Friday, January 17, 2014

ഫേസ്ബുക്കിലെ പേക്കൂത്തുകൾ

ആൽബർട്ട് ഐൻസ്റ്റൈൻ അണു സിദ്ധാന്തം കണ്ടു പിടിച്ചപ്പോൾ വിചാരിച്ചില്ല അതിന്റെ സംഹാര ശേഷി എത്ര മേൽ ഉണ്ടാവും എന്ന്. അത്  പോലെയാണ്, മാർക്ക്‌ സക്കർബെർഗ് എന്ന ശനിയൻ ഫേസ്ബുക്ക് എന്ന സങ്കേതം കണ്ടു പിടിച്ചത്. അത് മൂലം നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഫേസ്ബുക്ക് സുഹൃത്ത് ബന്ധം സൂക്ഷിക്കാൻ പറ്റിയ ഒരു ഉപാധി തന്നെയാണ്. എങ്കിലും, അത് വ്യക്തി ജീവിതത്തിലും, കുടുംബ ബന്ധങ്ങളിലും ഉണ്ടാക്കുന്ന വിള്ളലുകളും എത്ര വലുതാണെന്ന് എന്ന് നമുക്ക് നോക്കാം. 

ഫേസ്ബുക്കുമായി ബന്ധപെട്ടു ഒരു പാടു വാർത്തകൾ മലയാള പത്രങ്ങളിൽ അടുത്ത കാലത്ത്  കൂടുതലായിപ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വിവാഹിതരും, അല്ലാത്തവരും ഫേസ്ബുക്ക് കുരുക്കുകളിൽ ചെന്ന് വീണ വാർത്തകൾ ആയിരിന്നു അവയെല്ലാം. വിവാഹിതരായ സ്ത്രീകൾക്കും, വിദ്യാർത്ഥിനികൾക്കും ആണ് കൂടുതൽ അമളി പറ്റിയത്. ഒരു വിദ്യാർത്ഥിനി ഫേസ്ബുക്ക് വഴി യുവാവ്‌ എന്ന് നടിച്ചു ബന്ധം സ്ഥാപിച്ചതും, നേരിൽ കാണാൻ ചെന്നപ്പോൾ ഫേസ്ബുക്ക് കാമുകൻ 65 വയസുകാരൻ ആണെന്ന് അറിഞ്ഞു പെണ്‍കുട്ടി ബോധം കെട്ടു വീണതും നമ്മുടെ കേരളത്തിൽ തന്നെയാണ്. ഇന്നേ വരെ നേരിട്ട് കാണാത്ത ഒരാളെ കാണാൻ ഇറങ്ങി പുറപ്പെടുന്ന സ്ത്രീകളുടെ പ്രവണത സാമൂഹിക പ്രവർത്തകരെയും, മനശാസ്ത്ര വിദഗ്ദരേയും അമ്പരപ്പിക്കുന്നു. പെണ്‍കുട്ടികൾ ഫേസ്ബുക്ക് കാമുകനെ നേരിട്ട് കാണാൻ രക്ഷിതാക്കൾ അറിയാതെ വീട് വിട്ടു പോകുന്നതു ഇന്ന് സർവ്വ സാധാരണം ആണ്. നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടൽ മൂലം മാത്രമാണ് ചില പെണ്‍കുട്ടികൾ എങ്കിലും രക്ഷിതാക്കളുടെ അടുക്കൽ സുരക്ഷിതമായി തിരിച്ചെത്താൻ കഴിഞ്ഞത്. ചില വീട്ടമ്മമാരുടെ സ്വർണവും, പണവും, മാനവും ഫേസ്ബുക്ക്‌ കാമുകന്മാർ അടിച്ചു മാറ്റിയിട്ടുണ്ട്. ചിലർ നാണക്കേടു കൊണ്ട് പറ്റിയ അമളി പുറത്തു പറയാതെ ജീവിക്കുന്നു. ചിലരുടെ ദാമ്പത്യ ബന്ധം തകർന്നതും ഫേസ്ബുക്കിലെ ഒളിച്ചുകളി പുറത്തായപ്പോൾ ആണ്. ഫേസ്ബുക്ക്‌ ദുരുപയോഗം മൂലമുള്ള ഒരു പാടു കേസുകൾ വനിത കമ്മിഷനിൽ എത്തുന്നുണ്ടെന്ന് ഒരു കമ്മിഷൻ അംഗം ഈയിടെ വെളിപ്പെടുത്തുക ഉണ്ടായി. 

