Tuesday, July 19, 2022

സ്മാർട്ട് ഹോം ഒരുക്കാം

Image courtesy: Mohamed Hasan
https://pxhere.com/en/photo/1586047
വീടിനെ സ്മാർട്ട് ഹോം ആക്കണമെങ്കിൽ വലിയ ചിലവ് വരുമെന്നാണ് പൊതുവെയുള്ള ധാരണ. വിലകൂടിയ ഉപകരണങ്ങൾ വാങ്ങി ഘടിപ്പിക്കേണ്ടി വരുമെന്നാണ് എല്ലാവരും കരുതുന്നത്. വീട് സ്മാർട്ടാക്കാൻ വലിയ ചിലവില്ല എന്നതാണ് യാഥാർഥ്യം. ഏതാനും ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം സ്മാർട്ട് ഹോമിനെക്കുറിച്ചുള്ള എന്റെ അനുഭവവും, അഭിപ്രായങ്ങളും നിങ്ങൾക്കായി പങ്കുവെക്കുന്നു.
 
എന്താണ് സ്മാർട്ട് ഹോം?
വീട്ടിലെ ഉപകരണങ്ങൾ സ്മാർട്ട് ആകുമ്പോളാണ് വീടും മിടുക്കൻ/മിടുക്കത്തി ആകുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ, പത്തു മുട്ട വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിന്നു, ഉപയോഗ ശേഷം, മുട്ടകളുടെ എണ്ണം മൂന്നെണ്ണമായി കുറഞ്ഞിരിക്കുന്നു. മുട്ടകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു, വാങ്ങി വെക്കണം എന്ന വിവരം ഫോണിൽ അറിയിപ്പായി കിട്ടുകയാണെങ്കിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി മുട്ട വാങ്ങിക്കൊണ്ടു പോയി സ്റ്റോക്ക് ചെയ്യാം. മുട്ടയുടെ എണ്ണം എടുത്തു ഫോൺ ആപ്പ് വഴി അറിയിക്കാൻ ഒരു സംവിധാനം ഉണ്ടെങ്കിൽ ഫ്രിഡ്ജ് സ്മാർട്ട് ആയി എന്ന് പറയാൻ പറ്റും. വീട്ടിൽ ചെന്ന ശേഷം മുട്ട വാങ്ങണമെന്ന് ഫ്രിഡ്ജ് തുറന്ന ശേഷം അറിയുന്നത് കഷ്ടമാണ്. വണ്ടി എടുത്ത് കടയിൽ പോകേണ്ടി വരും, സമയ നഷ്ടം, ഇന്ധന നഷ്ടം ഫലം.

ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (Internet of Things) എന്ന സംവിധാനമാണ് സ്മാർട്ട് ഹോം ആകാൻ സഹായിക്കുന്നത്. IoT എന്ന ചുരുക്കപ്പേരിൽ ഇതറിയപ്പെടുന്നു. ഒരു നെറ്റ്‌വർക്കിന്റെ ഭാഗമായ ഉപകരണങ്ങൾ എന്നാണ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇവിടെ ആശയ വിനിമയത്തിനുള്ള ഉപാധി ഇന്റർനെറ്റ് ആണ്. തിങ്ങ്സ് (Things) എന്നത് ഉപകരണങ്ങൾ ആണ്.

Working of the Internet of Things (IoT).
Image courtesy: techtarget.com

ഫ്രിഡ്ജിലെ സെൻസറുകൾ മുട്ടയുടെ എണ്ണത്തിൽ കുറവ് വരുന്നത് നിരീക്ഷിക്കുന്നു, ആ വിവരം ഫ്രിഡ്ജ് കമ്പനിയുടെ സെർവറിലേക്കു ഇന്റർനെറ്റ് വഴി കൈമാറുന്നു. സെർവറിൽ നിന്നും വിവരം വീട്ടുടമയുടെ മൊബൈൽ ആപ്പിലേക്ക് എത്തുന്നു, നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ തെളിയുന്നു. ഇതേ രീതിയിൽ, ഡോർ ലോക്ക്, സെക്യൂരിറ്റി ക്യാമറ, ലൈറ്റുകൾ, മ്യൂസിക് സിസ്റ്റം തുടങ്ങിയ കാര്യങ്ങൾ നിലവിൽ നമുക്ക് സ്മാർട്ട് ആക്കാൻ സാധിക്കും. കൂടുതൽ ഉപകരണങ്ങൾ ഉടൻ തന്നെ സ്മാർട്ട് നിരയിലേക്ക് എത്തും.

വീട് സ്മാർട്ട് ആകാൻ എന്തൊക്കെ വേണം?
ആദ്യമായി വേണ്ടത് തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ ആണ്. 2.4 GHz ഫ്രീക്വൻസി ബാൻഡ് ഉള്ള കണക്ഷൻ വേണം. ഇന്ന് ലഭ്യമായ ബ്രോഡ്ബാൻഡ് അടക്കമുള്ള ഇന്റർനെറ്റ് സേവനങ്ങൾ 2.4 GHz ബാൻഡ് തരുന്നുണ്ട്. IoT അധിഷ്ഠിതമായ ഉപകരണമാണ് അടുത്തതായി വേണ്ടത്. പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും, നെറ്റ്‌വർക്കിനുള്ളിൽ ആശയ വിനിമയം നടത്താനുമുള്ള Sensor, Antena, micro controller എന്നിവയാണ് IoT ഉപകരണങ്ങളിൽ ഉള്ളത്. ഉപകരണം ശേഖരിക്കുന്ന വിവരങ്ങളെ IoT Gateway വഴി ഡാറ്റ വിശകലനം ചെയ്യാനുള്ള സ്ഥലത്തേക്ക് അയക്കുന്നു. ക്‌ളൗഡ്‌ സെർവറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആവാം ഡാറ്റ വിശകലനം ചെയ്യുന്നത്. ഉപകരണത്തെ നിയന്ത്രിക്കാനുള്ള നിർദേശം കൊടുക്കാനുള്ള മൊബൈൽ ആപ്പ് (User interface) വേണം. ഡാറ്റ വിശകലനം ചെയ്‌ത ശേഷം ഉപഭോക്താവിന്റെ ഫോൺ ആപ്പിലേക്ക് വിവരം കൈമാറുന്നു.

ഇതിനൊക്കെ പുറമേ, ഉപകരണങ്ങൾ സദാ പ്രവർത്തനക്ഷമമായിരിക്കണം, കറന്റ് ഉണ്ടായിരിക്കണം. ഉദാഹരണമായി, സ്മാർട്ട് ലൈറ്റിന്റെ സ്വിച്ച് ഏപ്പോഴും ഓൺ ആയിരിക്കണം, അല്ലാത്ത പക്ഷം ഫോൺ ആപ്പിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ സാധിക്കില്ല.

ഫ്രിഡ്ജിലെ മുട്ടകളുടെ എണ്ണം സെൻസറുകൾ ശേഖരിക്കുന്നു, ആ വിവരം നേരെ IoT Gateway ഡാറ്റ വിശകലനത്തിനായുള്ള സോഫ്റ്റ്‌വെയറിലേക്കു അയക്കുന്നു. അവിടെ മുട്ടകളുടെ എണ്ണം വിശകലനം ചെയ്യുന്നു. എണ്ണം കുറവെങ്കിൽ കൂടുതൽ മുട്ടകൾ വാങ്ങി സൂക്ഷിക്കണം എന്ന നിർദേശം ഉപഭോക്താവിന്റെ ഫോൺ ആപ്പിൽ നോട്ടിഫിക്കേഷൻ ആയി നൽകുന്നു. ഈ രീതിയിലാണ് IoT ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്.

IoT പ്രവർത്തനങ്ങൾ ഇന്റർനെറ്റ് വഴിയാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ ഇന്റർനെറ്റ് കണക്ഷന് തടസ്സം വരാൻ പാടില്ല. കറന്റ് ചാർജ് ലാഭിക്കാൻ വീട്ടിലെ ഇന്റർനെറ്റ് മോഡം ഉപയോഗ ശേഷം ഓഫാക്കുന്ന പ്രവണതയുണ്ട്. IoT ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്റർനെറ്റ് തടസ്സപ്പെടാൻ പാടില്ല. ഇന്റർനെറ്റ് മോഡം ആഴ്ചകളോളം, മാസങ്ങളോളം ഓഫാക്കാതെ പ്രവർത്തിപ്പിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. തുടർച്ചയായി ദീർഘ കാലം പ്രവർത്തിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് മോഡത്തിന്റെ ഘടന. ചെറിയ തോതിൽ മാത്രമേ മോഡം വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ, അതിനാൽ വൈദ്യുതി ഉപയോഗം കൂടുമെന്ന ഭയവും ഉപേക്ഷിക്കണം. കറന്റ് ചാർജ് കൂടുമെന്നു ഭയന്നു സ്വിച്ചുകൾ മൊത്തം ഓഫ് ചെയ്‌തു വെക്കുന്ന പ്രവണത വീട്ടിലെ പ്രായമുള്ളവർക്കുണ്ട്. നിങ്ങൾ ജോലിക്കു പോയിക്കഴിയുമ്പോൾ വീട്ടിലെ കാർന്നോരു ഇന്റർനെറ്റ് മോഡത്തിന്റെ സ്വിച്ച് അടക്കം ഓഫ് ചെയ്‌തു വെച്ചാൽ വീട് സ്മാർട്ട് ആകുകയില്ല!!

സ്മാർട്ട് ലൈറ്റിങ്
സ്മാർട്ട് ഹോം ഉപകരണം എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയാനും, അതൊന്നു പരീക്ഷിക്കാനും ആഗ്രഹമുള്ളവർക്കു സ്മാർട്ട് ബൾബുകൾ ഉപയോഗിച്ച് കൊണ്ട് തുടങ്ങാം. നിങ്ങൾ ജോലി കഴിഞ്ഞു വൈകി വീടെത്തുന്ന ആളാണെന്നു വിചാരിക്കുക. രാത്രി വീട്ടിലെത്തുമ്പോൾ ഇരുട്ടത്ത് തപ്പി തടഞ്ഞു സ്വിച്ച് കണ്ടെത്തി ബൾബുകൾ പ്രവർത്തിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് നമ്മുടെ ലക്‌ഷ്യം. വീട്ടിന്റെ പുറത്തെ ഒന്നോ രണ്ടോ ബൾബുകൾ സന്ധ്യ മയങ്ങുമ്പോൾ തനിയെ പ്രവർത്തിച്ചു തുടങ്ങുകയും, രാവിലെ ഓഫ് ആകുകയും വേണം. അതല്ലെങ്കിൽ ഓഫീസിൽ നിന്നിറങ്ങുമ്പോൾ മൊബൈൽ ഫോൺ ആപ്പ് ഉപയോഗിച്ച് വീട്ടിലെ പ്രധാന ബൾബുകൾ ഓൺ ആക്കാൻ സാധിക്കണം. സ്മാർട്ട് ബൾബുകൾ ഉപയോഗിക്കുകയാണ് ഇതിനൊരു പരിഹാരം.


സ്മാർട്ട് ബൾബുകൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും വാങ്ങാൻ ലഭിക്കും. Halonix, Wipro, Mi, Philips, Panasonic, Polycab തുടങ്ങിയ പ്രമുഖവും, അല്ലാത്തതുമായ ബ്രാൻഡുകളുടെ സ്മാർട്ട് ബൾബുകൾ വാങ്ങാൻ കിട്ടും. പ്രമുഖ ബ്രാൻഡ് ബൾബുകൾക്കു വില കൂടുതലായിരിക്കും , അല്ലാത്തവക്ക് വിലക്കുറവും ആയിരിക്കും. ഒരേ ബ്രാൻഡ് സ്മാർട്ട് ബൾബുകളുടെ വിലയിൽ ദിവസേന വ്യത്യാസം വരുന്നതായി മനസ്സിലാക്കാൻ സാധിക്കും. ഏതാനും ദിവസം ഏതാനും ബ്രാൻഡുകളെ വിവിധ ഷോപ്പിംഗ് സൈറ്റുകളിൽ നിരീക്ഷിച്ച ശേഷം വില കുറയുന്ന അവസരത്തിൽ വാങ്ങാം. ഓഫർ ഉള്ള ദിവസങ്ങളിലും വില വളരെ കുറയും. കോംബോ പാക്ക് ആയി വാങ്ങിയാലും വിലക്കുറവ് കിട്ടാറുണ്ട്. ഞാൻ ആദ്യം വാങ്ങിയത് Halonix എന്ന കമ്പനിയുടെ 10 W ബൾബ് ഒരെണ്ണം 599 രൂപക്കാണ് വാങ്ങിയത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ Zunpulse എന്ന കമ്പനിയുടെ 10 W ഉള്ള രണ്ടു ബൾബുകൾ ഒരുമിച്ചു 499 രൂപക്ക് വാങ്ങാൻ കിട്ടി!!

ബൾബുകളുടെ പ്രകാശ തീവ്രത അളക്കാൻ Lumen എന്ന അളവാണ് ഉപയോഗിക്കുന്നത്. വിവിധ ബ്രാൻഡ് ബൾബുകളുടെ Lumen എത്രയെന്നു കൂടി പരിശോധിക്കുക. തൂവെള്ള നിറത്തിൽ പ്രകാശിക്കുന്നത് കൂടാതെ വിവിധ നിറങ്ങളിൽ സ്മാർട്ട് ബൾബ് പ്രകാശിപ്പിക്കാൻ പറ്റും. വീടിനു പുറത്തിടാനുള്ള സ്മാർട്ട് ബൾബുകൾക്കു വിവിധ നിറങ്ങൾ ഉള്ളത് അത്ര പ്രയോജനകരമായി എനിക്ക് തോന്നിയിട്ടില്ല. തുടക്കത്തിൽ കൗതുകത്തിനു വിവിധ നിറങ്ങൾ മാറ്റി നോക്കുമെന്നല്ലാതെ പിന്നീട് ഉപയോഗിക്കാറില്ല. തൂവെള്ള നിറം മാത്രം നൽകുന്ന സ്മാർട്ട് ബൾബ് Mi കമ്പനിക്കുണ്ട്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന ബൾബിന്റെ കുറ്റി (base) B22 ആണ്. ബൾബിന്റെ മൂട്ടിൽ രണ്ടു ആണികൾ ഉണ്ടാവും, ഹോൾഡറിലെ വെട്ടിലേക്ക് ആണികൾ തിരിച്ചു കയറ്റി പൂട്ടുന്ന രീതിയിലാണ് B22 ബൾബിന്റെ ഘടന. 
 
ബൾബ് ലഭിച്ചു കഴിഞ്ഞാൽ വീട്ടിൽ എവിടെയാണോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് അവിടെയുള്ള ബൾബ് ഹോൾഡറിൽ സ്ഥാപിക്കുക. അടുത്തതായി, ബൾബിനെ, സ്മാർട്ട് ഫോണുമായി കണക്ട് ചെയ്യേണ്ട പരിപാടിയാണ്. ബൾബും ഫോണും തമ്മിൽ ആശയ വിനിമയം നടത്താൻ സഹായിക്കുന്നത് ആപ്പ് ആണ്. ഓരോ കമ്പനിക്കും സ്വന്തമായി ആപ്പ് ഉണ്ടാവും. ആപ്പിന്റെ പേര് ബൾബ് പാക്കറ്റിൽ നിന്ന് മനസിലാക്കിയ ശേഷം ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് തുറന്ന ശേഷം അക്കൗണ്ട് ഉണ്ടാക്കുക.

ബൾബിനൊപ്പം ലഭിക്കുന്ന ലഘു ലേഖ വായിക്കുക. ലഘു ലേഖയിൽ പറയുന്ന അത്രയും തവണ സ്വിച്ച് ഓൺ ആക്കുകയും, ഓഫ് ആക്കുകയും ചെയ്‌താലാണ് ബൾബ് പ്രവർത്തന സജ്‌ജമാകുക. അതിനു ശേഷം, ആപ്പ് തുറന്നു ബൾബിനെ സ്‌കാൻ ചെയ്‌തു കണ്ടു പിടിച്ചു ചേർക്കണം. ഇനി ബൾബിനെ നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ചെയ്യാം. ടൈമർ ഉപയോഗിച്ച് ബൾബ് പ്രവർത്തിക്കേണ്ട സമയം മുൻകൂട്ടി നിശ്ചയിക്കാം, നിറം മാറ്റാം, ആപ്പിൽ നിന്നും ഓൺ/ഓഫ് ചെയ്യാം.

വിവിധ കമ്പനികളുടെ സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ അവയെ നിയന്ത്രിക്കാൻ നിരവധി ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ചില കമ്പനികളുടെ ആപ്പുകൾ ബഗ്ഗുകൾ (Bugs) നിറഞ്ഞതാവും, പ്രവർത്തനത്തിൽ മോശമായിരിക്കാം. അത്തരം, സാഹചര്യം ഒഴിവാക്കാൻ, വിവിധ കമ്പനികളുടെ സ്മാർട്ട് ഉപകരണങ്ങളെ ഒരുമിച്ചു നിയന്ത്രിക്കാൻ പൊതു ആപ്പുകൾ (Universal) ഉപയോഗിക്കാം. Google Home, Alexa, Smart Life തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാം. ഏതു കമ്പനിയുടേയും. എല്ലാത്തരം സ്മാർട്ട് ഉപകരണങ്ങളും, ഒറ്റ ആപ്പിൽ ചേർത്ത ശേഷം നിയന്ത്രിക്കാം. 
 
സ്മാർട്ട് സ്വിച്ചുകൾ
സ്മാർട്ട് ലൈറ്റിംഗിന് ബൾബുകൾ ഉപയോഗിക്കുന്ന കാര്യമാണ് ഇത് വരെ പറഞ്ഞത്. സ്മാർട്ട് ബൾബുകൾക്കു പകരം സ്മാർട്ട് സ്വിച്ചുകൾ ഉപയോഗിക്കുകയും ചെയ്യാം. ഇവിടെ ബൾബുകൾക്കു പകരം സ്വിച്ചുകൾ സ്മാർട്ട് ആകുന്നു. സാധാരണ എൽഇഡി ബൾബുകൾ പ്രകാശത്തിനായി ഉപയോഗിക്കുകയും ചെയ്യാം. സ്മാർട്ട് സ്വിച്ചിന്റെ ഉപയോഗം ഒരുദാഹരണ സഹിതം പറയാം. വീട്ടിലെ ഷോ ലൈറ്റുകൾ ഓൺ ആക്കാൻ എല്ലാവരും മറക്കാറുണ്ട്.ഒരു സ്വിച്ചിട്ടാൽ അനേകം ലൈറ്റുകൾ കത്തുന്ന രീതിയാണ് ഷോ ലൈറ്റുകൾക്ക്. ഷോ ലൈറ്റിന്റെ സ്വിച്ചിനെ സ്മാർട്ട് ആക്കിക്കൊണ്ട് ടൈമർ സെറ്റ് ചെയ്യുക (രാത്രി 7 മുതൽ 9 വരെ). സാധാരണ LED ബൾബ്, ഫാൻ, ഫ്രിഡ്ജ്, കിണറ്റിലെ മോട്ടോർ, വാട്ടർ ഹീറ്ററുകൾ (geysers) തുടങ്ങിയ ഉപകരണങ്ങളെ സ്മാർട്ട് സ്വിച്ച് ഘടിപ്പിച്ചു സ്മാർട്ട് ആക്കാം. വിവിധ ഉപയോഗങ്ങൾക്കുള്ള, 10 A, 16 A പ്രവർത്തന ശേഷിയുള്ള സ്മാർട്ട് സ്വിച്ചുകൾ ലഭ്യമാണ്. ലൈറ്റുകൾ കത്തിക്കാൻ 10 A സ്വിച്ചുകൾ മതിയാവും. രണ്ടു തരത്തിലുള്ള സ്മാർട്ട് സ്വിച്ചുകൾ ലഭ്യമാണ്; പുതിയ വീട് വെക്കുന്നവർക്കു സ്മാർട്ട് സ്വിച്ചുകൾ വാങ്ങി വെക്കാം, നിലവിലെ പഴയ സ്വിച്ചിനെ സ്മാർട്ട് ആക്കാനുള്ള ഉപകരണം സ്വിച്ച് ബോർഡിനുള്ളിൽ സ്വിച്ചിനൊപ്പം ഘടിപ്പിക്കാം. ഒരു സ്മാർട്ട് സ്വിച്ചിനുള്ളിൽ വിവിധ എണ്ണം നോഡുകൾ ഘടിപ്പിക്കാവുന്ന വിധത്തിൽ വാങ്ങാൻ ലഭിക്കും. രണ്ടു നോഡുള്ളതിൽ രണ്ടു സ്വിച്ചുകൾ ഘടിപ്പിക്കാം. ആറു നോഡുകൾ വരെയുള്ള സ്വിച്ചുകൾ ഓൺലൈൻ ഷോപ്പുകളിൽ കണ്ടിട്ടുണ്ട്. വൈഫൈ റേഞ്ച് വീട്ടിനകത്തെ സ്മാർട്ട് സ്വിച്ചുകൾക്ക് അരികെ ലഭിക്കുമെന്നതിനാൽ പ്രവർത്തനക്ഷമത കൂടും. Tinxy, Home Mate, Tata, Sonoff തുടങ്ങിയ കമ്പനികളുടെ സ്മാർട്ട് സ്വിച്ചുകൾ ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ്.
 
മോഷൻ സെൻസർ ബൾബുകൾ
സ്മാർട്ട് ലൈറ്റിംഗിനായി മോഷൻ സെൻസർ ലൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. സാധാരണ ഹോൾഡറിൽ ബൾബ് സ്ഥാപിക്കുക, സ്വിച്ച് ഓൺ ആക്കി തന്നെ നിർത്തുക. ബൾബിനൊപ്പം ഒരു റഡാർ കൂടിയുണ്ടാവും. റഡാർ പരിധിയിൽ (ഉദാ. 15 അടി) ചലനം അനുഭവപ്പെട്ടാലുടൻ ബൾബ് പ്രകാശിക്കും. അനക്കം ഇല്ലായെങ്കിൽ ഒരു മിനിറ്റ് കഴിഞ്ഞു ബൾബ് തനിയെ കെടും. 
Image courtesy: halonix.co.in

ബാത്റൂം, കാർ പോർച്ച്, സ്റ്റോർ റൂം, വെട്ടം കുറഞ്ഞ ഇടനാഴികൾ തുടങ്ങിയ ഇടങ്ങളിൽ മോഷൻ സെൻസർ ലൈറ്റ് ഉപയോഗിക്കുന്നത് ഫലപ്രദമാണ്. Halonix ബ്രാൻഡ് മോഷൻ സെൻസർ ബൾബുകൾ മികച്ചതും, പൊതുവെ വിലക്കുറവുമാണ്.

സ്മാർട്ട് ഹോം സജ്ജീകരിക്കുന്നതു എങ്ങിനെയെന്ന് മനസ്സിലായെന്നു വിചാരിക്കുന്നു. ഒരു സ്മാർട്ട് ബൾബ് വാങ്ങി നിങ്ങൾക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്.
 
Product Links
 
Halonix smart 10 W bulb

Zunpulse smart 10 W bulb

Mi Smart LED white bulb
 
Tinxy smart switches

Home Mate smart switches

Halonix Motion Sensor bulb

Monday, March 28, 2022

ഓടും കുതിര, ചാടും കുതിര

 "ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര"

ഞാൻ പറയാൻ പോകുന്ന കുതിര ഓടില്ല, ചാടില്ല, വെള്ളം കണ്ടാലും ഭാവമാറ്റം ഒന്നും കാണിക്കില്ല. ആരെങ്കിലും എടുത്തു കൊണ്ട് ഒരിടത്തു നിർത്തിയാൽ അവിടെ അനങ്ങാതെ നിന്ന് കൊള്ളും. വീട് പണിയുടെ വിവിധ ഘട്ടങ്ങളിൽ വളരെയധികം ആവശ്യമുള്ള ഒരു ഉപകരണമാണ് കുതിര എന്ന പേരിലറിയപ്പെടുന്നത്. പ്രദേശമനുസരിച്ചു പേരിൽ വ്യത്യാസം വരുമെങ്കിലും, ഇതിന്റെ ഇംഗ്ലീഷ് പേര് സ്‌കഫോൾഡിങ് (Scaffolding) എന്നാണ്. കെട്ടിടങ്ങൾ, മറ്റ് മനുഷ്യനിർമിതികൾ എന്നിവയുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ, എന്നിവയിൽ പൊക്കത്തിൽ കയറി നിന്ന് പ്രവർത്തി ചെയ്യാൻ ജോലിക്കാരെ സഹായിക്കാൻ ഉപയോഗിക്കുന്ന താൽക്കാലിക ഘടനയാണ് കുതിര. വീട് നിർമ്മാണത്തിലെ തേപ്പ്, പെയിന്റിംഗ് തുടങ്ങിയ ഉയരത്തിലുള്ള പ്രവർത്തികൾ കയറി നിന്നു ചെയ്യാനുള്ള വർക്ക് പ്ലാറ്റുഫോം ആയി കുതിര ഉപയോഗിക്കുന്നു. 

ഫോട്ടോ കടപ്പാട്: www.peri.in

ഇരുമ്പ് പൈപ്പ് കൊണ്ടാണ് കുതിര നിർമ്മിക്കുന്നത്. നാല് പൊക്കം കൂടിയ കാലുകളും, അതിന് ബലം നൽകാൻ കുറുകെ ഉറപ്പിക്കുന്ന പൈപ്പുകൾ, കയറി നിന്ന് ജോലി ചെയ്യാനുള്ള തട്ട് എന്നിവ ചേരുന്നതാണ് കുതിരയുടെ ഘടന. ആവശ്യം കഴിഞ്ഞാൽ കുതിരയെ അഴിച്ചു മാറ്റാം. ചെറിയ പിക്കപ്പ് വണ്ടിയിൽ കയറ്റി കൊണ്ട് പോകാൻ സാധിക്കും. വലിയ നിർമ്മാണ പ്രവർത്തികളാണെങ്കിൽ ഒന്നിലധികം കുതിര ചേർത്ത് കെട്ടി ആവശ്യത്തിന് പൊക്കം തികയ്ക്കും. ചെറിയ വീടുകളുടെ നിർമ്മാണത്തിന് അധികം എണ്ണം കുതിര ആവശ്യം വേണ്ടി വരില്ല. 

ലേബർ കോൺട്രാക്ട് മാത്രമാണ് ഉള്ളതെങ്കിൽ വീട്ടുടമ കുതിര വാടകക്ക് എടുക്കേണ്ടി വരും. വീടു പണിയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമുള്ളതായതു കൊണ്ട് പലതവണ വാടകക്ക് എടുത്തിട്ടു തിരികെ കൊടുക്കേണ്ടി വരും. ഒരു സെറ്റ് കുതിരക്ക് അറുപത് രൂപയാണ് ഒരു ദിവസത്തെ വാടകയായി ഞാൻ കൊടുത്തത്.  വീട്ടിലെത്തിക്കാനും, തിരികെ കൊണ്ട് പോകാനുമുള്ള വണ്ടിക്കൂലിയും ചിലവിനത്തിൽ പരിഗണയ്‌ക്കണം. ഓരോ തവണയും, എടുക്കാനും, കൊടുക്കാനും വീട്ടുടമ തന്നെ പോകേണ്ടി വരുന്നത് മെനക്കേടാണ്. തൊഴിലാളികൾ എന്നും ജോലിക്ക് വന്നില്ലെങ്കിൽ ആ ദിവസത്തെ വാടക കൂടി നൽകേണ്ടി വരും. 

വീട് പണി തുടങ്ങുമ്പോൾ തന്നെ ഒരു കുതിര സ്വന്തമായി വാങ്ങുകയോ, ഉണ്ടാക്കി എടുക്കുകയോ ചെയ്യുന്നതാണ് സൗകര്യപ്രദം. എത്ര കുതിര വേണ്ടി വരുമെന്നതു വീടിന്റെ വലുപ്പവും, അത് തീർക്കാനെടുക്കുന്ന സമയവും അനുസരിച്ചിരിക്കും. വീട് പണി കഴിഞ്ഞാൽ കുതിരയെ വാടകക്ക് കൊടുക്കുകയോ, വിൽക്കുകയോ ചെയ്യാം.

Friday, March 4, 2022

അർബാന എന്ന മല്ലൻ

വീട് വെച്ചവർക്ക് അർബാന എന്താണെന്നും, അതിന്റെ ഉപയോഗം എന്താണെന്നും നന്നായി അറിയാം. അർബാന (Arbana) എന്നും വീൽ ബാരോ ട്രോളി (Wheel Barrow Trolley) എന്നുമൊക്കെ ഈ വണ്ടിയെ വിളിക്കാറുണ്ട്. അർബാന എന്ന പേരാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്. അർബാന എന്ന പദം അറബി ഭാഷയാണ്, ട്രോളി എന്നാണ് അർത്ഥം. വിവിധ തരം ഭാരം ചുമക്കുന്ന ജോലികളുടെ ആയാസം കുറക്കാൻ അർബാന കൊണ്ട് സാധിക്കും. ഭാരം കയറ്റിയ ശേഷം വലിച്ചു കൊണ്ട് പോകാനും, ഉന്തിക്കൊണ്ടു പോകാനും സാധിക്കും. കണ്ടാൽ നിസ്സാരനെന്നു തോന്നിയേക്കാമെങ്കിലും ഇവൻ വളരെ ഉപകാരിയാണ്, ശക്തിമാനുമാണ്. അർബാന രണ്ടു തരമുണ്ട്; ഒറ്റ ചക്രമുള്ളതും, രണ്ടു ചക്രമുള്ളതും. രണ്ടു തരത്തിലുള്ളതിനും വ്യത്യസ്തമായ ഉപയോഗമാണുള്ളത്. 

ഒറ്റ ചക്രമുള്ള അർബാന
വളവും, തിരിവുമുള്ള സ്ഥലത്തു കൂടിയും, ഇടുങ്ങിയ വഴികളിലൂടെയും ഭാരം വഹിച്ചു കൊണ്ട് പോകാൻ അനുയോജ്യം ഒരു ചക്രമുള്ള അർബാനയാണ്. ഒറ്റ ചക്രമുള്ളതിനാൽ വളവും, തിരിവും, കുണ്ടും, കുഴിയും ഒക്കെ ഓടിച്ചു കയറ്റി ഇറക്കി കൊണ്ട് പോകാം. ഒറ്റ ചക്രമുള്ളതിനാൽ ബാലൻസ് ചെയ്‌തു കൊണ്ട് പോയില്ലേൽ മറിയും. കുറച്ചു നേരത്തെ ഉപയോഗം കൊണ്ട് തന്നെ എല്ലാവർക്കും ഒറ്റ ചക്രമുള്ള അർബാന ഉപയോഗിക്കാനുള്ള ബാലൻസ് ലഭിക്കും. 
രണ്ടു ചക്രമുള്ള അർബാന
നിരന്ന പ്രതലത്തിലെ ഉപയോഗത്തിന് അനുയോജ്യമാണ് രണ്ടു ചക്രമുള്ള അർബാന. വ്യവസായ സ്ഥാപനത്തിനുള്ളിൽ, ഗോഡൗണുകളിൽ ഉപയോഗിക്കാൻ ഇരുചക്രമുള്ളതാണ് നല്ലത്. രണ്ടു ചക്രമുള്ളതിനാൽ ബാലൻസ് ഉണ്ട്, സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുന്ന വഴിയിൽ ചരിയുകയില്ല, മറിയാനുള്ള സാധ്യതയും കുറവാണ്. 

3500 മുതൽ 4500 രൂപ വരെ വിവിധ സ്ഥലങ്ങളിൽ ഒറ്റ ചക്ര അർബാനക്ക് വിലയുണ്ട്. ഹാർഡ്‌വെയർ കടകളിലാണ് സാധാരണയായി ഇവ വാങ്ങാൻ ലഭിക്കുന്നത്. അർബാന നിർമ്മിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിച്ചു നേരിട്ട് വാങ്ങുകയാണെങ്കിൽ കടകളിലേതിനേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കും. ഉപയോഗ ശേഷം വിൽക്കുന്നതു വാങ്ങിയാലും വില കുറച്ചു കിട്ടും. OLX ൽ നോക്കിയാൽ പഴയതു വാങ്ങാൻ കിട്ടും.

വീട് പണി തുടങ്ങാൻ പോകുന്നവർ ഒറ്റ ചക്രമുള്ള അർബാന വാങ്ങുന്നതാണ് നല്ലത്. പറമ്പ് ഒരുക്കുമ്പോൾ തന്നെ അർബാന വാങ്ങുന്നത് ഉപയോഗപ്പെടും. മണ്ണ് മാറ്റാനും, നികത്താനും ഉപയോഗിക്കാം. അടിത്തറക്കുള്ളിൽ മണ്ണ് നിറക്കുക, എംസാൻഡ്‌, സിമന്റ് പണിസ്ഥലത്തു എത്തിക്കുന്നതിന് നിരന്തരമായി അർബാന ഉപയോഗിക്കേണ്ടി വരും. എന്റെ വീടിന്റെ അടിത്തറയിൽ മണ്ണ് നിറച്ചത് ഞാൻ തന്നെയാണ്. ജോലി കഴിഞ്ഞു വന്ന ശേഷം  അർബാന ഉപയോഗിച്ചു മണ്ണ് നിറച്ചു. വീട് പണി തുടങ്ങിക്കഴിഞ്ഞാൽ അർബാന ഉപയോഗിക്കുന്നത് കൊണ്ട് തൊഴിലാളികൾക്ക് അധ്വാനം ലഘൂകരിക്കാൻ സാധിക്കും. വീടുപണി കഴിഞ്ഞ ശേഷമുള്ള അല്ലറ ചില്ലറ പണികൾക്കും അർബാന ഉപകാരപ്പെടും. വീടുപണിക്കിടയിൽ കരാറിന്റെ ഭാഗമല്ലാത്ത പല പണികളും ഉണ്ടാവും. അത്തരം ജോലികൾ അർബാനയുടെ സഹായത്തോടെ ഉടമസ്ഥന് തന്നെ ചെയ്യാവുന്നതാണ്. അർബാന വാങ്ങേണ്ടത് ഒരാവശ്യമാണോ എന്ന് തുടക്കത്തിൽ സന്ദേഹം തോന്നിയേക്കാം. വീട് പണിക്കു വേണ്ടി അർബാന വാങ്ങുവാൻ ഒട്ടും മടിക്കേണ്ട. വീട് പണി മുഴുവൻ കരാർ നൽകിയതാണെങ്കിൽ കരാറുകാരൻ അർബാന കൊണ്ട് വരും. ലേബർ കോൺട്രാക്ട് മാത്രമാണെങ്കിൽ വീട്ടുടമയും വീട്ടുപണിയിൽ ഇടപെടേണ്ടി വരും, അർബാന ഉപയോഗപ്പെടും. അർബാന കൊണ്ട്  ജോലി ചെയ്‌തു കഴിയുമ്പോൾ നമ്മുടെ വീടിനു വേണ്ടി നമ്മളും കഷ്ടപ്പെട്ടു എന്ന് അഭിമാനിക്കാം.  വീട് പണി സംബന്ധിച്ച എല്ലാ ജോലികളും തീർന്ന ശേഷം അർബാന വേണമെങ്കിൽ വിൽക്കാം. അല്ലാത്ത പക്ഷം വാടകക്ക് കൊടുത്തു കാശുണ്ടാക്കാം.

