കേരളത്തിൽ നിന്ന് ഔറങ്കാബാദിലേക്കുള്ള യാത്രക്കിടയിലാണ് ഞങ്ങൾ പൂനെ നഗരത്തിൽ രാവിലെ എത്തിയത്. ഔറങ്കാബാദിലേക്കുള്ള ബസ് രാത്രിയിലെ പുറപ്പെടൂ എന്നതിനാൽ ഞങ്ങൾ പൂനെ നഗരം ചുറ്റിയടിക്കാൻ തീരുമാനിച്ചു. ആദ്യം കാണാൻ തിരഞ്ഞെടുത്തത് ആഗാ ഖാൻ കൊട്ടാരമാണ് (Aga Khan Palace). ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി വളരെയധികം ബന്ധമുള്ള സ്മാരകമാണിത്. പൂനെ റെയിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ ഏഴ് കിലോമീറ്റർ അകലെയുള്ള കൊട്ടാരത്തിലേക്കു തിരിച്ചു. മീറ്റർ ഇട്ടു ഓടുന്ന ഇവിടുത്തെ ഓട്ടോ ഡ്രൈവർമാർ വളരെ മാന്യന്മാർ ആണ്. നഗരത്തിൽ ഉടനീളം ഞങ്ങൾ യാത്ര ചെയ്യാൻ ആശ്രയിച്ചത് ഓട്ടോ റിക്ഷകളെയാണ്. ന്യായമായ കൂലിയെ ഞങ്ങളിൽ നിന്ന് ഈടാക്കിയുള്ളു. ഞങ്ങൾ കൊട്ടാര കവാടത്തിനു മുന്നിൽ ഇറങ്ങി സന്ദർശന ടിക്കറ്റ് എടുത്ത ശേഷം വിശാലമായ വളപ്പിലേക്ക് നടന്നു. നടന്നടുക്കും തോറും കൊട്ടാരത്തിന്റെ പൂർണ്ണാകാരം ദൃശ്യമാകാൻ തുടങ്ങി.
വിശാലമായ പുൽത്തകിടി വിരിച്ച വളപ്പ്പിൽ തലയെടുപ്പോടെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. |