ഫേസ് ബുക്കിലെ ഭൂരിഭാഗം അക്കൌണ്ടുകളും വ്യാജം ആണെന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ട്. ഫേസ് ബുക്ക് വിരുതന്മാർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. കൃത്രിമ ഫേസ് ബുക്ക്‌ അക്കൌണ്ട് ഉണ്ടാക്കി സുന്ദരന്മാരായ പരസ്യ കലാകാരന്മാരുടെയും മറ്റും ചിത്രം തന്റെതാണെന്ന് വരുത്തി ഇടുന്നു. സ്ത്രീകളോട് അങ്ങോട്ട്‌ കയറി ചങ്ങാത്തം കൂടുന്നു. വീട്ടിലെ ചെറിയ പിണക്കങ്ങളും മറ്റും മുതലാക്കി സ്ത്രീകളുടെ വിശ്വാസ്യത ആർജിക്കുന്നു. കൂടുതൽ പരിചയം മുറുകുന്നതോടെ ഇക്കിളി സംഭാഷണം ഫോണ്‍ വഴിയും അല്ലാതെയും തുടങ്ങുന്നു. ഇതിനിടക്ക് പണവും സ്വർണവും ഒക്കെ കൊടുത്തു ഫേസ്ബുക്ക്‌ കാമുകന്മാരെ സഹായിക്കുന്നവരുണ്ട്. പിന്നീട് നേരിട്ട് കാണാനുള്ള പദ്ധതി തയ്യാറാക്കുന്നു. ദൂരെ ഏതെങ്കിലും സ്ഥലത്ത് പോയി കണ്ടു മുട്ടാമെന്നും, അവിടെ പോയി ചായ കുടിക്കാനുള്ള ചിലവിലേക്കായി വീട്ടിലുള്ള സ്വർണവും, പണവും ഒക്കെ എടുത്തു കൊള്ളാനും പറയുന്ന വിരുതന്മാരും ഉണ്ട്!! ഒരു ബംഗാളി യുവ നടന്റെ ചിത്രം ഇട്ടു ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയ ഒരു വീരൻ, ഡോക്ടർ ആണെന്ന് സ്വയം പരിചയപെടുത്തി ഒരു യുവതിയിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് അടിച്ചു മാറ്റിയത്. ഇങ്ങനെ വ്യാജ അക്കൌണ്ടുകൾ ഉണ്ടാക്കാതെ യഥാർത്ഥ പ്രൊഫൈൽ ഉപയോഗിച്ച് വിശ്വാസം പിടിച്ചു പറ്റി അവിവിവാവിഹതരെയും, വീട്ടമ്മമാരെയും സാമ്പത്തികമായും, ലൈന്ഗ്കിമായും ചൂഷണം ചെയ്യുന്നവരും ഉണ്ട്. 

അടുത്ത കാലത്ത് ഒരു വീട്ടമ്മയെ ഒരു ഫേസ്ബുക്ക്‌ കാമുകൻ സിനിമ കാണാൻ ദൂരെ സ്ഥലത്തേക്ക് ക്ഷണിച്ചു. ഇത് വരെ കണ്ടിണ്ടില്ലാത്ത കാമുകനെ നേരിട്ട് കാണാമല്ലോ എന്നും, കൂട്ടത്തിൽ ഒരു സിനിമയും കാണാമല്ലോ എന്ന ആഗ്രഹത്താൽ വീട്ടമ്മ ഭർത്താവു അറിയാതെ യാത്ര പ്ലാൻ ചെയ്തു. ഇതറിഞ്ഞ ഭർത്താവ്, ഒന്നും അറിയാത്ത ഭാവത്തിൽ വീട്ടമ്മയെ അനുഗമിച്ചു. അത് കാരണം, ഫേസ്ബുക്ക്‌ കാമുകന്റെ പദ്ധതികൾ ഒന്നും തന്നെ പൂവണിഞ്ഞില്ല. ഭർത്താവ്  ചോദ്യം ചെയ്തപ്പോൾ, തങ്ങൾ രണ്ടു പേരും പുരോഗമന ചിന്താഗതിക്കാർ ആയതു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞു ഭാര്യ തടി തപ്പാൻ ശ്രമിച്ചു. അവിവിവാഹിതനായ ഫേസ് ബുക്ക്‌ കാമുകനോട് ഭർത്താവു ചോദിച്ചു, നിന്റെ കല്യാണം കഴിഞ്ഞിട്ട് ഭാര്യയെ എന്റെ കൂടെ തനിച്ചു സെക്കന്റ്‌ ഷോയിക്ക് വിടാമോ എന്ന്. പറ്റില്ല എന്നാണ് കാമുകൻ പറഞ്ഞത്. എന്തൊരു പുരോഗമന ചിന്താഗതി!! മറ്റുള്ളവന്റെ ഭാര്യയുടെ മേൽ പുരോഗമന ചിന്താഗതി ആകാം. സ്വന്തം കാര്യം വരുമ്പോൾ, പുരോഗമന ചിന്താഗതി ഇല്ല. കലക്ക വെള്ളത്തിൽ മീൻ  പിടിക്കാൻ ആണ് ഫേസ് ബുക്ക്‌ കാമുകൻ ശ്രമിച്ചത്.

പാചക വാതകത്തിനും, ഉപ്പിനും കർപ്പൂരത്തിനും വരെ അധാർ കാർഡ്‌ കാർഡ്‌ നിർബന്ധം ആക്കുന്ന സർക്കാർ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങാനും ആധാർ കാർഡ്‌ നിർബന്ധം ആക്കണം. എങ്കിൽ ഫേസ് ബുക്ക്‌ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കുറേയൊക്കെ തടയാൻ പറ്റും.  

2 comments: