Tuesday, December 22, 2015

തലശ്ശേരി കാഴ്ചകൾ

തലശ്ശേരി എന്നത് ഭക്ഷണ പ്രേമികളുടെ ഭൂപടത്തിലെ പ്രധാന ഇടമാണ്. സ്വാദിന്റെയും സാഹിസകതയുടെയും കേന്ദ്രം കൂടിയാണ്. അത് കൊണ്ടാണ് തലശ്ശേരി മൂന്ന് C-കൾക്ക് പ്രസിദ്ധമാണെന്നു പറയപ്പെടുന്നത്; സർക്കസ് (Circus), കേക്ക് (Cake), ക്രിക്കറ്റ്‌ (Cricket). കേരളത്തിന്റെ സർക്കസ് പാരമ്പര്യം തലശ്ശേരിയിൽ നിന്നാണ് ആരംഭിക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ കീലേരി കുഞ്ഞിക്കണ്ണൻ ആശാൻ ആണ് തലശ്ശേരിയിലെ സർക്കസ് പരിശീലനം തുടങ്ങിയത്. ഇതിനെത്തുടർന്ന് ധാരാളം സർക്കസ്  പ്രതിഭകൾ ഇവിടെ ഉണ്ടായി. ജെമിനി സർക്കസ് കമ്പനി അടക്കമുള്ള പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും സർക്കസിന്റെ തലശ്ശേരി പെരുമ ഉറപ്പിച്ചു. തലശ്ശേരിക്കാരുടെ ബേക്കറികൾ കേരളത്തിലെ മിക്കവാറും പട്ടണങ്ങളിലും ഉണ്ട്. തിരുവനന്തപുരത്തെ ശാന്താ ബേക്കറിയും (Shantha bakery), കോട്ടയത്തും, ചങ്ങനാശ്ശേരിയിലുമുള്ള ബെസ്റ്റ് ബേക്കറിയും (Best bakery) തലശ്ശേരിക്കാർ തുടങ്ങിയതാണ്‌. തലശ്ശേരിയുടെ പട്ടണത്തിന്റെ അതിരിന്റെ പകുതിയോളം  അറബിക്കടലിന്റെ ആലിംഗനത്തിൽ അമർന്നു കിടക്കുകയാണ്. എഴുകുന്നുകളുടെ നഗരം എന്നൊരു വിശേഷണവും തലശ്ശേരിക്കുണ്ട്. ഇതിനെല്ലാം പുറമേ പഴയ ബ്രിട്ടീഷ്‌ മലബാറിന്റെ ഭരണ സിരാകേന്ദ്രം ആയിരിന്നു തലശ്ശേരി.

തലശ്ശേരിയിലെ പഴയ ബസ്‌ സ്റ്റാന്റ് ജങ്ക്ഷൻ. ഇവിടെയാണ് പ്രശസ്തമായ ജയഭാരതി ബേക്കറി. ധാരാളം തുണിക്കടകൾ ഇവിടെയുണ്ട്.

Sunday, November 15, 2015

ചുംബനം (ചെറുകഥ)

കടപ്പാട്: മാതൃഭൂമി ദിനപത്രം, ഞായർ, 18 ഒക്ടോബർ 2015.

Sunday, November 8, 2015

കൂടോത്രം (ചെറുകഥ)

അമ്മിണിക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല. രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അമ്മയുടെ ദീർഘ സ്ഥായിയിലുള്ള കൂർക്കം വലി മാത്രം. കുറച്ചു നാളുകളായി ഭർത്താവിനു പഴയ സ്നേഹമില്ല എന്നൊരു തോന്നൽ. അന്ന് മുതൽ അമ്മയോടൊപ്പം ആണ് കിടപ്പ്. ഭർത്താവിന് സ്നേഹം തോന്നാൻ വൃതം എടുത്തു വർഷത്തിൽ ഒരു തവണ മാത്രം തുറക്കുന്ന അമ്പലത്തിൽ പോകണം എന്ന് അമ്മ ഉപദേശിച്ചു. അവിടെ പോയാൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് പറയപ്പെടുന്നു. അതനുസരിച്ച് കഠിന വൃതത്തിലാണ്. വൃതം മുടങ്ങാതിരിക്കാൻ ഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു കൂടി പോലും പോകരുത് എന്നാണ് അമ്മയുടെ നിർദേശം. വൃതം മുടങ്ങാതിരിക്കാൻ അമ്മയെപ്പോഴും തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീട്ടിലെത്തുന്ന ഭർത്താവിന്റെ ഒപ്പം സമയം ചിലവഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അമ്മയെ ധിക്കരിക്കാൻ ധൈര്യം വരുന്നില്ല. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഭർത്താവ് പല തവണ കണ്ണ് കൊണ്ടും, മുരടനക്കി ശബ്ദം ഉണ്ടാക്കിയും സൂചന തന്നു. മുകളിലത്തെ നിലയിലെ ഉറക്കറയിലേക്ക് ചെല്ലാൻ. പോകണമെന്ന് ആഗ്രഹമുണ്ട്, ഉള്ളിൽ സങ്കടം ഇരച്ചു കയറിയെങ്കിലും അമ്മയെ പേടിച്ച് അതൊക്കെ വിഴുങ്ങി. 

എന്തിനും ഏതിനും ചേട്ടന് ദേഷ്യം. താനുണ്ടാക്കിയ കറികൾക്ക് ഉപ്പു കൂടിയത്രെ. കുളിക്കാൻ തിളപ്പിച്ച വെള്ളത്തിന്‌ ചൂട് കൂടിയതിനു വഴക്ക് പറഞ്ഞു. ഈയിടെ ശ്രദ്ധക്കുറവു കൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണിതൊക്കെ. ഇതൊക്കെയാണ് സംശയം ബാലപ്പെടാനുള്ള കാരണങ്ങൾ.

വികല ചിന്തകൾ മനസ്സിനെ മദിക്കുന്നു. എന്ന് മുതലാണ്‌ ഇത്തരം ചിന്തകൾ മനസ്സിൽ കയറിക്കൂടിയത്? കൃത്യമായി പറഞ്ഞാൽ കുമാരൻ ജ്യോതിഷിയെ കൊണ്ട് പ്രശ്നം വെച്ച് നോക്കിയ അന്ന് മുതൽ. ഭർത്താവിനു ദൂരെയുള്ള ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനു ശേഷം കുമാരൻ ജ്യോതിഷിയെ കാണാൻ പോയിരിന്നു. ഉടനെ വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടുമോ എന്നറിയാനാണ് പ്രശ്നം വെക്കാൻ അമ്മയോടൊപ്പം പോയത്.

അമ്മിണിക്കുട്ടിയുടെ ഭർത്താവിനു അൽപ്പം സ്നേഹക്കുറവുണ്ടോ എന്ന് ജ്യോതിഷിക്ക് ഒരു ആശങ്ക. സ്നേഹക്കുറവില്ല എന്ന് പറയാൻ നാക്ക് വളച്ചതും,  മരുമോന് പഴയ സ്നേഹം ഇല്ല എന്ന് അമ്മ ചാടിക്കേറി പറഞ്ഞു. കുമാരൻ ജ്യോതിഷിയുടെ ആശങ്കകളെ സത്യമാക്കി തീർക്കാൻ അമ്മക്ക് പണ്ട് മുതലേ ഇഷ്ടമാണ്. "അവൾക്കു അറിഞ്ഞു കൂട, പക്ഷെ ഞാൻ അത് ശ്രദ്ധിച്ചു, അവനു സ്ഥലം മാറ്റം കിട്ടിയതിനു ശേഷം പഴയ സ്നേഹം ഇല്ല", അമ്മ എടുത്തടിച്ച പോലെ പറഞ്ഞു. ഉന്തിന്റെ കൂടെ തള്ള് എന്നപോലെ ജ്യോതിഷിയുടെ അടുത്ത പ്രഹരം വന്നു "മരുമകന് എഴിൽ ചന്ദ്രൻ, പരസ്ത്രീ ബന്ധം കാണുന്നുണ്ട്, ഒരു വിവാഹം കൂടി കഴിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്". അമ്മിണിക്കുട്ടിക്ക് ശരീരം തളരുന്ന പോലെ തോന്നി. പുതിയ ജോലിസ്ഥലത്ത് എത്തിയിട്ട് ഒരു മാസം ആയില്ല, അതിനിടയിൽ ഇത്രയും കാര്യങ്ങൾ നടന്നല്ലോ. അമ്മയുടെ മുഖത്ത് ദേഷ്യം കൊണ്ട് രക്തം ഇരച്ചു കയറുന്നതു കണ്ടു, പല്ല് മുറുമ്മുന്ന ശബ്ദവും വ്യക്തമായി കേട്ടു. ചെറിയ മുറിവിനെ വൃണമാക്കുക എന്നത് ജ്യോതിഷികളുടെ തൊഴിൽപരമായ ഒരു മിടുക്കാണ്. വിശ്വസികളുടെ ചെറിയ പ്രശ്നങ്ങളെ ആളിക്കത്തിച്ചാലേ പെട്ടിയിൽ പണം വീഴൂ. അമ്മിണിക്കുട്ടി സ്വയം ആശ്വസിച്ചു.

ഭർത്താവിന്റെ സ്നേഹക്കുറവിനു കാരണം കൂടോത്രം ആണെന്നാണ് ജ്യോതിഷി സംശയിക്കുന്നത്. ഭർത്താവിന്റെ അടുത്ത ബന്ധുക്കൾ ആരോ കൂടോത്രം ചെയ്തത് എന്ന് പ്രശ്നത്തിൽ കാണുന്നത്രേ. അടുത്ത ബന്ധുക്കൾ ആണ് കൂടോത്രം പ്രയോഗിച്ചതെങ്കിൽ അത് ഭർത്താവിന്റെ അമ്മയും, പെങ്ങളും കൂടി തന്നെയാകും എന്ന് അമ്മ ബലമായി വിശ്വസിക്കുന്നു.

ജ്യോതിഷത്തിൽ ഭയങ്കര വിശ്വാസമാണ് വീട്ടിൽ എല്ലാവർക്കും. കക്കൂസിൽ പോകാനുള്ള  സമയം പോലും ജ്യോതിഷിയെക്കൊണ്ട് തന്റെ അച്ഛൻ കുറിച്ച് വാങ്ങിച്ചിട്ടുണ്ട്. എന്തിനും ഏതിനും കുടുംബ ജ്യോതിഷിയോട് അഭിപ്രായം ചോദിക്കും. എല്ലാം നല്ലതിനെന്നാണ് അച്ഛനും അമ്മയും പറയുന്നത്.

ഇന്ന് ദിവസം ഞായർ ആണ്. വൃതം തീരുന്നത് ചൊവ്വാഴ്ച. ചേട്ടൻ നാളെ വെളുപ്പിനുള്ള വണ്ടിക്ക് പോയാൽ വരുന്ന വെള്ളിയാഴ്ചയെ വരൂ. വൃതം തുടങ്ങിയിട്ട് ആഴ്ച രണ്ടായി. രാത്രിയിൽ കാലിനു ആകെ കടച്ചിലും, തരിപ്പും. കുറച്ചു ദിവസമായി തുടങ്ങിയിട്ട്. ഇനി ഏതായാലും ഒട്ടും കാക്കാൻ വയ്യ. തന്നെ കെട്ടിയിരിന്ന അമ്മയുടെ കൈകൾ വലിച്ചു മാറ്റിയിട്ടു അമ്മിണിക്കുട്ടി ചാടിയെഴുന്നേറ്റു മുകൾ നിലയിലേക്കുള്ള പടികൾ ഓടിക്കയറി.  കിതച്ചു കൊണ്ട് മുറി തുറന്നു അകത്തു കയറി കട്ടിലിലേക്ക് വീണു. ഒരു പ്രാവിനെ കൈക്കുള്ളിൽ ആക്കുന്ന ലാഘവത്തോടെ അമ്മിണിക്കുട്ടിയെ ഭർത്താവ് വാരി പുണർന്നു. ചേട്ടൻ തന്നെ പ്രതീക്ഷിച്ചിരിന്നു എന്ന് അമ്മിണിക്കുട്ടി ലജ്ജയോടെ ഓർത്തു കൊണ്ട് ഭർത്താവിന്റെ നെഞ്ചിലെ രോമ പുതപ്പിലേക്ക് മുഖം പൂഴ്ത്തി. "വൃതം കഴിഞ്ഞോ?" അർദ്ധ മയക്കത്തിൽ ഭർത്താവ് ചോദിച്ചു.  മറുപടി ഒന്നും പറയാതെ അമ്മിണിക്കുട്ടി ഭർത്താവിന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു.

അമ്മിണിക്കുട്ടി രാവിലെ ഉണർന്നു അടുക്കളയിലെത്തി. വൃതം മുടങ്ങിയതിന്റെ ദേഷ്യം അമ്മയുടെ മുഖത്ത് കണ്ടു. ഒരു കള്ളച്ചിരിയോടെ ചൂട് ചായ ഗ്ലാസിൽ പകർന്നു കൊണ്ട് അമ്മിണിക്കുട്ടി ഭർത്താവിന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു, "കൂടോത്രം പോലും".

Thursday, November 5, 2015

നീയില്ലെങ്കിൽ.......

"നീയില്ലെങ്കിൽ എനിക്ക്  ജീവിക്കാൻ  കഴിയില്ലാ " എന്ന് പറയുന്നിടത്താണ് വിവാഹ  ജീവിതം  ധന്യമാകുന്നത്.
നീയില്ലെങ്കിലും  എനിക്ക്  ജീവിക്കാൻ  കഴിയും  എന്ന വെല്ലുവിളിയിൽ  നിന്ന്  വിവാഹജീവിതത്തിന്റെ  താളപിഴകൾ ആരംഭിക്കുന്നു .
നീയില്ലാതെയും  എനിക്ക്  ജീവിക്കാൻ  കഴിയും  എന്ന്  വെല്ലുവിളിക്കുമ്പോൾ  ഓർക്കണം,
പിന്നെയെന്തിനാണ്  വിവാഹം  കഴിച്ചതെന്ന്. ????
ഒറ്റയ്ക്ക്  ജീവിച്ച് കൂടെയായിരുന്നോ  ???
നീയില്ലാതെ  എനിക്ക്  ജീവിക്കാൻ  കഴിയില്ലാ എന്ന് ആര്  പറയുന്നുവോ  അവരെ  തോല്പ്പിക്കുവാൻ  ആർക്കും കഴിയില്ലാ. ...
അവിടെ  സ്നേഹം  എന്നും നിലനിൽക്കും.

Sunday, November 1, 2015

ബീഫ് ഫെസ്റ്റ്

കടപ്പാട്: മാതൃഭൂമി ദിനപത്രം, ഞായർ, 1 നവംബർ 2015.

കേരളപ്പിറവി

കേരളപ്പിറവി ഞായറാഴ്ച ആയത് കൊലച്ചതിയായിപ്പോയി. കുമാരി-കുമാരൻമാർക്ക് പിറന്ന വേഷത്തിൽ നടക്കാനുള്ള അവസരം നഷ്ടമായി. നൂറ് കണക്കിന് സേഫ്റ്റി പിന്നുകളുടെ സഹായത്തോടെ ശരീരത്തിലുറപ്പിച്ച സാരി ഉടുത്ത് ഇടക്കിടെ വെളിവാകുന്ന ശരീര ഭാഗങ്ങൾ മറച്ച് വെച്ച് നിലാവത്ത് അഴിച്ച് വിട്ട കോഴികളെപ്പോലെ നടക്കേണ്ടതായിരിന്നു കേരളീയ കൗമാരം. സാംസ്കാരിക മന്ത്രി ദയവ് ചെയ്ത് രാജി വെക്കുക !!

Friday, October 23, 2015

ഹരി ശ്രീ

''വാക്കുകള്‍ക്കറിവീല-  
തങ്ങളുള്‍ക്കൊള്ളും മൂര്‍ച്ച

വാള്‍ത്തലയ്ക്കറിവില്ല
വേദന വെട്ടും നേരം ''

പി.ഭാസ്കരന്‍.

Sunday, October 4, 2015

ഒരു പാലക്കാടൻ യാത്ര

പാലക്കാട് എന്ന് കേട്ടാൽ ഞാനുൾപ്പെടെ എല്ലാ മലയാളികൾക്കും ഓർമ്മ വരിക തമിഴ്‌നാടിനോടു ചേർന്ന കിടക്കുന്ന വരണ്ട പൊടിനിറഞ്ഞ പ്രദേശങ്ങൾ ആണ്. മനോഹരമായ കന്യാകുമാരിക്ക് പകരം നമുക്ക് കിട്ടിയത് ഈ പൊടിയണിഞ്ഞ തമിഴ് മണമുള്ള പ്രദേശമാണോ എന്ന് അറിയാതെ ചോദിച്ചു പോകും. അത് കൊണ്ട് തന്നെയാണ് ഞങ്ങൾ പാലക്കാടിന്റെ വ്യത്യസ്ത മുഖം കാണാൻ ഇറങ്ങിത്തിരിച്ചത്. കോയമ്പത്തൂരിനോടു ചേർന്ന് കിടക്കുന്ന പാലക്കാടൻ പ്രദേശങ്ങളും, തൃശൂരിനോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും ഭൂപ്രകൃതിപരമായി വളരെ വ്യത്യസ്തമാണ്. പ്രകൃതി ഭംഗി നിറഞ്ഞ പാലക്കാടിന്റെ ഗ്രാമീണ സൌന്ദര്യം വേറിട്ടതാണ്.

ഉച്ചക്ക് ശേഷം ഞങ്ങൾ ട്രെയിൻ മാർഗം ഷൊർണ്ണൂരിൽ എത്തി. ഞങ്ങൾ ധൃതിയിൽ തന്നെ പാലക്കാടിനെ മലപ്പുറം ജില്ലയുമായി അതിരു തിരിക്കുന്ന തൂതപ്പുഴ കാണാൻ ഇറങ്ങി. ബസ്സിൽ നേരെ തൂതപ്പുഴ കടവിലേക്ക്.

ഭാരതപ്പുഴയുടെ ഒരു കൈവഴി ആണ് തൂതപ്പുഴ. പാറക്കല്ലുകൾ നിറഞ്ഞ ശക്തമായ ഒഴുക്കും ഉള്ള ഈ കടവിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടകരമാണ്.
തൂതപ്പുഴയുടെ തീരത്താണ് തൂത ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
 വൈകിട്ട് തന്നെ ഭാരതപ്പുഴയിൽ കുളിച്ചു. തൊട്ടടുത്തുള്ള ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകളുടെ ചൂളം വിളിയും, കുതിപ്പും, കിതപ്പുമൊക്കെ വകവെക്കാതെ നിളയുടെ മാറിൽ മലർന്നു കിടന്നു. നേരം ഇരുട്ടിയത് കൊണ്ട് കുളി മതിയാക്കി ഞങ്ങൾ തിരികെപ്പോന്നു. രാവിലെ തന്നെ തിരികെ വന്നു കുളിയും കഴിഞ്ഞു വേണം പാലക്കാടൻ യാത്ര തുടങ്ങാൻ എന്ന് നിശ്ചയിച്ചു.
നിളയുടെ തീരത്ത്. ഈ പാലത്തിലൂടെ ട്രെയിൻ പോകുന്നത് ഒരു പാടു മലയാളം സിനിമകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും.
രാവിലെ തന്നെ ഭാരതപ്പുഴയിൽ കുളിയും കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കാൻ ചെറുതുരുത്തിയിലെ ഷാലിമാർ ഹോട്ടലിൽ എത്തി.
ഷാലിമാർ ഹോട്ടലിലെ സസ്യ-മാംസ വിഭവങ്ങൾ പേര് കേട്ടതാണ്. ഊത്തപ്പവും, മസാല ദോശയും കഴിച്ചു ഞങ്ങൾ യാത്ര തുടങ്ങി.
ചെറുതുരുത്തിയിലെ വള്ളത്തോൾ മ്യൂസിയം.
വള്ളത്തോൾ മ്യൂസിയം കണ്ടശേഷം  ഞങ്ങൾ പാലക്കാട് കോട്ട കാണാൻ ബസിൽ തിരിച്ചു. മൈസൂർ സുൽത്താൻ ആയിരിന്ന ഹൈദരാലി ആണ് ഈ കോട്ട ഇന്നത്തെ നിലയിൽ പണി കഴിപ്പിച്ചത്. പ്രാദേശിക ഭരണാധികാരി സാമൂതിരിയെ തുരത്താൻ വേണ്ടി ഹൈദരാലിയെ ക്ഷണിക്കുകയും, ഈ കോട്ട പിന്നീട് ഹൈദരാലി കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇത് ബ്രിട്ടീഷുകാർ കയ്യടക്കി. പാലക്കാട് സ്പെഷ്യൽ സബ് ജയിൽ കോട്ടക്കുള്ളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 
പാലക്കാട് കോട്ടയുടെ വിവിധ ഭാഗത്ത്‌ നിന്നുള്ള ദൃശ്യങ്ങൾ.
കോട്ടയിൽ നിന്ന് വെളിയിൽ ഇറങ്ങി ഞങ്ങൾ അവിടെ വിൽക്കാൻ വെച്ചിരിന്ന ഉപ്പിലിട്ട മാങ്ങാ വാങ്ങി കഴിച്ചു തുടങ്ങി. ഉപ്പിലിട്ട മാങ്ങാ ആസ്വദിക്കുന്നതിനിടയിൽ ഒരാൾ വിളിച്ചു പറഞ്ഞു, അതാ ചൂലന്നുർ ബസ്‌, ഓടി ചെന്നില്ലെങ്കിൽ കിട്ടില്ല. ഞങ്ങൾ മാങ്ങയും കടിച്ചു പിടിച്ചു കൊണ്ട് ചൂലന്നുർ മയിൽ സാങ്കേതത്തിലേക്കുള്ള ബസ്‌ പിടിക്കാൻ ഓടി!! പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് മയിലുകൾക്ക് മാത്രമായുള്ള ഈ സംരക്ഷണ കേന്ദ്രം. ബസ്സുകൾ ഈ ഭാഗത്തേക്ക്‌ കുറവാണെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. 

കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ സ്മരണക്കായി 2008-ൽ ആണ് ഈ മയിൽ സങ്കേതം സമർപ്പിചിരിക്കുന്നത്. 
ഇലപൊഴിയും കാടുകളും പാറപ്പുറങ്ങളും ചേർന്നതാണ് മയിൽ സാങ്കേതതത്തിനുള്ളിലെ ഭൂപ്രകൃതി.
ചില സമയങ്ങളിൽ മയിലുകളെ നേരിട്ട് കാണാൻ ബുദ്ധിമുട്ട് നേരിടാറുണ്ട് എന്ന് ജീവനക്കാർ പറഞ്ഞു. ഞങ്ങൾക്ക് ഏതാനും മയിലുകളെ സാങ്കേതതിനുള്ളിൽ തന്നെ കാണാനുള്ള ഭാഗ്യമുണ്ടായി.

മയിൽ സാങ്കേതതിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു. പോയ വഴിയിൽ പടത്തിനു നടുവിൽ ചൂലന്നുർ അയ്യപ്പൻ കാവ് കണ്ടു. ഒരു പച്ച പട്ടു വിതാനിച്ച പാടത്തിനു നടുവിലെ അയ്യപ്പൻ കാവ് നയനമനോഹരമാണ്.

ചൂലന്നുർ അയ്യപ്പൻ കാവ്. ഒരു വിദൂര ദൃശ്യം.
യാത്രക്കിടയിൽ ഞങ്ങൾ പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വി. കെ. എൻ. എന്റെ തിരുവില്വാ മലയിൽ എത്തി. അവിടുത്തെ വില്വാദ്രി നാഥ ക്ഷേത്രം കാണാൻ പോയി. സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി ആയതിനാൽ ക്ഷേത്ര പരിസരം വിജനമായിരിന്നു. ഇതൊരു ശ്രീരാമ ക്ഷേത്രമാണ്. തിരുവില്വാ മലയിൽ തന്നെയാണ് പ്രശസ്തമായ പുനർജ്ജനി ഗുഹ. വൃശ്ചിക മാസത്തിലെ ഏകാദശി നാളിൽ ഈ ഗുഹക്കുള്ളിൽ നൂഴ്‌ന്നു ഇറങ്ങിയാൽ പുനർജ്ജന്മം ഇല്ലാതെ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. പുരുഷന്മാരെ മാത്രമേ ഗുഹക്കുള്ളിൽ നൂഴ്‌ന്നു ഇറങ്ങാൻ സമ്മതിക്കൂ. സ്ത്രീകൾ അങ്ങനെ മോക്ഷം പ്രാപിക്കണ്ട എന്നാണ് വെപ്പ്. പുനർജ്ജന്മം ഇല്ലാതെ നേരെ സ്വർഗത്തിൽ എത്തി ഭാര്യമാരെ പേടിക്കാതെ ജീവിക്കാം എന്ന് ചിന്തിച്ച ഏതോ സ്ത്രീ വിരോധി ആണ് ഈ വിശ്വാസം തട്ടിക്കൂട്ടിയതിനു പിന്നിൽ എന്ന് ഞാൻ ശക്തമായി സംശയിക്കുന്നു!!

വില്വാദ്രി നാഥ ക്ഷേത്രം, തിരുവില്വാ മല.
ഞങ്ങൾ വൈകുന്നേരത്തോടെ നെന്മാറയിൽ എത്തി. പിറ്റേ ദിവസം രാവിലെ നെല്ലിയാമ്പതിയിലേക്ക് പോകാൻ നെന്മാറയിൽ തങ്ങുന്നതാണ് നല്ലത്. നെല്ലിയാമ്പതി ഒരു ഹിൽ സ്റ്റേഷൻ ആണ്. ഈ ചെറിയ പ്രദേശത്ത് സഞ്ചാരികൾക്ക് താമസിക്കാൻ നിലവാരമുള്ള ഹോട്ടലുകൾ ഇല്ലയെന്നത്‌ ഒരു പോരായ്മയാണ്. രാവിലെ ആറരക്കുള്ള ബസ്സിൽ ഞങ്ങൾ നെല്ലിയാമ്പതിക്കു തിരിച്ചു.
നെല്ലിയാമ്പതിയിലെ സീതാർ ഗുണ്ട് എന്ന സ്ഥലം. വനവാസ കാലത്ത് ശ്രീരാമനും സീതയും ഇവിടെ വന്നു വിശ്രമിച്ചിരിന്നു എന്ന് ഐതീഹ്യം ഉണ്ട്.


നെല്ലിയാമ്പതിയിലെ ജൈവ തേയില തോട്ടം.
നെല്ലിയാമ്പതി കണ്ടു തിരികെ ചുരം ഇറങ്ങുമ്പോൾ പോത്തുണ്ടി ഡാം ദൃശ്യമാകാൻ തുടങ്ങും. ജലസേചനത്തിനു വേണ്ടി പണിഞ്ഞ ഡാം ആണിത്. മീനച്ചിലാടി, പാടിപ്പുഴകൾക്ക് കുറുകെയാണ് പോത്തുണ്ടി ഡാം പണി തീർത്തിരിക്കുന്നത്.
പോത്തുണ്ടി ഡാം.

യാത്ര സംഘത്തിലെ അംഗങ്ങൾ.
നെന്മാറ പട്ടണത്തിൽ ഇറങ്ങി ഉച്ചയൂണും കഴിച്ച ശേഷം ഞങ്ങൾ തൃശൂർക്ക് തിരിച്ചു. തൃശൂരിൽ നിന്നും ട്രെയിനിൽ ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചു. വരിക്കാശ്ശേരി മന കാണാൻ കഴിഞ്ഞില്ല എന്നയൊരു സങ്കടം മാത്രം മനസ്സിനെ അലട്ടി. മനയിൽ ഞങ്ങൾ എത്തിയപ്പോൾ അവിടെ ഫിലിം ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. അതിനാൽ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല. ഇനിയും വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പാലക്കാടിന് വിട ചൊല്ലി. പാലക്കാടിനെ ഏകദേശം അറിഞ്ഞ ഒരു സംതൃപ്തി മനസ്സിൽ തങ്ങി നിന്നു.

Sunday, September 20, 2015

ധനുഷ് കോടിയിലേക്ക്

തമിഴ് നാട്ടിലെ പാമ്പൻ ദ്വീപിന്റെ തെക്കുകിഴക്ക്‌ മുനമ്പ്‌ ആണ് ധനുഷ് കോടി. ഇവിടെ നിന്നും ശ്രീ ലങ്കയിലേക്ക് പതിനെട്ടു കിലോമീറ്റർ ദൂരമേയുള്ളൂ. ഹിന്ദുക്കൾക്ക് ഈ പ്രദേശം പുരാണ പ്രധാനമാണ്. ശ്രീരാമൻ സീതയെ രാവണന്റെ പിടിയിൽ നിന്നും വീണ്ടെടുക്കാൻ ലങ്കയിലേക്ക് ചിറ നിർമ്മിച്ചത് ഇവിടെ നിന്നാണെന്ന് വിശ്വസിക്കുന്നു. രാവണനെ വധിച്ച ശേഷം ലങ്കയിലെ രാജാവായി അവരോധിച്ച വിഭീഷണന്റെ നിർദേശ പ്രകാരം ശ്രീരാമൻ അമ്പിന്റെ മുന കൊണ്ട് ചിറ തകർത്തു. "അമ്പിന്റെ മുന" എന്ന അർത്ഥത്തിൽ ആണ് ആണ് ഈ പ്രദേശത്തിന് ധനുഷ് കോടി എന്ന പേര് പതിഞ്ഞത്.

ധനുഷ് കോടിയുടെ ആകാശത്ത് നിന്നുള്ള ദൃശ്യം. കടപ്പാട്: വിക്കിപീഡിയ

തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴി മധുരയിൽ എത്തി, അവിടെ നിന്നും രാമേശ്വരം എത്തി ധനുഷ് കോടി കാണുക എന്നതായിരിന്നു ആയിരിന്നു ഞങ്ങളുടെ യാത്രാ പദ്ധതി. ഉച്ചക്ക് ശേഷം ചങ്ങനാശ്ശേരിയിൽ നിന്നും പരശുറാം എക്സ്പ്രസ്സിൽ കയറി രാത്രി എട്ടു മണിയോടു കൂടി നാഗർകോവിൽ എത്തി. അത്താഴം കഴിക്കാനായി റെയിൽവേ സ്റ്റേഷനിൽ നിന്നും ചാണകം മണക്കുന്ന വഴിയിലൂടെ നാഗർകോവിൽ പട്ടണത്തിലേക്ക് നടന്നു. വളരെ ചെറിയ ഒരു ചായക്കടയിൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറി. ബഹിരാകാശ യാത്രികർ പേടകത്തിൽ ഇരിക്കുന്ന ശൈലിയിൽ ഞങ്ങൾ ആ ചെറിയ കടക്കുള്ളിൽ ഞെരിങ്ങിയിരിന്നു കൊണ്ട് ഏതാനും ദോശകൾ അകത്താക്കി. റെയിൽവേ സ്റ്റേഷനിൽ തിരികെ എത്തി കന്യാകുമാരി-രാമേശ്വരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ കാത്തു നിൽപ്പ് തുടങ്ങി. ട്രെയിൻ സ്റ്റേഷനിൽ എത്തി, മറ്റു യാത്രക്കാർ എന്നെ ഉന്തിത്തള്ളി ജനറൽ കമ്പാർട്ട്മെന്റിനു ഉള്ളിലാക്കി!! അങ്ങനെ റിസർവേഷൻ ഇല്ലാതെ, ഉറങ്ങാതെ രാമേശ്വരം യാത്ര തുടങ്ങി.
 
വെളുപ്പിന്ആറു മണിയോടെ ട്രെയിൻ രാമേശ്വരം സ്റ്റേഷനിൽ എത്തി. ട്രെയിൻ നിർത്തിയ ഉടൻ തന്നെ അതിനുള്ളിൽ നിന്നും പ്രളയ ജലം പോലെ യാത്രക്കാർ പ്ലാറ്റ്ഫോമിൽ പരക്കാൻ തുടങ്ങി. യാത്രക്കാരിൽ ഭൂരിഭാഗവും വളരെ സാധാരണക്കാരായ ആൾക്കാർ. ദ്വീപിനു വെളിയിൽ പലവിധ ആവശ്യങ്ങൾക്കായി പോയി തിരികെയെത്തിയവർ. അവർ പെട്ടികളും ഭാണ്ഡങ്ങളും ചുമന്നു കൊണ്ട് സ്റ്റേഷന് വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. കുട്ടിക്കാലത്ത് ആകാശവാണിയിൽ സംഗീതം പഠിപ്പിക്കുന്ന ഒരു പരിപാടിയിൽ സ്ഥിരം കേൾക്കുന്ന, ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട ഒരു ഗാന ശകലം പെട്ടെന്ന് ഓർമ വന്നു, "കുട്ടികളും, പെട്ടികളും, പോർട്ടർമാരും..." ഉറക്കമില്ലാത്ത യാത്ര സമ്മാനിച്ച ക്ഷീണത്തോടെ ഞങ്ങൾ സ്റ്റേഷനു വെളിയിലേക്ക് നടന്നു. എങ്ങും നല്ല വെട്ടം പരന്നിരിക്കുന്നു. ദ്വീപ് ആയതു കൊണ്ടാവാം, രാവിലെ ആറു മണിക്ക് നട്ടുച്ചയുടെ പ്രതീതി. സ്റ്റേഷനോട് ചേർന്ന് തന്നെ ഒരു ലോഡ്ജ് മുറി തരപ്പെടുത്തി. 

രാമേശ്വരം റെയിൽവേ സ്റ്റേഷൻ.
കുളികഴിഞ്ഞു ഞങ്ങൾ രാമേശ്വരം ക്ഷേത്രത്തിലേക്ക് നടന്നു. കുളികഴിഞ്ഞ ഞങ്ങൾ കണ്ടത് ക്ഷേത്രതിനുള്ളിലെ തീർത്ഥ കിണറുകളിലെ ജലത്തിൽ കുളിക്കാനായി കാത്തു നിൽക്കുന്ന ഭക്തജനങ്ങളെയാണ്. അവിടെ കാത്തുനിൽക്കുന്നവർ കുളിച്ച ശേഷം എന്തെങ്കിലും പുണ്യം മിച്ചം ഉണ്ടാവുമോ എന്ന സംശയം തോന്നി. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്ക് കയറി നിർമ്മാണ ചാതുരി ആസ്വദിക്കാൻ തീരുമാനിച്ചു.

രാമേശ്വരം ക്ഷേത്രത്തിനുള്ളിലെ തീർത്ഥ കിണറുകളിലെ ജലത്തിൽ സ്നാനം നടത്താൻ കാത്തു നിൽക്കുന്നവർ. മൊത്തം 22 കിണറുകൾ ക്ഷേത്രത്തിനുള്ളിൽ ഉണ്ട്. വിവിധ കിണറുകളിൽ കുളിച്ചാൽ പാപങ്ങൾ കഴുകിക്കളയാം എന്നും, വിവിധ പുണ്യങ്ങൾ നേടാം എന്നും ഭക്ത ജനങ്ങൾ വിശ്വസിക്കുന്നു.

പാണ്ഡ്യ രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രത്തിലെ കൊത്തു പണികൾ കമനീയമാണ്. ശിവനാണ് പ്രധാന മൂർത്തി. ക്ഷേത്രത്തിനുള്ളിലെ ആൾത്താരയുടെ ചിത്രമാണ് കാണുന്നത്. ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ.

രാമേശ്വരം ക്ഷേത്രത്തിനു സമീപത്തുള്ള ഒരു ഹോട്ടലിൽ നിന്നും ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. സസ്യ ഭക്ഷണം വിളമ്പുന്ന ധാരാളം ഹോട്ടലുകൾ ക്ഷേത്രത്തിനു ചുറ്റുമായുണ്ട്‌. പൂരി, മസാല ദോശ, ഇഡലി തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഉതിർക്കുന്ന മണം ആമോദകരമാണ്.

ധനുഷ് കോടിയിൽ നിന്ന് മുനമ്പിലേക്ക്‌ പോകുന്നതിനു വാനുകൾ ആണ് ആശ്രയം. തുരുമ്പിച്ച വാനിൽ ആടിയും, കുലുങ്ങിയുമുള്ള യാത്ര രസകരമാണ്. വിശാലമായി പരന്നു കിടക്കുന്ന ഉറച്ച മണൽ പ്രദേശം കടന്നു വേണം ധനുഷ് കോടി മുനമ്പിലെത്താൻ.

ധനുഷ് കോടിയിൽ നിന്ന് രാമ സേതുവിന്റെ ദൃശ്യം കാണാം. കടൽ കടന്ന് ലങ്കയിൽ എത്തി സീതയെ രാവണനിൽ നിന്നും മോചിപ്പിക്കാൻ രാമൻ നിർമിച്ചതാണ് ഈ ചിറ എന്ന് ഐതീഹ്യം ഉണ്ട്. മറുകരയിൽ ശ്രീലങ്കയിലെ തലൈ മാന്നാർ പ്രദേശത്തിന്റെ ഭൂപ്രകൃതി അവ്യക്തമായി കാണാം.
ധനുഷ് കോടി മുനമ്പിലും, മണ്ഡപം തീരത്തും പ്രദേശവാസികൾ മീൻ വറുത്തു വിൽക്കുന്നുണ്ട്. ന്യായമായ വില മാത്രമേ ഇവർ വിനോദ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നുള്ളു.

1964-ലെ ചുഴലിക്കാറ്റു വീശിയതിന്റെ ശേഷിപ്പുകൾ. മണ്ഡപം ദീപിലെ തകർന്ന റെയിൽവേ സ്റ്റേഷൻ, പള്ളി എന്നിവ കാണാം. പവിഴപ്പുറ്റുകൾ പാകിയാണ് പള്ളിയുടെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഈ കല്ലുകൾ (Floating stones) വെള്ളത്തിൽ പൊങ്ങിക്കിടക്കും എന്നാണ് സമീപവാസികൾ പറഞ്ഞത്.
മണ്ഡപം തീരത്തെ ദൃശ്യങ്ങൾ. ചുഴലിക്കാറ്റിൽ തകർന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ ഉണ്ട്. വളരെ മനോഹരമായ തീരം ആണ് ഇവിടുള്ളത്‌. കടൽ ജലം പച്ച നിറത്തിലാണ് കാണപ്പെടുന്നത്.
മുൻ പ്രസിഡണ്ട്‌, ഡോ. A.P.J അബ്ദുൾ കലാമിന്റെ കുടുംബ വസതി രാമേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഒരു മ്യൂസിയം ഇവിടെ ഒരുക്കിയിട്ടുണ്ട്.
രാമേശ്വരത്ത് നിന്നും മധുരക്ക് തിരികെ വരുന്ന വഴിയാണ് പാമ്പൻ പാലത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റിയത്. 1914-ൽ നിർമ്മിച്ച പാമ്പൻ പാലം ഇന്ത്യയിലെ തന്നെ ആദ്യത്തെ കടൽപ്പാലം ആണ്. റെയിൽ-റോഡ്‌ പാലങ്ങൾ പ്രത്യേകമായുണ്ട്. 2 കിലോമീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
മീനാക്ഷി ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം. കടപ്പാട്: വിക്കിപീഡിയ
മീനാക്ഷി ക്ഷേത്രത്തിനുള്ളിലെ ആയിരം കൽ മണ്ഡപത്തിൽ.
മധുര മീനാക്ഷി ക്ഷേത്ര ദർശനത്തോടെ ഞങ്ങൾ യാത്ര അവസാനിപ്പിച്ചു. പാർവതി ദേവിആണ് പ്രധാന മൂർത്തി. പാർവതി ദേവി ആണ് മീനാക്ഷി എന്ന് ഇവിടെ അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ കൂറ്റൻ കൽ തൂണുകളും, ആൾ താരകളിലെ വർണ ശബളമായ ചുമർ ചിത്രങ്ങളും വിസ്മയിപ്പിക്കും.


കുറിപ്പ്: എറണാകുളത്തു നിന്നും രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. മധ്യ കേരളത്തിൽ നിന്നുള്ളവർക്ക് നേരിട്ട് രാമേശ്വരം പോകാൻ ഈ ട്രെയിൻ ഉപയോഗപ്പെടുത്താം.

Friday, August 21, 2015

നിളാ യാത്ര

ത്രിശൂർ ജില്ലയിലുള്ള ഉത്രാളിക്കാവിൽ. മൂന്ന് ദേശക്കാർ ചേർന്ന് നടത്തുന്ന ഇവിടുത്തെ പൂരം പ്രസിദ്ധമാണ്. Shri Rudhiramahakalikav (ശ്രീ രുധിരമഹാകാളികാവ്) temple situated at Wadackanchery in Thalappilly taluk of Thrissur district in Kerala, South India. The temple is famed for its Pooram festival held during February / March every year.

ചങ്ങാലിക്കോടൻ വാഴപ്പഴം. മുള്ളൂർക്കരയിൽ എത്തിയപ്പോൾ ഒരു കടയിൽ കണ്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിലുള്‍പ്പെടെ കാഴ്‌ചക്കുലയായി സമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നത്‌ ചങ്ങാലിക്കോടന്‍ വാഴക്കുലയാണ്‌. ഈ ഇനത്തിന് ഭൗമ സൂചിക (Geographical Indicator) കിട്ടി.

Brunch at Hotel Shalimar, Cheruthuruthy (ചെറുതുരുത്തി). Spicy mutton biriyani, dried grapes and cashew nuts with ghee fragrance as toppings.

Old meter gage railway bridge near old Kochi bridge, Shoranur.

തൃത്താല ശിവ ക്ഷേത്രം (Thrithala Temple)

Velliyankallu (വെള്ളിയാങ്കല്ല്) regulator cum bridge at Thrithala. Inaugurated in 2007 by VS Achuthanandan, then Chiefminister of Kerala.

Boating across Nila (നിള) river. കൂട്ടക്കടവിൽ നിന്ന് അക്കരക്ക്. തൂതപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന്ന ഭാഗമാണ് കൂട്ടക്കടവ്. തൂതപ്പുഴയിലെ ചൂടു വെള്ളവും ഭാരതപ്പുഴയിലെ തണുത്ത വെള്ളവും ഇവിടെ കൂടി ചേരുന്നു.

Kudallur (കുടല്ലൂർ ) banks of Nila (നിള) river. Native place of Sri. M.T. Vasudevan Nair, doyen of Malayalam literature.

നീരാടുവാൻ നിളയിൽ നീരാടുവാൻ. Bath in Nila river.

കേരളത്തിലെ ഏക പാക്കനാർ (പറയി പെറ്റ പന്തിരുകുലം) ക്ഷേത്രം. ഈ കുലത്തിലെ രണ്ടാമനായ പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.

മേഴത്തോൾ അഗ്നിഹോത്രിയുടെ മന. പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യ സന്തതിയാണ്‌ മേഴത്തോൾ അഗ്നിഹോത്രി(മേഴത്തോൾ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്‌, മേളത്തോൾ അഗ്നിഹോത്രി). പൂർവ്വികരുടെ മനയും പിൻമുറക്കാരുടെ വീടും കാണാം.

തൃത്താലയിൽ നിന്ന് മലമേൽക്കാവ് വഴി കുറ്റിപ്പുറത്തേക്ക് അടിയും കുലുങ്ങിയും ആന വണ്ടിയിൽ യാത്ര ചെയ്യുന്നു. Malamakkavu Ayyappa Temple located in Anakkara Panchayath in Palakkad district of Kerala. A special flower called "Chengazhinir Poovu" which is traditionally used as offering to deity is found and grown only in the temple pond.

Breakfast from Vrindavan hotel, Kuttippuram.

A big lotus field near Thirunavaya temple at Edakkulam owned by two Muslim brothers. From here lotus flowers make available to prominent temples in Kerala like Guruvayur temple.

വള്ളത്തിലും വെള്ളത്തിലും. ഭാരതപ്പുഴ സ്കൂൾ കടവിൽ. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ സമീപത്താണ് ഈ കടവ് സ്ഥിതി ചെയ്യുന്നത്. 

School kadavu of Nila river. Location of many famous movies. Example is Kadavu (കടവ്) M.T. Vasudevan Nair. Popular movie script writer Dr. Ekbal Kutippuram house located on the bank.

Our two days Valluvandan ( വള്ളുവനാടൻ) tour winded up with vegetable lunch at Shalimar hotel, Cheruthurthy. The lunch include ten curries and payasam. We got train from Shornur station to return home.

Thursday, August 20, 2015

ചുംബിച്ച ചുണ്ടുകൾക്ക് വിട

വീണ്ടും കാണുക എന്നോന്നുണ്ടാവില്ല.
നീ മരിച്ചതായി ഞാനും, 
ഞാൻ മരിച്ചതായി നീയും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.
(ലോല: പി. പത്മരാജൻ)

Thursday, August 13, 2015

സമാധാനം

പീരങ്കികളിൽ മുല്ലവള്ളി പടരുന്ന ദിവസം
തോക്കുകൾ വെള്ളരിവള്ളിക്കു താങ്ങാകുന്ന ദിവസം
അപ്പോൾ കൃഷ്ണമണികളിൽ നിന്നു മഴ പെയ്യും
കൈകളിൽ തൂവൽ മുളയ്ക്കും ; മേഘങ്ങൾ മാലാഖകളാകും
അതിർത്തികൾ ഇല്ലാതാകും
വെടിമരുന്നറകളിൽ ചെമ്പകപ്പൂമണം നിറയും ...

ച്ചിദാനന്ദൻ

Thursday, June 25, 2015

ചാതുർവർണ്യം

ആലപ്പുഴ ടൌണിൽ നിന്ന് KSRTC യുടെ പുതിയ ഇളം പച്ച നിറത്തിലുള്ള ലോ ഫ്ലോർ ബസ്സിൽ കയറി. ബസ്സിൽ യാത്രക്കാർ തീരെ കുറവ്. തൊട്ടടുത്ത സ്റ്റോപ്പിൽ നിന്ന് മധ്യവയസ്കയായ ഒരു സ്ത്രീ മീൻ വിൽപ്പന കഴിഞ്ഞ ശേഷം ഒഴിഞ്ഞ ചരുവവുമായി ബസ്സിൽ കയറി. വനിതാ കണ്ടക്ടർ ടിക്കറ്റ്‌ കൊടുക്കാൻ തുനിഞ്ഞതും ഡ്രൈവർ വിളിച്ചു പറഞ്ഞു അവരെ ഇറക്കി വിടാൻ. കണ്ടക്ടർ സ്ത്രീയോട്  ബസ്സിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. മീൻ വില്പനക്കാരി പറഞ്ഞു "മീൻ കച്ചവടം കഴിഞ്ഞു, ചരുവമൊക്കെ വൃത്തിയായി കഴുകിയതാണ്, നാറ്റം ഉണ്ടാവില്ല". കണ്ടക്ടർ സമ്മതിച്ചില്ല. അവർ ബസ്സിൽ നിന്ന് സങ്കടത്തോടെ ഇറങ്ങി കൊടുത്തു. വെളിയിൽ ഇറങ്ങിയ ശേഷം അവർ എല്ലാവരും കേൾക്കെ രോഷത്തോടെ വിളിച്ചു പറഞ്ഞു, "ഇതെന്താ നമ്പൂരിമാരുടെ ബസ്സ്‌ ആണോ, ഇവിടെ ചാതുർവർണ്യം ഉണ്ടോ".

ഈ സംഭവത്തിൽ ആരാണ് തെറ്റുകാരൻ? മീൻ ചരുവവുമായി കയറിയ സ്ത്രീയോ, ബസ്സിൽ നിന്ന് ഇറക്കി വിടാൻ ആവശ്യപ്പെട്ട ബസ്‌ ഡ്രൈവറോ, അതോ സ്ത്രീയെ ഇറക്കി വിട്ട വനിതാ കണ്ടക്ടറോ?

Wednesday, June 3, 2015

കടുത്ത ഈശ്വര വിശ്വാസികളുടെ പ്രധാന ലക്ഷണങ്ങൾ

ആത്മീയ ശൈശവാവസ്ഥയിലുള്ള ഈശ്വര വിശ്വാസികളുടെ പ്രധാന പ്രത്യേകതകൾ:

Image courtesy: Freedom from Religion Foundation
1. എനിക്ക് നല്ലത് വരുത്തണേ, എനിക്ക് മാത്രം നല്ലത് വരുത്തണേ എന്ന രീതിയിലുള്ള പ്രാർത്ഥന.
2. ദൈവം എല്ലാം ക്ഷമിക്കും എന്നത് കൊണ്ട് കൂടുതൽ പാപങ്ങൾ ചെയ്തു കൂട്ടുന്നു.
3. മരണ ശേഷം താൻ ഒഴികെ ബാക്കിയെല്ലാവരും നരകത്തിൽ പോകുമെന്നുള്ള ദൃഡവിശ്വാസം.
4. സ്വന്തം വിശ്വാസം തകരുമോ എന്ന പേടി കാരണം മറ്റുള്ളവരെയും വിശ്വാസികൾ ആക്കാൻ പരമാവധി ശ്രമിക്കും.
5. പൂജിച്ച പേന, ചരട്, എണ്ണ, നെയ്യ്, പഞ്ചസാര, ശർക്കര, കൽക്കണ്ടം, എന്നിവയുടെ അമിത ഉപയോഗം.
6. നല്ല അനുഭവങ്ങളെ ഭഗവാന്റെ അനുഗ്രഹമായി പുകഴ്ത്തും. മോശം അനുഭവങ്ങൾ വന്നാൽ ദൈവത്തിനു യാതൊരു പങ്കുമില്ല എന്ന മട്ടിൽ മിണ്ടാതിരിക്കും.

Sunday, May 24, 2015

രക്ഷാകര്‍തൃ നിയമ ഭേദഗതി 2015 (Guardians and Wards (Amendment) Bill)

ദേശീയ നിയമ സമിതി (National Law Commission) നിലവിലുള്ള  രക്ഷാകര്‍തൃ നിയമം (Guardians and Wards Act, 1890) ഭേദഗതി ചെയ്യാൻ ശ്രീ. അജിത് പ്രകാശ് ഷാ അധ്യക്ഷനായുള്ള കമ്മിറ്റി 2014ൽ രൂപീകരിച്ചു. മെയ്‌ 2015ൽ ഭേദഗതി ബില്ലിന്റെ കരടു രൂപം സർക്കാരിനു സമർപ്പിച്ചു.

പശ്ചാത്തലം
സംയുക്ത രക്ഷാകര്‍തൃത്വം ആണ് ഈ ഭേദഗതിയിലെ പ്രധാന പ്രത്യേകത. സംയുക്ത രക്ഷാകര്‍തൃത്വം സ്ഥാപിച്ചു കിട്ടാൻ ഇന്ത്യൻ നിയമത്തിൽ നിലവിൽ വകുപ്പുകൾ ഇല്ലായിരിന്നു.
Image courtesy: The Hindu daily
വിവാഹ മോചനം നടക്കുമ്പോൾ കുട്ടികളെ സ്വാഭാവികമായും മാതാവിന്റെ സംരക്ഷണയിൽ വിട്ടുകൊടുക്കുകയും, കുട്ടികൾക്ക് പിതാവിന്റെ സാമീപ്യം നഷ്ടമാവുകയും ചെയ്യും. പിതാവിന് കുട്ടിയെ സന്ദർശിക്കാൻ (Visitation Rights) മാത്രമാണ് കോടതി അനുവദിക്കുക. പിതാവിന്റെ വാത്സല്യവും, സ്നേഹവും അനുഭവിക്കാൻ കുട്ടികൾക്ക് അവസരം കിട്ടുന്നില്ല. കുട്ടികളെ വളർത്തുന്നതിൽ തീരുമാനം എടുക്കാനും, പങ്കാളിയാകാനും അവസരം നിഷേധിക്കുന്നു. 

 
പ്രമുഖ ക്രിക്കറ്റർ അനിൽ കുംബ്ലെയുടെ രണ്ടാമത്തെ ഭാര്യയും മുൻ ഭർത്താവും വിവാഹ മോചനത്തിന് ശേഷമുള്ള സുപ്രീം കോടതിയിലെ കേസ് (Kumar V. Jahgirdar vs Chethana Ramatheertha) ആണ് സംയുക്ത രക്ഷാകര്‍തൃത്വം ഇന്ത്യൻ നിയമത്തിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അനിൽ കുംബ്ലെയുമായി കറങ്ങി നടക്കുന്നത് കൊണ്ട് മാതാവിന് പെണ്‍കുട്ടിയെ പിതാവിനെ കാണിക്കാൻ സാധിക്കാതെ വന്നു. പിതാവ് സംയുക്ത രക്ഷാകര്‍തൃത്വം അനുവദിച്ചു കിട്ടുന്നതിനായി പരമോന്നത കോടതിയെ സമീപിക്കുകയും ചെയ്തു. ആഴ്ച അവസാനങ്ങളിലും, അവധിക്കാലത്തും പിതാവിനൊപ്പം കുട്ടിക്ക് കഴിയാൻ കോടതി അനുവദിച്ചു. കുട്ടിയുടെ എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാൻ മാതാവിനൊപ്പം തന്നെ പിതാവിനെയും അനുവദിച്ചു.

നിരവധി സർക്കാർ ഇതര സംഘടനകളുടെയും, കുട്ടികളുമായി വേർപിരിയേണ്ടി വന്ന പിതാക്കൻമാരുടെയും അഭ്യർഥനയെ മാനിച്ചാണ് സർക്കാർ സ്വമേധയാ തന്നെ ഈ ഭേദഗതിക്കു തുടക്കമിട്ടത്. മാറിയ സാമൂഹിക-കുടുംബ അന്തരീക്ഷത്തിൽ സംയുക്ത രക്ഷാകര്‍തൃത്വം അത്യന്താപേക്ഷിതം ആണെന്ന് കമ്മിറ്റി നിരീക്ഷിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ സ്ത്രീകളും തിരക്കുള്ളവരാണ്. സമയം കുറവുള്ള മാതാവിന് കുട്ടികളെ നോക്കാൻ സാധിക്കാതെ വരുന്ന അവസരത്തിൽ സംയുക്ത മേൽനോട്ടം കുട്ടികളുടെ വളർച്ചക്ക് ഗുണം ചെയ്യും. 

എന്താണ് സംയുക്ത രക്ഷാകര്‍തൃത്വം
മാതാവിനും, പിതാവിനും കുട്ടിയുടെ വളർച്ചക്കും, പരിരക്ഷക്കും ഒരേ പോലെ ഉത്തരവാദിത്വം നൽകുന്നു. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഇരുവർക്കും ഒരു പോലെ അധികാരം ഉണ്ടാവും. മാതാപിതാക്കൾ പിരിഞ്ഞതിനു ശേഷം കുട്ടിയുടെ താമസം ഏതെങ്കിലും ഒരു രക്ഷിതാവിന്റെ കൂടെ ആണെങ്കിൽ പോലും രണ്ടു പേർക്കും തീരുമാനങ്ങൾ എടുക്കുന്നതിൽ തുല്യ അധികാരം ഉണ്ടാവും. ഏതെങ്കിലും ഒരു രക്ഷിതാവിനു കൂടുതൽ പ്രാമുഖ്യം ഉണ്ടാവില്ല എന്നർത്ഥം. മാതാപിതാക്കൾ പിരിഞ്ഞ കുട്ടികളുടെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മാർഗമായാണ് നിയമ സംവിധാനങ്ങൾ സംയുക്ത രക്ഷാകര്‍തൃത്വത്തെ കാണുന്നത്. കുട്ടികളുടെ ശരിയായ മാനസിക-വൈകാരിക വളർച്ചയാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഭേദഗതിയിലെ പ്രധാന പരാമർശങ്ങൾ 
രക്ഷാകര്‍തൃ നിയമ ഭേദഗതി ബിൽ 2015 ന്റെ (Guardians and Wards (Amendment) Bill) മറ്റു പ്രസക്ത ഭാഗങ്ങൾ താഴെ പറയുന്നവ ആണ്:

മാതാപിതാക്കൾ പിരിഞ്ഞാലും കുട്ടിക്ക് രണ്ടു പേരുടെയും സംരക്ഷണം ശരിയായ വിധം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

കുട്ടികളുടെ സംരക്ഷണ ചെലവ് മാതാപിതാക്കൾ തുല്യമായി വഹിക്കണം. ഇത് 25 വയസ്സ് വരെ തുടരണം. 

കുട്ടികളുടെ ആരോഗ്യ-വിദ്യാഭ്യാസ വിവരങ്ങളും, രേഖകളും പിതാവിനും മാതാവിനും ഒരേ പോലെ അറിയാനുള്ള അവകാശം. 

അപ്പൂപ്പൻ, അമ്മൂമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ തുടങ്ങിയവരെ കാണാനുള്ള അവസരം. ബന്ധുക്കൾക്ക് കുട്ടിയെ സ്ഥിരമായി സന്ദർശിക്കുന്നതിന് കോടതിയെ സമീപിക്കാം. കുട്ടികളുടെ ക്ഷേമത്തിന് ഇതാവശ്യമാണ്. 

ഒരു രക്ഷിതാവ് മറ്റു രക്ഷിതാവിനു കുട്ടിയെ കാണാൻ അസൌകര്യം ഉണ്ടാക്കും വിധം സ്ഥലം മാറാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 30 ദിവസത്തിന് മുൻപ് തന്നെ നോട്ടീസ് കൊടുക്കേണ്ടതാണ്. ദുരുദ്ദേശ പരമായി ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ രക്ഷിതാവിനു കോടതിയെ സമീപിക്കാവുന്നതാണ്. ഈ സ്ഥലം മാറ്റം കുട്ടിയുടെ ക്ഷേമത്തിന് വിരുദ്ധമാണെങ്കിൽ കോടതിക്ക് ഇടപെടാവുന്നതാണ്. കുട്ടിക്ക് രക്ഷിതാവിനെ കാണുന്നതിനു ഭംഗം വരുത്താൻ പാടില്ല. 

മാതാപിതാക്കൾ കുട്ടിയെ സംബന്ധിച്ച് പരസ്പരം അറിഞ്ഞിരിക്കേണ്ട/ അറിയിച്ചിരിക്കേണ്ട കാര്യങ്ങൾ: സ്കൂൾ, ക്ലാസ്സ്‌, പഠന വിഷയങ്ങൾ, വിനോദ യാത്രകൾ, കുട്ടിയെ ദൂര സ്ഥലത്ത് അവധിക്കു കൊണ്ട് പോകുന്നുവെങ്കിൽ ആ വിവരം. ഇത്തരം കാര്യങ്ങൾ കൃത്യമായി കുട്ടിയെ സംരക്ഷിക്കുന്നയാൾ മറ്റു രക്ഷിതാവിനെ അറിയിക്കേണ്ടതാണ്. 

രക്ഷിതാവ് കുട്ടിയുടെ ക്ഷേമത്തിന് വിരുദ്ധമായി പെരുമാറുന്ന പക്ഷം കോടതിക്ക് ഇടപെടാവുന്നതാണ്. രക്ഷാകര്‍തൃത്വം പുനർനിർണ്ണയിക്കുകയും ചെയ്യാം.

ഉപസംഹാരം
മാതാപിതാക്കളുടെ സൌകര്യത്തിനുപരി കുട്ടികളുടെ ക്ഷേമം ആണ് ഈ ഭേദഗതിയുടെ പരമമായ ലക്‌ഷ്യം. പിരിഞ്ഞ മാതാപിതാക്കളുടെ പിടിവാശിയും , വിദ്വേഷവും കുട്ടികളെ ബാധിക്കാൻ പാടില്ല എന്ന് ഈ ഭേദഗതി വിവക്ഷിക്കുന്നു. 

റഫറൻസ്


Ajit Prakash Shah. (2015). Reforms in Guardianship and (No. 257) (p. 85). New Delhi: National Law Commission, India. Retrieved from http://lawcommissionofindia.nic.in/reports/ReportNo.257 Custody Laws.pdf

Gangadhar S Patil. (2014, October 30). Law commission to suggest amendment to Guardians and Wards Act. Economic Times. New Delhi. Retrieved from http://articles.economictimes.indiatimes.com/2014-10-30/news/55595418_1_shared-parenting-child-custody-joint-custody

J. Venkatesan. (2009, July 28). Court asks Kumble’s wife to negotiate with former husband on daughter’s custody. The Hindu. Retrieved from http://www.thehindu.com/todays-paper/tp-national/court-asks-kumbles-wife-to-negotiate-with-former-husband-on-daughters-custody/article240476.ece

ND TV. (2015, May 23). Law Panel For Joint Custody of Child in Divorce Cases. Retrieved May 24, 2015, from http://www.ndtv.com/india-news/law-panel-for-joint-custody-of-child-in-divorce-cases-765376

Supreme Court of India. Kumar V. Jahgirdar vs Chethana Ramatheertha on 29 January, 2004 (Supreme Court of India). Retrieved from http://indiankanoon.org/doc/1388050/