Sunday, August 8, 2021

സൈക്ലിംഗ് ആക്‌സസറികളുടെ പട്ടിക

വ്യായാമത്തിനും, ഉല്ലാസത്തിനുമായി സൈക്കിൾ സവാരി നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. താങ്ങാനാവാത്ത ഇന്ധന വിലവർദ്ധനയും സൈക്കിൾ യാത്രയോടുള്ള പ്രിയം കൂട്ടിയിട്ടുണ്ട്. സൈക്കിൾ വാങ്ങിയത് കൊണ്ട് മാത്രം സവാരി തുടങ്ങാൻ സാധിക്കുകയില്ല. സവാരിക്കാരനും, സൈക്കിളിനും  അനേകം ആടയാഭരണങ്ങൾ ആവശ്യമുണ്ട്. സവാരി തുടങ്ങാൻ പോകുന്നവർക്ക്  സൈക്കിളിനു പുറമേ എന്തൊക്കെ വാങ്ങണമെന്ന് യാതൊരു നിശ്ചയവും ഉണ്ടാവുകയില്ല. സൈക്കിൾ വാങ്ങിക്കഴിയുമ്പോളാണ് അനുബന്ധ സാധനങ്ങൾ എന്തൊക്കെ വേണമെന്നതിനെക്കുറിച്ചു ധാരണയുണ്ടാവുക. സൈക്കിളിങിന് ഉപയോഗിക്കേണ്ട അനുബന്ധ സാധനങ്ങൾ ഏതൊക്കെയെന്നു സൈക്കിൾ വാങ്ങുന്നതിനൊപ്പം തന്നെ അറിഞ്ഞിരുന്നാൽ നന്നായിരിക്കും. 

എവിടെ നിന്ന് വാങ്ങണം?
പ്രാദേശിക സൈക്കിൾ ഷോപ്പുകൾ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ, എന്നിവിടങ്ങളിൽ നിന്ന് സൈക്ലിംഗ് സാമഗ്രികൾ വാങ്ങാവുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട് ഷോപ്പിംഗ് സൈറ്റുകളിൽ ഒരേ ഇനം സാധനങ്ങൾ പല വിലയുടെ ഉണ്ടാവും. പ്രോഡക്റ്റിനൊപ്പം വാങ്ങിച്ച ആളുകളുടെ അഭിപ്രായം പരിശോധിച്ച ശേഷം ഓർഡർ കൊടുക്കാം. പ്രാദേശിക ഷോപ്പുകളിലേക്കാൾ വിലക്കുറവാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ. സവാരിക്കാരന്റെ ബഡ്ജറ്റ് അനുസരിച്ചു സാധനങ്ങൾ തിരഞ്ഞെടുക്കാനാവും. ഡെക്കാത്‌ലോൺ (Decathlon) ഷോ റൂമുകളിലും സൈക്ലിംഗ് സാമഗ്രികൾ എല്ലാം തന്നെ ലഭിക്കും. ക്വാളിറ്റിയും, വിലയും കൂടുതലായിരിക്കും ഡെക്കാത്‌ലോൺ ഷോ റൂമുകളിൽ. സൈക്ലിംഗ് തുടക്കക്കാരന്  അത്യാവശ്യം വേണ്ട സാധനങ്ങളുടെ വിവരണം താഴെ കൊടുത്തിരിക്കുന്നു. ഓരോ സാമഗ്രിയുടേയും പേരിനൊപ്പം അതിന്റെ ഇംഗ്ലീഷ് പേരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ തിരയാൻ വേണ്ടി കൊടുത്തിട്ടുണ്ട്.

സീറ്റ് കവർ (Cycle saddle cover):  സീറ്റ് കവറുകൾ പ്രധാനമായും രണ്ടു തരത്തിലുള്ളത് കിട്ടും; കുഷ്യൻ ഉള്ളതും, ജെൽ നിറച്ചതും.  ജെൽ നിറച്ച സീറ്റ് കവറാണ് ഇരിക്കാൻ സുഖപ്രദം. നീളമുള്ള സീറ്റ് ആണെങ്കിൽ അതിനു യോജിച്ച കവർ വാങ്ങുക. 

പാഡുള്ള നിക്കർ (Padded cycling shorts): പാഡ് ഉള്ള നിക്കർ കൂടി ഉണ്ടെങ്കിലേ സൈക്കിളിലെ ഇരുപ്പ് സുഖപ്രദമാകൂ. ജെൽ പാഡ് ഉള്ള നിക്കർ തിരഞ്ഞെടുക്കുക. പാഡ് നിക്കർ അകത്തു ഇടാനുള്ളതായതു കൊണ്ട് ജട്ടി ഇടേണ്ടതില്ല. പാഡ് നിക്കർ ധരിച്ച ശേഷം അതിനു പുറമേ സാധാരണ നിക്കർ കൂടി ധരിക്കണം. 

പുറമേ ഇടാനുള്ള നിക്കർ (Cycling shorts): പുറമേ ഇടാനുള്ള നിക്കർ പോളിയെസ്റ്റർ തിരഞ്ഞെടുക്കുക. ശരീര വിയർപ്പ് നിക്കറിൽ കുതിർന്നു പിടിക്കാതെ വേഗം ഉണങ്ങി പൊയ്‌ക്കൊള്ളും. സൈക്ലിംഗ് വേണ്ടി മാത്രമായുള്ള നിക്കറുകൾ വാങ്ങാൻ കിട്ടും. ബ്രാൻഡഡ് നിക്കറുകൾക്കു വില കൂടും. പ്രാദേശിക വിപണിയിൽ കിട്ടുന്ന നിക്കർ വാങ്ങി ഉപയോഗിക്കാം. 

ജേഴ്‌സി (Cycling jersey): സൈക്ലിംഗ് ജേഴ്‌സി ബ്രാൻഡഡ് കിട്ടും. പോളിയെസ്റ്റർ ടീഷർട്ട് വാങ്ങിയാലും മതി. 

ഷൂസ് (Cycling shoes): സൈക്ലിംഗ് ഷൂവിന്റെ അടിഭാഗം പെഡലിൽ ചേർന്നിരിക്കാൻ അനുയോജ്യമായിരിക്കും. സവാരിക്കിടെ പെഡലിൽ നിന്നും കാല് തെന്നിപ്പോകാത്ത രീതിയിലായിരിക്കണം ഷൂവിന്റെ അടിഭാഗം. സ്പോർട്സ് ഇനത്തിന് (നടപ്പ്, ഓട്ടം, ജിം) പറ്റിയ ഷൂ കൈവശം ഉണ്ടെങ്കിൽ അതുപയോഗിക്കാം. കൈവശം ഷൂ ഇല്ലായെങ്കിൽ സൈക്ലിംഗ്  ഷൂ വാങ്ങാവുന്നതാണ്.

സോക്സ്: കായിക താരങ്ങൾ ഉപയോഗിക്കുന്ന സോക്സ് വാങ്ങി ഉപയോഗിക്കണം. സോക്‌സിന് മാർദ്ദവം (Cushion) ഉണ്ടോന്നു ഉറപ്പു വരുത്തണം.  ബ്രാൻഡഡ് സ്പോർട്സ് സോക്സ് നോക്കി വാങ്ങണം. ഡെക്കാത്‌ലോൺ സ്റ്റോറിൽ മികച്ച സോക്സ് വിലക്കുറവിൽ ലഭിക്കും. 

