില്ല എന്നത് ഒരു പോരായ്മയാണ്.

 ലോകത്തിലെ ഏറ്റവും വലിയ തേക്ക് പറമ്പിക്കുളം വനത്തിൽ ആണുള്ളത്. ഈ വൃക്ഷ രാജന് കേന്ദ്ര സർക്കാരിന്റെ മഹാ വൃക്ഷ പുരസ്കാരം 1994-95 വർഷത്തിൽ ലഭിച്ചു. 

കണ്ണിമാറ തേക്കിന്റെ മുകൾഭാഗം.
വന്യജീവികളാൽ സമൃദ്ധമാണ് പറമ്പിക്കുളം. കാട്ടു പോത്തു, നീലഗിരി വരയാട്, ആന, മാൻ, മ്ലാവ്, രാജവെമ്പാല, മുതല, വേഴാമ്പൽ, കടുവ, പുലി, കാട്ടു നായ, കാട്ടു പൂച്ച തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന അന്തേവാസികൾ. വന്യമൃഗങ്ങൾ സഞ്ചാരികൾക്കു എല്ലായ്പ്പോഴും ദർശനം തരണമെന്നില്ല. ഭാഗ്യമുണ്ടെങ്കിൽ പുലിയെ കാണാം എന്ന് മാത്രമേ വനംവകുപ്പ് ജീവനക്കാർ പറയുന്നുള്ളു.
പുള്ളിമാനുകളെ മേയുന്നത്  എവിടെയും കാണാനാകും.

ഇവിടുത്തെ കാട്ടു പന്നികൾ സഞ്ചാരികൾക്കു സുപരിചിതരാണ്.
ജൂലൈ മാസത്തിലാണ് ഞങ്ങൾ യാത്ര നടത്തിയത്. മഴയില്ലായിരുന്നുവെങ്കിലും വന ശീതളിമയിലൂടെയുള്ള യാത്ര അതീവ സുഖകരമാണ്. വനത്തിലെ ശീതളത അനുഭവിച്ചറിയുക തന്നെ വേണം. വന നിബിഡതയുടെ സൗന്ദര്യം ശരിക്കും ആസ്വദിക്കണമെങ്കിൽ മറ്റു പാക്കേജുകൾ തിരഞ്ഞെടുക്കണം. മുൻ‌കൂർ ബുക്ക് ചെയ്‌താൽ വനത്തിനുള്ളിൽ താമസിച്ചു വന്യത ആസ്വദിക്കാം.
പുളിമരങ്ങൾ കമാനം തീർത്ത പൊള്ളാച്ചി-പറമ്പിക്കുളം പാത.
തിരികെ വരാൻ ഞങ്ങൾക്ക് ഒരു ജീപ്പ് ലഭിച്ചു. മണൽ കൊണ്ട് വരാൻ വേണ്ടി സീറ്റുകൾ എടുത്തു മാറ്റിയ ജീപ്പ് ആയിരുന്നെങ്കിലും ഞങ്ങൾ നിലത്തു പത്രം വിരിച്ചിരിന്നു. ഓടുന്ന ജീപ്പിലിരിന്നു പിറകിലേക്ക് നോക്കുമ്പോൾ പശ്ചിമഘട്ട മലനിരകളുടെ ആലിംഗനത്തിൽ നിന്നും അകന്നു പോകുന്നതായി തോന്നി. 

സഞ്ചാരികളുടെ ശ്രദ്ധക്ക്: വന്യ ജീവി സങ്കേതത്തിനുള്ളിൽ പ്രവേശിച്ചു കാനന ഭംഗി ആസ്വദിക്കാൻ രാവിലെ തന്നെ എത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വന്യജീവി സങ്കേതത്തിൽ പ്രവേശന ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടു നേരിടും. പാലക്കാട് നിന്നും പൊള്ളാച്ചി വരെയുള്ള ട്രെയിൻ രാവിലെ 4.30നു ഉണ്ട്. പൊള്ളാച്ചി ബസ്‌ സ്റ്റാൻഡിൽ നിന്നും പറമ്പിക്കുളത്തിനു ബസ് പിടിക്കാം.  പാലക്കാട് നിന്നു രാവിലെ 7.45നു KSRTC ബസ് പറമ്പിക്കുളത്തിനു പുറപ്പെടുന്നുണ്ട്. തിരികെ വരാനും ബസിനെ ആശ്രയിക്കാം. തുടരെ ബസ് സർവീസ് ഇല്ലാത്തതിനാൽ സമയക്രമം മുൻപേ അറിഞ്ഞു പോകണം. പറമ്പിക്കുളം വന്യജീവി സങ്കേതം വിശദമായി ആസ്വദിക്കേണ്ടർക്ക് വിവിധ തരത്തിലുള്ള വിനോദസഞ്ചാര പാക്കേജുകൾ ഇവിടെ ലഭ്യമാണ്. അവയുടെ വിവരങ്ങൾ പറമ്പിക്കുളം വെബ്‌സൈറ്റിൽ ലഭിക്കും.

1 comment:

  1. ചിത്രങ്ങൾ കൊതിപ്പിക്കുന്നു.

    ReplyDelete