കേരളത്തിൽ നിന്ന് ഔറങ്കാബാദിലേക്കുള്ള യാത്രക്കിടയിലാണ് ഞങ്ങൾ പൂനെ നഗരത്തിൽ രാവിലെ എത്തിയത്. ഔറങ്കാബാദിലേക്കുള്ള ബസ് രാത്രിയിലെ പുറപ്പെടൂ എന്നതിനാൽ ഞങ്ങൾ പൂനെ നഗരം ചുറ്റിയടിക്കാൻ തീരുമാനിച്ചു. ആദ്യം കാണാൻ തിരഞ്ഞെടുത്തത് ആഗാ ഖാൻ കൊട്ടാരമാണ് (Aga Khan Palace). ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി വളരെയധികം ബന്ധമുള്ള സ്മാരകമാണിത്. പൂനെ റെയിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ ഏഴ് കിലോമീറ്റർ അകലെയുള്ള കൊട്ടാരത്തിലേക്കു തിരിച്ചു. മീറ്റർ ഇട്ടു ഓടുന്ന ഇവിടുത്തെ ഓട്ടോ ഡ്രൈവർമാർ വളരെ മാന്യന്മാർ ആണ്. നഗരത്തിൽ ഉടനീളം ഞങ്ങൾ യാത്ര ചെയ്യാൻ ആശ്രയിച്ചത് ഓട്ടോ റിക്ഷകളെയാണ്. ന്യായമായ കൂലിയെ ഞങ്ങളിൽ നിന്ന് ഈടാക്കിയുള്ളു. ഞങ്ങൾ കൊട്ടാര കവാടത്തിനു മുന്നിൽ ഇറങ്ങി സന്ദർശന ടിക്കറ്റ് എടുത്ത ശേഷം വിശാലമായ വളപ്പിലേക്ക് നടന്നു. നടന്നടുക്കും തോറും കൊട്ടാരത്തിന്റെ പൂർണ്ണാകാരം ദൃശ്യമാകാൻ തുടങ്ങി.
വിശാലമായ പുൽത്തകിടി വിരിച്ച വളപ്പ്പിൽ തലയെടുപ്പോടെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. |
സംഘർഷ ഭരിതമായ ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് ഇന്ത്യ ഇളകി മറിഞ്ഞപ്പോൾ ബ്രിട്ടീഷുകാർ ഗാന്ധിജിയെയും കൂട്ടരെയും തടങ്കലിൽ ആക്കിയത് (9 ആഗസ്ത് 1942 മുതൽ 6 മെയ് 1944) ആഗാ ഖാൻ കൊട്ടാരത്തിലായിരിന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ രണ്ടു പ്രധാന വ്യക്തി നഷ്ടങ്ങൾ ഉണ്ടായതും ഇവിടെ വെച്ചായിരുന്നു. ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ ദേശായിയും, പത്നി കസ്തുർബയും ഇവിടെ വെച്ച് ഇഹലോകവാസം വെടിഞ്ഞു. ഗാന്ധി ദേശിയ സ്മാരകം (Gandhi National Memorial) എന്ന പേരിലും ഈ സൗധം അറിയപ്പെടുന്നു.
കൊട്ടാരത്തിലെ ഇറ്റാലിയൻ ശൈലിയിലുള്ള കമാനങ്ങൾ ശ്രദ്ധിക്കുക. |
അൽപ്പം ചരിത്രം
സുൽത്താൻ മുഹമ്മദ് ഷാ ആഗാ ഖാൻ എന്ന പുണ്യാത്മാവാണ് 1892ൽ ഈ കൊട്ടാരം നിർമ്മിച്ചത്. അന്നുണ്ടായിരുന്ന ക്ഷമ കാലത്തെ അതിജീവിക്കാൻ പ്രദേശവാസികൾക്ക് തൊഴിലുറപ്പു പദ്ധതി എന്ന നിലയിലാണ് ഈ കൊട്ടാരം പണി തുടങ്ങിയത്. പന്ത്രണ്ടു ലക്ഷം രൂപാ ചിലവിൽ അഞ്ചു വർഷം കൊണ്ട് ആയിരം തൊഴിലാളികൾ കൊട്ടാരത്തിന്റെ നിർമ്മാണത്തിനായി അധ്വാനിച്ചു. പത്തൊൻപതു ഏക്കർ ആണ് കൊട്ടാരവും അതിനെ ചുറ്റിയുള്ള വളപ്പിന്റെയും മൊത്തം വിസ്തീർണ്ണം. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി നിർമ്മിക്കുന്നതിൽ പങ്കു വഹിച്ച ഒരാൾ കൂടിയാണ് മുഹമ്മദ് ഷാ ആഗാ ഖാൻ.
പിൻതലമുറക്കാരനായ കരിം ഹുസ്സെനിം ആഗാ ഖാൻ 1969ൽ ഈ കൊട്ടാരം ഗാന്ധി സ്മാരക നിധിക്കു കൈമാറി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ ഈ ചരിത്ര സ്മാരകം പരിപാലിക്കുന്നത്. ഗാന്ധിജി തന്റെ വ്യക്തി ജീവിതത്തിൽ ഉപയോഗിച്ച പല വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
അർദേശിർ കാറ്റലി (Ardeshir Kately) ആയിരിന്നു ഗാന്ധിജി തടങ്കലിൽ ആയിരുന്നപ്പോൾ ഇവിടുത്തെ ജയിൽ സൂപ്രണ്ട്. വളരെ മനുഷ്യത്വപരമായ സമീപനമായിരുന്നു അദ്ദേഹം ഗാന്ധിജിയോട് കാട്ടിയിരിന്നത്. തടങ്കൽ കഴിഞ്ഞു പോകുമ്പോൾ ഗാന്ധിജി സ്വന്തം ഒപ്പിട്ട ഒരു ഭഗവത്ഗീത ജയിൽ സൂപ്രണ്ടിന് ഉപഹാരമായി നൽകി.
കസ്തൂർബാ ഗാന്ധിയുടെയും, മഹാദേവ ദേശായിയുടെയും സ്മൃതി മണ്ഡപങ്ങൾ കൊട്ടാര വളപ്പിൽ സ്ഥാപിച്ചിട്ടുണ്ട്. |
15 ആഗസ്റ്റ് 1942ൽ മഹാദേവ ദേശായി ഹൃദയാഘാതം മൂലം അഗാ ഖാൻ കൊട്ടാരത്തിൽ അന്തരിച്ചു. ഗാന്ധിജി തന്നെയാണ് തന്റെ സന്തത സഹചാരിയായ ദേശായിയുടെ അന്ത്യ കർമ്മങ്ങൾ കൊട്ടാര വളപ്പിൽ വെച്ച് നടത്തിയത്. 22 ഫെബ്രുവരി 1944 ഒരു ശിവരാത്രി ദിനത്തിൽ കസ്തൂർബയും ഹൃദയാഘാതത്തെ തുടർന്ന് ഇവിടെ അന്തരിച്ചു.
കൊട്ടാരത്തിനു ചുറ്റുമുള്ള പുൽത്തകിടി പ്രധാന ആകർഷണമാണ്. |
No comments:
Post a Comment