കയ്യുറ (Cycling gloves): സൈക്കിൾ ഓടുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കൈകളിൽ ഏൽക്കാതിരിക്കാൻ കയ്യുറ സഹായിക്കും. കൈപ്പത്തി പകുതി, അല്ലെങ്കിൽ മുഴുവൻ മൂടുന്നതുമായ കയ്യുറകൾ ലഭ്യമാണ്. 

മഡ്ഗാർഡ് (Cycle mudguard): സൈക്കിൾ വാങ്ങുമ്പോൾ മഡ്ഗാർഡ് ലഭിച്ചില്ലായെങ്കിൽ വാങ്ങേണ്ടതാണ്. മഴ സമയത്തു ചെളി ടയറിൽ നിന്ന് തെറിക്കുന്നതു ഒഴിവാക്കാൻ സാധിക്കും. സൈക്കിളിന്റെ ഫ്രെയിം നിറവുമായി യോജിക്കുന്ന കളറുള്ള മഡ്ഗാർഡ് ലഭിക്കും. 

സൈക്കിൾ ബെൽ (Cycle horn): ശബ്‌ദം നിറഞ്ഞ നിരത്തുകളിൽ പഴയ ടൈപ്പ് ബെല്ലുകൾ ഫലപ്രദമല്ല. ഇലക്ട്രോണിക് ഹോണുകൾ വെക്കുന്നതാണ് ഉചിതം. റീചാർജ് ചെയ്യാവുന്ന ബാറ്ററി സഹിതമുള്ള ഹോൺ ലഭിക്കും. ലൈറ്റും, ഹോണും ഒരുമിച്ചുള്ളതും വാങ്ങാൻ ലഭിക്കും. 

ലൈറ്റ് (Cycle light): രാത്രി കാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷക്കായി ഹെഡ് ലൈറ്റും, പുറകിലെ ലൈറ്റും അത്യാവശ്യമാണ്. ബാറ്ററി ഇടാവുന്നതും, റീചാർജ് ചെയ്യുന്നതുമായ രണ്ടു തരത്തിൽ ലൈറ്റുകൾ കിട്ടും. ലൈറ്റുകൾ പലരീതിയിൽ പ്രകാശിക്കുന്നത് ലഭിക്കും; ഒരേ രീതിയിൽ കത്തുന്നതും, മിന്നുന്നതും.   

റിഫ്ളക്ടർ (Cycle reflector): രാത്രി യാത്രക്ക് മറ്റു വാഹനങ്ങൾ ഓടിക്കുന്നവർക്ക് സൈക്കിൾ മനസ്സിലാക്കാൻ റിഫ്ലക്ടറുകൾ സഹായിക്കും. ചക്രങ്ങളിലും, മുന്നിലും, പിന്നിലും റിഫ്ലക്ടറുകൾ സ്ഥാപിക്കാവുന്നതാണ്. 

ഹെൽമെറ്റ് (Cycle helmet): സൈക്കിൾ  യാത്രികന്റെ സുരക്ഷക്ക് നിലവാരമുള്ള ഹെൽമെറ്റ് അത്യാവശ്യമാണ്. തലയുടെ വലുപ്പത്തിന് അനുസരിച്ചുള്ള ഹെൽമെറ്റ് വാങ്ങുക. മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്ന നിറമുള്ള (ഫ്ലൂറസെന്റ് കളർ), റിഫ്ളക്ടർ ഉള്ള ഹെൽമെറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 

വാട്ടർ ബോട്ടിൽ ഹോൾഡർ (Cycle bottle holder): വാട്ടർ ബോട്ടിൽ സൈക്കിളിന്റെ ഫ്രെയിമിൽ സൗകര്യപ്രദമായി വെക്കാൻ ഹോൾഡർ സഹായിക്കും.   

വാട്ടർ ബോട്ടിൽ (Cycling water bottle): സൈക്കിൾ യാത്രക്കുള്ള വാട്ടർ ബോട്ടിൽ പ്രത്യേകം വാങ്ങാൻ കിട്ടും. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിൽ വാങ്ങുക. മെറ്റൽ വാട്ടർ ബോട്ടിൽ ഹോൾഡറിൽ വെച്ചാൽ സൈക്കിൾ ഓടുമ്പോൾ കുലുങ്ങി ശബ്ദം പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ട്.  

ബാഗ് (Cycle bag): സൈക്കിൾ സവാരിക്കിടയിൽ ഉപയോഗിക്കാനുള്ള സാധനങ്ങൾ സൂക്ഷിക്കാനായി ഒരു ബാഗ് വാങ്ങാവുന്നതാണ്. സൈക്കിൾ ഫ്രയിമിന്റെ മുൻഭാഗത്തും (Cycle frame bag), സീറ്റിന്റെ പുറകിലും (Saddle bag) തൂക്കിയിടാൻ പറ്റുന്ന ബാഗ് കിട്ടും. അത്യാവശ്യമുള്ള ടൂളുകൾ, പഞ്ചർ കിറ്റ്, ചെറിയ പമ്പ്, മൊബൈൽ ഫോൺ തുടങ്ങിയ വസ്‌തുക്കൾ സൂക്ഷിക്കാൻ ഉതകുന്ന ബാഗ് ലഭ്യമാണ്. 

പഞ്ചർ കിറ്റ് (Puncture kit):  യാത്രക്കിടയിൽ സൈക്കിൾ പഞ്ചറായാൽ ഒട്ടിക്കാനുള്ള പശ, ടയർ അഴിച്ചു ട്യൂബ് പുറത്തെടുക്കാനുള്ള ടൂൾസ് അടങ്ങിയതാണ് പഞ്ചർ കിറ്റ്. ചെറിയ പമ്പ് കൂടി വാങ്ങി സൂക്ഷിക്കാം. 

പമ്പ് (Cycle air pump): പമ്പുകൾ ചെറുതും, വലുതും ലഭ്യമാണ്. പ്രഷർ കാണിക്കുന്ന മീറ്ററോട് കൂടിയ പമ്പ് കിട്ടും. 

ടൂൾ ബോക്സ് (Cycle tool box): വിവിധതരം സ്പാനറുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി സൂക്ഷിക്കണം. അതുപയോഗിക്കുന്ന രീതിയും പഠിക്കണം.  

സൈക്കിൾ മൗണ്ടിംഗ് ഹുക്ക് (Cycle hook for wall): സ്ഥലപരിമിതിയുള്ള വീട്ടിൽ സൈക്കിൾ ഉയർത്തി ഭിത്തിയിൽ തൂക്കിയിടാൻ ഹുക്കുകൾ സഹായിക്കും. ഉയരത്തിൽ തൂക്കിയിട്ടാൽ കുട്ടികൾ സൈക്കിളിന്റെ ഗിയർ ഷിഫ്‌റ്റർ അനാവശ്യമായി പിടിച്ചു തിരിക്കുന്നതും ഒഴിവാക്കാം.  

ലോക്ക് (Cycle lock): താക്കോൽ ഉള്ളതും, നമ്പർ ഉപയോഗിച്ച് പൂട്ടുന്നതുമായ ലോക്കുകൾ കിട്ടും.

സൈക്കിൾ ട്യൂബ് (Cycle tube): ഒരു സൈക്കിൾ ട്യൂബ് അധികമായി യാത്രക്കുള്ള ബാഗിൽ കരുതുക. ട്യൂബ് പൊട്ടിയാൽ പെട്ടെന്ന് തന്നെ മാറിയിടാൻ ഉപകരിക്കും.  

സ്ട്രാവ ആപ്പ് (Strava app): സൈക്കിൾ യാത്രയുടെ വിവരങ്ങൾ GPS ഉപയോഗിച്ച് രേഖപ്പെടുത്താൻ സ്ട്രാവ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് സഹായിക്കും.

ഉപസംഹാരം
സൈക്കിൾ വാങ്ങാനുള്ള പണം മാത്രമാവും എല്ലാവരും ആദ്യം സമാഹരിക്കുക. അനുബന്ധ സാമഗ്രികളും വാങ്ങേണ്ടി വരും എന്നുള്ള കാര്യം പ്രതീക്ഷിക്കുന്നുണ്ടാവില്ല. സൈക്കിൾ വാങ്ങിക്കഴിയുമ്പോൾ കയ്യിൽ കരുതിയിരിക്കുന്ന പണവും തീർന്നിട്ടുണ്ടാവും. അനുബന്ധ സാധനങ്ങൾ വാങ്ങാൻ ഞെരുക്കം അനുഭവപ്പെടുകയും ചെയ്യും. എല്ലാ സാധനങ്ങളും വാങ്ങാനുള്ള പണം കയ്യിലില്ലെങ്കിൽ, ഏറ്റവും അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം ആദ്യം വാങ്ങുക. മറ്റു സാധനങ്ങൾ പണം കിട്ടുന്നതനുസരിച്ചു പിന്നീട് വാങ്ങാം എന്ന് തീരുമാനിക്കുക. ഏറ്റവും അത്യാവശ്യം വാങ്ങേണ്ട സാധനങ്ങൾ ഇവയൊക്കെയാണ്; ഹെൽമെറ്റ്, ജെൽ സീറ്റ് കവർ, പാഡ് നിക്കർ, കയ്യുറ, ഷൂ, ഹോൺ, റിഫ്ളക്ടറുകൾ.

Tuesday, July 13, 2021

മൊബൈൽ ഫോണും കുട്ടികളുടെ ഓൺലൈൻ പഠനവും



കോവിഡ് മഹാമാരി ഓൺലൈൻ പഠനത്തിലേക്ക് മാറാൻ ഏവരെയും നിർബന്ധിതരാക്കി. ഓൺലൈൻ പഠനത്തിന് കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ വേണമെന്നത് നിർബന്ധമാണ്. കോവിഡ് കാരണം രക്ഷിതാക്കളുടെ വരുമാന മാർഗങ്ങൾ അടഞ്ഞത്  സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ ബാധിച്ചു. രാഷ്ട്രീയ പാർട്ടികളും, സന്നദ്ധ സംഘടനകളും, വ്യക്തികളും ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങാൻ പാവപ്പെട്ട  വിദ്യാർത്ഥികളെ വളരെയധികം സഹായിക്കുകയുണ്ടായി. വിലക്കുറവുണ്ട് എന്ന കാരണത്താൽ മൊബൈൽ ഫോണുകളാണ് ഓൺലൈൻ പഠന സഹായമായി ഭൂരിഭാഗം പേർക്കും ലഭിച്ചത്. വിദ്യാർത്ഥികൾക്ക് ലഭിച്ച മൊബൈൽ ഫോണുകൾ വേറൊരു വിധത്തിൽ ഉപദ്രവമാകുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. 

പഠന സമയം കഴിഞ്ഞാലും മൊബൈൽ ഫോൺ കുട്ടികളുടെ കൈവശം ഉണ്ടാവുകയും അവർ ഗെയിമിംഗ്, അശ്ലീല സൈറ്റുകൾ, ചൂതാട്ടം തുടങ്ങിയ കാര്യങ്ങളിൽ മുഴുകാനും ഇടയാക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ അപകടവശത്തെക്കുറിച്ചു അറിവില്ലാത്ത മാതാപിതാക്കൾ കുട്ടികൾ എന്തു ചെയ്യുന്നുവെന്ന് ബോധവാന്മാരുമല്ല. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കൂടി പരിഗണിക്കണം. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട്, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നിസ്സാരമായി കാണാൻ പറ്റുകയില്ല. മൊബൈൽ ഫോണിന്റെ സഹായത്തോടെയുള്ള ഓൺലൈൻ പഠനം കുട്ടികളുടെ വിദ്യാഭ്യാസത്തെ താളം തെറ്റിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ദുരുപയോഗ സാധ്യത പരിഗണിക്കുമ്പോൾ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണിനേക്കാൾ അനുയോജ്യം ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ തന്നെയാണ്. കമ്പ്യൂട്ടറുകളുടെ ഉയർന്ന വില ഒരു പ്രധാന തടസ്സമാണ്. കോവിഡ് സ്ഥിതി മൂലം ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ വില വളരെയധികം ഉയർന്നിട്ടുണ്ട്. ഇന്റൽ i3 പ്രൊസസ്സർ അധിഷ്ഠിതമായ ലാപ്‌ടോപ്പ്/ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിനു 30000 മുതൽ 40000 രൂപ വരെ വിലയുണ്ട്. 

ഓൺലൈൻ പഠനത്തിന് ഉയർന്ന പ്രവർത്തന ശേഷിയുള്ള കമ്പ്യൂട്ടറുകൾ ആവശ്യമില്ല എന്നതൊരു അനുകൂല ഘടകമാണ്. പ്രവർത്തനശേഷി കുറഞ്ഞ പെന്റിയം, സെലറോൺ പ്രൊസസ്സർ അധിഷ്ഠിതമായ കമ്പ്യൂട്ടറുകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ്. ഇത്തരം  പ്രൊസസ്സറുകൾകൾക്ക് വിലയും കുറവാണ്. വേഗത കൂടിയ SSD സ്റ്റോറേജിനൊപ്പം പെന്റിയം, സെലറോൺ പ്രൊസസ്സറുകൾ മികച്ച പ്രവർത്തനക്ഷമത കാണിക്കും. കേരള സർക്കാർ കമ്പ്യൂട്ടർ നിർമ്മാണ സംരംഭമായ കൊക്കോണിക്സ് പെന്റിയം, സെലറോൺ അധിഷ്ഠിതമായ വിലകുറഞ്ഞ (രൂപ 15000)  ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ ഇറക്കിയെങ്കിലും വേണ്ടത്ര പ്രചാരം കിട്ടിയില്ല എന്നാണു കരുതുന്നത്. കേരള സർക്കാർ മുൻകൈയെടുത്തിരുന്നെങ്കിൽ ഓൺലൈൻ പഠനത്തിന് അനുയോജ്യമായ വിലകുറഞ്ഞ കൊക്കോണിക്സ്  ലാപ്‌ടോപ്പുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ സാധിക്കുമായിരുന്നു. പെന്റിയം, സെലറോൺ പ്രൊസസ്സറുകൾ അധിഷ്ഠിതമായ കമ്പ്യൂട്ടറുകൾ പ്രാദേശികമായും  കൂട്ടിയോജിപ്പിച്ചു (Assemble) വാങ്ങാവുന്നതാണ്. 

ഓൺലൈൻ പഠന സഹായം ഇനി നൽകേണ്ട ഒരവസ്ഥ ഉണ്ടാകുകയാണെങ്കിൽ മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ട് ചിലവ് കുറഞ്ഞ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. മൊബൈൽ അടിമത്വം കുറച്ചു കൊണ്ട് പഠനം കഴിഞ്ഞുള്ള സമയം വായനയിലേക്കും, മറ്റു ക്രിയാത്മക പ്രവർത്തനങ്ങളിലേക്കും വഴിതിരിക്കാൻ കമ്പ്യൂട്ടറുകളുടെ ഉപയോഗം കൊണ്ട് സാധിക്കും. 

Saturday, January 16, 2021

പുസ്‌തകങ്ങൾ തപാലിൽ അയക്കുന്ന വിധം

നമ്മൾ വായിച്ച പുസ്‌തകങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുന്ന ശീലം എല്ലാവർക്കുമുണ്ട്. സുഹൃത്തുക്കൾക്ക് പുസ്‌തകങ്ങൾ കുറഞ്ഞ ചിലവിൽ സുഹൃത്തുക്കൾക്ക് എത്തിച്ചു കൊടുക്കാൻ ഇന്ത്യൻ തപാൽ വകുപ്പിന്റെ ബുക്ക് പോസ്റ്റ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. 

പുസ്‌തകം പൊതിയുന്ന വിധം

ഒരു വശം തുറന്നു കിടക്കുന്ന രീതിയിൽ വേണം പുസ്‌തകം പൊതിയേണ്ടത്. അൽപ്പം ഘനമുള്ള പേപ്പർ ഉപയോഗിച്ച് പൊതിയാം. വീട്ടിലോ, ഓഫിസിലോ സാധനങ്ങൾ പൊതിഞ്ഞു വന്ന കട്ടിയുള്ള പേപ്പർ കവറുകൾ മുറിച്ചെടുത്തും പുസ്‌തകം പൊതിയാം. പൊതിഞ്ഞ പുസ്‌തകത്തിന്റെ ഒരു വശത്തു അയക്കുന്നയാളിന്റേയും, ലഭിക്കേണ്ടയാളുടേയും മേൽവിലാസം എഴുതണം. മേൽവിലാസം എഴുതിയതിന്റെ മുകളിലായി BOOK POST എന്ന് വ്യക്തമായി എഴുതണം. ബുക്ക് പോസ്റ്റ് എന്ന് എഴുതാത്തതും, പൂർണ്ണമായി ഒട്ടിച്ച കവറുകളും സാധാരണ തപാൽ അയക്കുന്നതിന്റെ ചിലവ് ഈടാക്കും. കവറിന്റെ മുകളിലൂടെ കട്ടിയുള്ള കോട്ടൺ നൂൽ നാലായി കെട്ടണം. കവറിൽ നിന്ന് പുസ്‌തകം ഊർന്നു വെളിയിൽ പോകാതിരിക്കാനാണ് നൂലിട്ട് കെട്ടുന്നത്. കവറിനുള്ളിൽ  സന്ദേശങ്ങൾ എഴുതിയ പേപ്പറുകൾ, കറൻസി നോട്ടുകൾ, ചെക്കുകൾ, സ്റ്റാമ്പുകൾ തുടങ്ങിയ അന്യവസ്‌തുക്കൾ വെക്കാൻ പാടില്ല.

അയക്കുന്നതിനുള്ള ചിലവ്
50 ഗ്രാം വരെ തൂക്കമുള്ള ബുക്കിന് 4 രൂപ ഈടാക്കും. അധികം വരുന്ന ഓരോ അമ്പതു ഗ്രാമിനും 3 രൂപ വീതം അടക്കണം. 150 ഗ്രാം തൂക്കമുള്ള ഒരു ബുക്ക് പോസ്റ്റ് അയക്കുന്നതിന് 10 രൂപ ചിലവുണ്ട്. അയക്കുന്നതിന് ചിലവാകുന്ന തുകയുടെ തത്തുല്യമായ വിലക്കുള്ള സ്റ്റാമ്പ് കവറിൽ ഒട്ടിക്കണം. 

ബുക്ക് പോസ്റ്റ് അയക്കുന്നത്
പുസ്‌തകം ബുക്ക് പോസ്റ്റായി അയക്കുന്നതിന് യോജിച്ച വിധം പൊതിഞ്ഞ ശേഷം, മേൽവിലാസവും, BOOK POST എന്ന തലക്കെട്ടും എഴുതി തയ്യാറാക്കണം. എല്ലാ പോസ്റ്റ് ഓഫീസുകളിലും ബുക്ക് പോസ്റ്റ് അയക്കാനുള്ള സൗകര്യമുണ്ട്. ബുക്ക് പോസ്റ്റ് അയക്കാനുള്ള കവർ പോസ്റ്റ് ഓഫിസിലെത്തിക്കുക. ജീവനക്കാർ അതിന്റെ തൂക്കം നോക്കിയ ശേഷം എത്ര രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണം എന്ന് നിർദ്ദേശിക്കും. ആവശ്യമായ തുകക്കുള്ള സ്റ്റാമ്പ് വാങ്ങി ഒട്ടിച്ച ശേഷം പുസ്‌തകം തപാൽ പെട്ടിയിലിടാവുന്നതാണ്. തപാൽ പെട്ടിയിൽ കടക്കാത്ത വിധം വലിപ്പമുള്ള പുസ്‌തമാണെങ്കിൽ പോസ്റ്റ് ഓഫീസിൽ കൗണ്ടറിൽ ഏൽപ്പിച്ചാലും  മതി. പരമാവധി അഞ്ചു കിലോ തൂക്കമുളള ബുക്കുകൾ വരെ അയക്കുന്നത് അനുവദനീയമാണ്. ബുക്ക് പോസ്റ്റുകൾക്ക് സാധാരണ തപാൽ ഉരുപ്പടികളുടെ മുൻഗണന തപാൽ വകുപ്പ് നൽകുന്നില്ല. ഒരൽപം താമസിച്ചു മാത്രമേ മേൽവിലാസക്കാരന് ബുക്ക് പോസ്റ്റുകൾ ലഭിക്കുകയുള്ളു. എന്നിരുന്നാലും, പുസ്‌തകങ്ങൾ ചിലവ് കുറഞ്ഞ രീതിയിൽ അയക്കുന്നതിന് തപാൽ വകുപ്പ് നൽകുന്ന സൗകര്യം അഭിനന്ദനീയമാണ്.

റഫറൻസ്
Book Packet
https://www.indiapost.gov.in/MBE/Pages/Content/Book-Packet.aspx

Sunday, December 13, 2020

CBSE എന്ന പല്ലില്ലാത്ത സിംഹം

കോവിഡ് കാലത്തെ സ്‌കൂൾ ഫീസിനെ സംബന്ധിച്ച് രക്ഷകർത്താക്കൾ ഹൈക്കോടതിയെ സമീപിച്ച വാർത്ത നമ്മൾ കണ്ടു. വരുമാനം കുറവായ കാലത്തു സഹികെട്ടിട്ടാവണം രക്ഷകർത്താക്കൾ കോടതിയെ സമീപിച്ചത്. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടാനുള്ള വകുപ്പൊന്നും  CBSE എന്ന സ്ഥാപനത്തിനില്ല. സാധാരണക്കാർ വിചാരിക്കുന്നത് CBSE എന്നത് സ്‌കൂളുകളുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ശക്തമായ ഒരു സംവിധാനമാണെന്നാണ്. അഫിലിയേഷൻ നൽകുന്ന ഒരു സ്ഥാപനം എന്നതിൽക്കവിഞ്ഞു സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നും അവരുടെ പക്കലില്ല. സംസ്ഥാനത്തെ എല്ലാത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളേയും നിയന്ത്രിക്കാനുള്ള അധികാരം അതതു സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. സ്വകാര്യ സ്‌കൂളുകളും പൊതു വിദ്യാഭ്യാസ ചട്ടം പാലിച്ചു പ്രവർത്തിക്കണമെന്നാണ്. സർക്കാർ സ്‌കൂളുകൾ പ്രവർത്തിക്കുന്ന മാതൃകയിൽ സമയക്രമമടക്കമുള്ള കാര്യങ്ങൾ സ്വകാര്യ സ്‌കൂളുകൾ പാലിക്കണം. സ്വകാര്യ സ്‌കൂളുകൾ അവർക്ക് തോന്നും പോലെ എല്ലാം ചെയ്യും. പാവം രക്ഷകർത്താക്കൾ വിചാരിക്കും സ്‌കൂൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം CBSE പറഞ്ഞിട്ടായിരിക്കുമെന്ന്. രക്ഷകർത്താക്കൾ സ്‌കൂൾ അധികാരികളെ ചോദ്യം ചെയ്‌താൽ കണ്ണുരുട്ടലും, ഭീഷണിയും അടക്കം ഉണ്ടാവും. കുട്ടികൾക്ക് അവിടെ പഠിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവും. അതിനാൽ പാവം രക്ഷകർത്താക്കൾ ഒന്നും മിണ്ടാതെ എല്ലാം സഹിക്കും. പിരിവുകൾ എല്ലാം മുറക്ക് നടക്കും. 

ഓരോ സംസ്ഥാനത്തും CBSE റീജിയണൽ കേന്ദ്രങ്ങൾ ഉണ്ട്. അവിടെയൊരു റീജിയണൽ ഓഫീസർ ഉണ്ടാവും. കേരളത്തിലുമുണ്ട് CBSE റീജിയണൽ ഓഫീസ്. ധൈര്യമുള്ള ഏതെങ്കിലും രക്ഷാകർത്താവ് സ്‌കൂളിനെപ്പറ്റി എന്തെങ്കിലും പരാതി CBSE യോട് പറഞ്ഞാൽ പറയും, കിട്ടുന്ന മറുപടി മിക്കവാറും ഇങ്ങനെയായിരിക്കും, “ഓരോ സംസ്ഥാനത്തെ വിദ്യാഭ്യാസ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പാണ്, അവരോട് പരാതി പറയുക”. പൊതു വിദ്യാഭ്യാസ വകുപ്പിനോട് പരാതി പറഞ്ഞാൽ, അവർക്കും ഇടപെടാൻ മടിയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും സ്വകാര്യ സ്‌കൂളുകളിന്മേലുള്ള തങ്ങളുടെ അധികാരത്തെക്കുറിച്ചു അവർക്കും ഗ്രാഹ്യമുണ്ടാവില്ല. അവർ പരാതി CBSE റീജിയണൽ ഓഫീസിലേക്ക് redirect ചെയ്‌തു കയ്യൊഴിയും. പരാതിയിൽ നടപടിയെടുക്കാൻ അധികാരമില്ലാത്ത CBSE പരാതി കയ്യിൽ വെച്ച് അന്തം വിട്ടിരിക്കും. കോടതിയെ സമീപിക്കുകയെന്നതാണ് പിന്നീടുള്ള വഴി. പൊതു വിദ്യാഭ്യാസ വകുപ്പിനേയും, CBSE, സ്‌കൂളിനേയും, കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യുമ്പോൾ എല്ലാരും ഉണരും. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടുന്നത് മിക്കവാറും അവസരങ്ങളിൽ കോടതിയാവും.

സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാരുടെ കാര്യമാണ് അതിലും കഷ്ടം. മാന്യമായ ശമ്പളം അവർക്കു കൊടുക്കുന്നുണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ നേരത്തെ കിട്ടിക്കൊണ്ടിരുന്ന ശമ്പളം മിക്ക സ്‌കൂളുകളിലും പകുതിയാക്കി. സംഘടിതരല്ലാത്ത സ്വകാര്യ സ്‌കൂൾ ജീവനക്കാരുടെ പരാതികൾ ആരും അറിയുന്നില്ല.